അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ "നാട്ടുമാമ്പാത" പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. നാട്ടുമാമ്പാത പദ്ധതിയിലേക്കുള്ള നാട്ടുമാവിൻ വിത്തുകൾ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് ഫാം സൂപ്രണ്ട് രമ്യ ബായി വിത്തുകൾ സ്വീകരിച്ചു.
നീലപ്പറങ്കി,പുളിയൻ പറങ്കി കുറുക്കൻ മാങ്ങ, ഗോമാങ്ങ, ചുനിയൻ തുടങ്ങി ഏഴോളം നാട്ടുമാവിൻ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകളാണ് കൈമാറിയത്. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നടുവണ്ണൂർ പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
സമാനമായ പദ്ധതികൾ വിവിധ പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പിലാക്കി വരുന്നുണ്ട്. കുറ്റ്യാടി പ്രദേശത്തു നിന്നും ശേഖരിച്ച നാട്ടുമാവിൻ വിത്തുകളാണ് കൈമാറിയത്. ഇവ ആദ്യം പാകി മുളപ്പിച്ച് പിന്നീട് സഞ്ചികളിലേക്ക് മാറ്റും.
ഈ പ്രക്രിയക്ക് രണ്ടു മാസത്തോളം സമയം വേണ്ടിവരുമെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ വടയക്കണ്ടി നാരായണൻ, ചങ്ങരോത്ത് പഞ്ചായത്ത് അംഗം സെഡ് എ സൽമാൻ തുടങ്ങിയവർ സംബന്ധിച്ചു.