വെള്ളരിവർഗവിളകൾ,ഏതാണ്ട് എല്ലാം തന്നെ (സുക്കിനി പോലെയുള്ളവ ഒഴികെ ) പടർന്ന് വളരുന്നവയാണ്.
നല്ല രീതിയിൽ സൂര്യപ്രകാശം ഓരോ ഇലകളിലും വീഴത്തക്ക രീതിയിൽ ഒരു വള്ളിയ്ക്ക് മുകളിൽ മറ്റൊന്ന് പടർന്ന് കയറാത്ത രീതിയിൽ ഇവയെ പടർത്തി വിടണം.
ആ ഇലകളിൽ വീഴുന്ന സൂര്യപ്രകാശത്തിന്റെയും മണ്ണിൽ കൊടുക്കുന്ന വെള്ളത്തിന്റെയും വളത്തിന്റെയും പരിചരണമുറകളുടെയും ആകെത്തുകയാണ് അതിന്റെ വിളവ്.
പാവൽ (കയ്പ )കൃഷിയിൽ പൊതുവേ തട്ട് പന്തൽ (horizontal )ഏരിപ്പന്തൽ (Vertical ), കൂരപ്പന്തൽ (ചിത്രത്തിൽ കാണുന്നത് ) എന്നിങ്ങനെ പല രീതിയിൽ പടർത്തികാണാറുണ്ട്.
ഓരോന്നിനും അതിന്റെതായ ഗുണ ദോഷങ്ങൾ ഉണ്ട്.
എങ്കിലും പൊതുവിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും.
1. ഓരോ ഇലയ്ക്കും പരമാവധി സൂര്യപ്രകാശം കിട്ടുന്ന തരത്തിൽ ആയിരിക്കണം
2. ഒരു വള്ളി മറ്റൊരു വള്ളിയുടെ മുകളിൽ പടരാൻ അനുവദിക്കാതിരിക്കുകയാകും നല്ലത്. അങ്ങനെ വന്നാൽ ഇലകൾക്കിടയിൽ ഈർപ്പം തങ്ങി നിന്ന് അവിടെ ഫങ്കസ് രോഗത്തിന് സാധ്യത കൂടും. നീരൂറ്റികുടിക്കുന്ന പ്രാണികളുടെ ശല്യവും കൂടും.
3. പന്തലിനുള്ളിൽ നല്ല വായു സഞ്ചാരം ഉണ്ടാകണം. ഇല്ലെങ്കിൽ രോഗ കീടങ്ങൾ കൂടും.
4. വിളവെടുക്കാനുള്ള സൗകര്യവും നോക്കണം.
5. പന്തൽ ഇടാനുള്ള ചെലവും ഒരു ഘടകമാണ്.
ഇത്തരം കാര്യങ്ങളിൽ പ്രായോഗിക അനുഭവം കർഷകർക്കാണ് കൂടുതൽ. ആയതിനാൽ ഓരോ തരം പന്തലിനും ഉള്ള ഗുണ ദോഷങ്ങൾ ഇത് വായിക്കുന്ന കർഷകർ പോസ്റ്റ് ചെയ്താൽ ഞങ്ങളെ പോലെയുള്ളവർക്ക് അത് സഹായകമാകും.
മറ്റ് രീതികളിൽ ഉള്ള പന്തലുകൾ ചെയ്യാറുണ്ടെങ്കിൽ അതിനെക്കുറിച്ചും വിശദീകരിക്കാം.നല്ല ചിത്രങ്ങളും പോസ്റ്റ് ചെയ്യാം.
എന്നാൽ ചർച്ച ആരംഭിക്കട്ടെ...
ഇതിലെ ചിത്രങ്ങൾ ഒരിക്കൽ പാലക്കാട് ജില്ലയിലെ വടകരപ്പതിയിൽ പോയപ്പോൾ എടുത്തവയാണ്.
✍🏻 പ്രമോദ് മാധവൻ