നട്ട് ഒന്നരക്കൊല്ലം പിന്നിട്ടപ്പോൾത്തന്നെ നിറയെ കായ്ച്ചു കിടക്കുന്ന ഒട്ടേറെ പഴവർഗച്ചെടികൾ...! അബിയു മുതൽ സാന്തോൾവരെ, റംബുട്ടാൻ മുതൽ ലോങ്ങൻവരെ, മക്കോട്ടദേവ പഴം മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ, കാട്ടൂർക്കോണം മാവു മുതൽ ഡങ് സൂര്യ പ്ലാവുവരെ. പഴങ്ങൾ മാത്രമല്ല, 2 വർഷമായി വീട്ടാവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും സ്വന്തം പുരയിടത്തിൽ വിളയിക്കുന്നു കുര്യൻ വർഗീസും ഭാര്യ ഷേർളിയും. പച്ചക്കറി വാങ്ങിയിട്ട് കൊല്ലം രണ്ടായെന്ന് കുര്യൻ. എല്ലാറ്റിനും ഇരുവരും നന്ദി പറയുന്നത് കർഷകശ്രീക്കാണ്. കോവിഡ്കാലത്ത് ഗൾഫ് ജീവിതം വിട്ട് നാട്ടിലെത്തി വെറുതെ ഇരുന്നപ്പോൾ കൃഷിപ്പച്ചപ്പിന്റെ വിശാല ലോകം തുറന്നു തന്നത് കർഷകശ്രീ മാസികയെന്ന് കുര്യനും ഷേർളിയും.
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ– മൂവാറ്റുപുഴ റൂട്ടിൽ മണ്ണൂർ കുന്നക്കുരുടി നാരകത്ത് വീട്ടിൽ കുര്യൻ വർഗീസും കുടുംബവും ദീർഘകാലം ഗൾഫിലായിരുന്നു. കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ മൂന്നേക്കറോളം വരുന്ന പുരയിടത്തിൽ, നിലവിലുള്ള ജാതിക്കു പുറമേ പുതിയ വിളകളും ഉൾപ്പെടുത്തിയാലോ എന്നു ചിന്തിച്ചു. പഴവർഗച്ചെടികളോടായിരുന്നു ഇരുവർക്കും കമ്പം. കേരളത്തിനു യോജിച്ച വിദേശ പഴങ്ങൾ, കൃഷിരീതി എന്നിവ സംബന്ധിച്ച അറിവ് കർഷകശ്രീയിൽനിന്നു ലഭിച്ചു. ജൈവ കൃഷി മതിയെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു.
അറുപതോളം ജാതി കഴിഞ്ഞാൽ ബാക്കി പാഴ്മരങ്ങളും പടർപ്പുകളുമായിക്കിടന്ന ഭാഗമെല്ലാം കൃഷിയോഗ്യമാnghhggttuuക്കി. മണ്ണൂരിലെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച എക്സോട്ടിക് പഴവർഗച്ചെടികൾ കണ്ടെത്തി. ആദ്യം ഓരോ ഇനത്തിന്റെയും ഒന്നോ രണ്ടോ തൈകൾ നട്ടു പരീക്ഷിക്കാം എന്നു തീരുമാനിച്ചു. മുപ്പതിലേറെ പഴവർഗങ്ങൾ നട്ടു വളർത്തിയതിൽ നല്ല പങ്കും കുറഞ്ഞ കാലംകൊണ്ട് മികച്ച വിളവിലെത്തിയെന്നു കുര്യൻ. കൂട്ടത്തിൽ അബിയുവും ലോങ്ങനുമാണ് ഏറ്റവും സമൃദ്ധമായി ഫലം തരുന്നത്. വീട്ടാവശ്യത്തിനു മാത്രമല്ല, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം സ്നേഹ സമ്മാനമായി കൈമാറാൻ ആവശ്യത്തിനു പഴങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് കുര്യനും ഷേർളിയും.
കോവിഡ് കാലത്ത് കൃഷിഭവനിൽനിന്നു വിതരണം ചെയ്ത പച്ചക്കറികൾ ഗ്രോബാഗിൽ നട്ടുവളർത്തിയാണ് അടുക്കളത്തോട്ടത്തിനു തുടക്കം. ഇന്ന് മിക്ക പച്ചക്കറി ഇനങ്ങളും നാരകത്തു വീടിന്റെ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി വിളയുന്നു. വ്ലാത്താങ്കരച്ചീരയും വള്ളിച്ചീരയും പൊന്നാങ്കണ്ണിച്ചീരയും പോലെ ഒട്ടേറെ നാടൻ ഇനങ്ങൾക്കും ഔഷധച്ചെടികൾക്കും ഈ അടുക്കളത്തോട്ടത്തിൽ ഇടമുണ്ട്.
ശരാശരിക്കാരായിരുന്ന ജാതിമരങ്ങള്‍ കൃഷിയിടത്തിൽ കാര്യമായ ശ്രദ്ധയും കൃത്യമായ ജൈവവളപ്രയോഗവും എത്തിയതോടെ മിടുക്കരായി. ജാതിക്കായ്ക്ക് മികച്ച വിലയുള്ളതിനാൽ അതിൽനിന്നു നല്ല വരുമാനവും വന്നു തുടങ്ങി. പ്രവാസശേഷം കൃഷിയില്‍ 2 വർഷം പിന്നിട്ടപ്പോൾത്തന്നെ മികച്ച ജൈവ കർഷകനുള്ള കൃഷിഭവന്റെ അംഗീകാരവും കുര്യൻ വർഗീസിനെ തേടിയെത്തി.
പരീക്ഷിക്കാം മത്സ്യക്കഷായം
വിളകളുടെ മികച്ച വളർച്ചയ്ക്കും ഉൽപാദനത്തിനും പ്രതിരോധശേഷിക്കും കാരണം മത്സ്യക്കഷായമെന്നു കുര്യൻ. ഒരു കുട്ട ചാണകം, 2 കിലോ വീതം കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, 2 കിലോ മത്സ്യാവശിഷ്ടം, ഒരു കിലോ ശർക്കര, ഡ്രം നിറയും വരെ കഞ്ഞിവെള്ളം എന്നിവ 20 കിലോ ഡ്രമ്മിൽ നിറച്ച് അടച്ചു വയ്ക്കുക. ആഴ്ചയിൽ ഒരു തവണ ഡ്രം തുറന്ന് ഇളക്കുക. 20 ദിവസം കഴിയുമ്പോൾ തുറന്ന് നന്നായി ഇളക്കിയ ശേഷം 5 ലീറ്റർ വെള്ളത്തിന് ഒരു ലീറ്റർ എന്ന തോതിൽ നേർപ്പിച്ച് എല്ലാ വിളകൾക്കും ചുവട്ടിൽ നിന്ന് അൽപം മാറ്റി ഒഴിച്ചു നൽകാമെന്നു കുര്യൻ. മാസത്തിൽ ഒരു തവണ ഈ രീതിയിൽ വളം നൽകാം.
പഴം–പച്ചക്കറികള്‍ക്കു ശല്യമായ വെള്ളീച്ചകളെയും മീലിമൂട്ടയെയും ചെറുക്കാൻ ഷേർളിയുടെ പൊടിക്കൈ കൂടി അറിയാം. ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ച് ഈ മിശ്രിതം ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക. ഏറെ ഫലപ്രദമെന്നു ഷേർളി.
ഫോൺ: 8590245269