പട്ടുവത്തെ 16 കർഷകർ ചേർന്നു തുടങ്ങിയ പുരുഷ സ്വയം സഹായ സംഘം കമ്പനിയായി മാറിയതും ജനപ്രീതി നേടിയ മൂല്യവർധിത ഉൽപന്നങ്ങളിലേക്കു വളർന്നതും കുറഞ്ഞ കാലംകൊണ്ടാണ്. പച്ചക്കറിക്കൃഷിയിലായിരുന്നു സംഘത്തിന്റെ തുടക്കം. 2020ൽ കോവിഡ് കാലത്താണ് കരിമ്പിന്റെ മൂല്യവർധനയെക്കുറിച്ചു കേൾക്കുന്നത്. കോയമ്പത്തൂരിലെ ഐസിഎആർ ഷുഗർകെയ്ൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനുബന്ധ സ്ഥാപനമായി കണ്ണൂരിലുള്ള കരിമ്പു ഗവേഷണകേന്ദ്രം നൽകിയ പരിശീലനമാണ് വഴിത്തിരിവായത്.
കരിമ്പിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാനുള്ള സാങ്കേതികവിദ്യയും ആവശ്യമായ പരിശീലനവും തുടർപിന്തുണയും ഗവേഷണകേന്ദ്രത്തിൽനിന്നു ലഭിച്ചു. രാസഘടകങ്ങളൊന്നും ചേരാത്ത പ്രകൃതിദത്ത കരിമ്പു സിറപ്പ്, കരിമ്പു പൗഡർ എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകളാണ് ഗവേഷണകേന്ദ്രം കൈമാറിയത്. സംരക്ഷകങ്ങളൊന്നും ചേർക്കാതെ 8 മാസം ഇവ സൂക്ഷിച്ചു വയ്ക്കാം. പട്ടുവത്ത് തയാറാക്കിയ, 1000 ചതുരശ്രയടി വിസ്തൃതിയുള്ള യൂണിറ്റിലാണ് ഉൽപന്ന നിർമാണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചു പ്രവർത്തിക്കുന്ന യന്ത്രവൽകൃത യൂണിറ്റാണിത്.
കണ്ണൂരിൽ മുൻകാലത്ത് കരിമ്പുകൃഷി വ്യാപകമായിരുന്നെങ്കിലും ഇന്ന് പേരിനു മാത്രമേയുള്ളൂ. അതിനാൽ ആവശ്യമായ കരിമ്പ് മറ്റു പ്രദേശങ്ങളിൽ നിന്നു വാങ്ങുകയാണ്. ഭാവിയിൽ സ്വന്തം കരിമ്പ് ഉപയോഗിക്കാൻ ലക്ഷ്യമിട്ട് കൃഷി തുടങ്ങിയിട്ടുണ്ട് ഈ കർഷക കൂട്ടായ്മ.
പപ്പുവയിൽനിന്നെത്തിയ അതിഥി
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ പപ്പുവ ന്യൂഗിനിയെയാണ് കരിമ്പിന്റെ സ്വദേശമായി കരുതുന്നത്. കമ്പനി സ്വന്തം ബാൻഡിന് പപുവാൻ എന്നു പേരിട്ടത് ഇതു കണക്കിലെടുത്താണ്. രാജ്യാന്തരവിപണിയിൽ ശ്രദ്ധ നേടാൻ ഇതുപകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏതായാലും രുചിച്ചവരിൽ നിന്നെല്ലാം പാപുവാന് തുടരന്വേഷണങ്ങൾ ലഭിക്കുന്നത് ആരോഗ്യമേന്മകളുള്ള ഉൽപന്നങ്ങൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണവും അതിന് അനുസൃതമായി വെൽനസ് വിപണിയും വളരുന്നതിന്റെ സൂചനയാണെന്നു വേണുഗോപാലൻ പറയുന്നു. കുഞ്ഞുങ്ങൾക്കുള്ള മധുരവിഭവങ്ങൾ തയാറാക്കാനായി സിറപ്പ് വാങ്ങുന്നവരാണ് ഉപഭോക്താക്കളിലേറെയും എന്ന സവിശേഷതയുമുണ്ട്.
മധുരം ചേർക്കേണ്ട ഏതു വിഭവത്തിലും പപുവാൻ സിറപ്പ് ഉപയോഗിക്കാം. സ്ക്വാഷായോ ബ്രഡ്ഡ് ആയോ ഒക്കെ കഴിക്കുകയും ചെയ്യാം. ശുദ്ധമായ കരിമ്പുനീരിനൊപ്പം നാരങ്ങാനീരു മാത്രമാണ് ചേർത്തിട്ടുള്ളത്. കരിമ്പുനീരിനെ പൊടിയാക്കിയും ക്രിസ്റ്റൽ പരുവത്തിലേക്കു മാറ്റിയും പഞ്ചസാരയ്ക്ക് ബദൽ ഉൽപന്നവും ഇവർ വിപണിയിലിറക്കുന്നുണ്ട്.
ഫോൺ: 8547004360