നാടൻ മാവിനങ്ങൾ എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ഒരു സുഹൃത്ത് നാസിക് പസന്ദ് മാമ്പഴത്തെ കുറിച്ച് അതിന്റെ ഗുണങ്ങളും ദോഷങ്ങളും പങ്കുവെച്ചിരുന്നു. ആ കുറിപ്പിന് മറുപടിയുമായി വന്നിരിക്കുകയാണ് ആറ് വർഷമായി നാസിക് പസന്ദ് നാട്ടുവളർത്തുന്ന കർഷകൻ മുഹ്സിൻ പിടി. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്നും...
"നാസിക് പസന്ദ് മാങ്ങയെ കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും ഗ്രൂപ്പിൽ കണ്ടു.
എൻറെ വീട്ടിലെ നാസിക് പസന്ദ് ആറു വർഷമായിട്ട് നന്നായി കായ്ക്കുന്നുണ്ട്. നല്ല കായിഫലമുള്ള വൃക്ഷമാണ് നാസിക് പസന്ദ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി കായ്ക്കുകയും വളരുകയും ചെയ്യുന്നു. ചട്ടിയിലും ഡ്രമ്മിലും നിലത്തും നടാൻ പറ്റും. പുഴുക്കേട് ഇല്ല എന്ന് പറയുന്നില്ല. വിദേശ ഇനങ്ങൾ നമ്മുടെ ശ്രദ്ധയില്ലെങ്കിൽ ഒരുവിധ എല്ലാ വെറൈറ്റിയിലും പുഴുക്കേട് ഉണ്ടാകുന്നുണ്ട്.
എൻറെ ആറു വർഷത്തെ എക്സ്പീരിയൻസിൽ ഞാൻ പറയുന്നു, ശ്രദ്ധിക്കാത്ത സമയത്ത് നാസിക് പസന്ദ് മാങ്ങ പൂർണ്ണമായും പുഴുക്കേടായി കിട്ടിയിട്ടുണ്ട്. എന്നാൽ കായീച്ച കെണി വെക്കൽ കൊണ്ടും മാങ്ങക്ക് കവർ ഇടുന്നത് കൊണ്ടും തീരെ പുഴുക്കേടില്ലാതെ ഈ വർഷം നന്നായി കായ് ഫലം തരികയും ചെയ്തു.
മുറ്റത്ത് ഗാർഡനിൽ വെക്കാൻ പറ്റിയ ഇനമാണ്. കാരണം കാണാൻ നല്ല ഭംഗിയുള്ളതാണ് ഇതിൻറെ മരം. തട്ടുതട്ടുകൾ ആയിട്ടാണ് ഇതിൻറെ വളർച്ച.
എൻറെ വളപ്രയോഗം
സാധാരണ എല്ലാ ഫലവൃക്ഷങ്ങൾക്കും നൽകുന്നത് പോലെ നല്ല നാടൻ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ മിക്സ് ചെയ്തു കൊണ്ടാണ് വളം കൊടുക്കാറ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കാര്യമായി വൃക്ഷത്തിന് കേടുപാടുകൾ സംഭവിക്കുന്നില്ല. പൂവിടുന്ന സമയം നല്ല രീതിയിൽ തന്നെ പൂവിടുകയും ചെയ്യുന്നു.
കായീച്ച കെണി വെക്കേണ്ട സമയം
മാവ് പൂക്കാൻ തുടങ്ങുമ്പോൾ തന്നെ കായീച്ച കെണി വെക്കണം.
കവർ ചെയ്യേണ്ട സമയം
കണ്ണിമാങ്ങയിൽ നിന്ന് കുറച്ചു വലുതായ ശേഷം കവർ ഇട്ടു കൊടുക്കാം.
പഴുത്ത മാങ്ങ
നാസിക് പസന്തിന് അതിൻറെ ഞെട്ടിക്ക് പ്രത്യേക തരം ഒരു ആവരണമുണ്ട്. ഇതുകൊണ്ടുതന്നെ നല്ല കറയും ഉണ്ടാകും. പച്ചമാങ്ങക്ക് നല്ല പുളിരസമാണ്. ഇതിൻറെ തൊലി നല്ല കട്ടിയുള്ളതുമാണ്. പാകമായ മാങ്ങ ഒന്നുരണ്ട് ദിവസം എടുത്തുവെച്ച് കഴിച്ചാൽ നല്ല രസമാണ്. പഴുത്ത മാങ്ങ തൊലി കൂടാതെ നല്ല മധുരമാണ്. തൊലിയും കൂടെ കൂട്ടി കഴിക്കുന്നത് വേറൊരു രുചിയും ഇങ്ങനെയാണ് നാസിക് പസന്ദ് പഴുത്താൽ ഉള്ള അവസ്ഥ.
ഈ കാര്യങ്ങളൊക്കെ ഞാൻ ചെയ്തു പരീക്ഷിച്ചതാണ്."
എന്ന്
പി.ടി മുഹ്സിൻ രണ്ടത്താണി
കുറിപ്പിന് ആസ്പദമായ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്...
നാസിക് പസന്ത് മാമ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെ ദോഷങ്ങൾ എന്തൊക്കെ? വീട്ടിൽ നടേണ്ട ഒരു ഇനം തന്നെ ആണോ നാസിക് പസന്ത് മാമ്പഴം?
വളരെ സ്വാദിഷ്ട്ടമായ ഒരു മാമ്പഴം ആണ് നാസിക് പസന്ത്. പക്ഷേ ഒട്ടു മിക്കവരും ഈ മാവ് വീട്ടിൽ വയ്ക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അതിനു പ്രധാന കാരണം എന്ന് പറയുന്നത് പുഴു ശല്യം ആകുന്നു. മാങ്ങ പൂർണ്ണമായി വിളഞ്ഞു വരുന്ന സമയത്തു കായീച്ച ഈച്ച മുട്ട ഇടുന്നത് ആണ് കാരണം. ഈ സ്വാദിഷ്ടമായ മാമ്പഴം നമ്മുക്ക് എങ്ങനെ വീട്ടിൽ നിന്ന് പുഴു ശല്യം ഇല്ലാതെ വിളവെടുക്കാം. ആദ്യമായി നമ്മുക്ക് ഒരു കായീച്ച കെണി കെട്ടി കൊടുക്കാം. അത് ഗ്രീൻ വിക്ടറിയുടെ തന്നെ ആകട്ടെ. അതിൽ ഉള്ള മെഴുക് നാല് മാസത്തിൽ ഒരിക്കൽ മാറ്റി കൊടുത്താൽ വളരെ അതികം പ്രയോജനം കിട്ടും. അല്ലെങ്കിൽ വർഷത്തിൽ രണ്ടു പ്രാവശ്യം എങ്കിലും 100% മാറ്റിയിരിക്കണം. രണ്ടാമത്തെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നാസിക് പസന്ത് മാവ് നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു നടണം. അതായത് കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞു എടുക്കുക. അത്തരം സ്ഥലങ്ങളിൽ നട്ടാൽ വിളവ് കൂടം എന്ന് മാത്രമല്ല മാമ്പഴം മധുരം കൂടുകയും കായീച്ച ശല്യം കുറയുകയും ചെയ്യും. മൂന്നാമത്തെ കാര്യം ഈ മാമ്പഴം പൂർണ്ണ മൂപ്പ് എത്തണം എന്നില്ല. അതിനു മുന്നേ പറിച്ചു വച്ചാലും, മാമ്പഴം അതീവ സ്വാദോട് കൂടി പഴുത്തു കിട്ടും. ഈ മൂന്ന് മാർഗ്ഗവും ഒന്ന് ശ്രദ്ധിച്ചു നോക്കൂ... സ്ഥലം ഉള്ളവർ മാത്രം നാസിക് പസന്ത് മാവ് വച്ചു പിടിപ്പിക്കുക. അല്ലാത്തവർ മാവ് കുറുകി വളർത്തി മാമ്പഴം കവർ ചെയ്തു വളർത്തിയാലും നല്ല മാമ്പഴം ലഭിയ്ക്കും. ഡ്രമ്മിൽ നടാൻ ഏറ്റവും അനുയോജ്യമായ ഒരു ഇനം ആണ് ഈ മാവ്.