തെങ്ങ് ; നിത്യഗർഭിണി | Coconut tree


മറ്റ് കാർഷിക വിളകളെ പോലെയല്ല തെങ്ങ് എന്ന് കർഷകർ മനസ്സിലാക്കണം. മറ്റുള്ള വിളകൾ എല്ലാം തന്നെ വർഷത്തിൽ ഒരിക്കലോ രണ്ട് തവണയോ പൂക്കുന്നു, അത് പാകമാകുമ്പോൾ നമ്മൾ വിളവെടുക്കുന്നു. അപ്പോൾ വള പ്രയോഗവും ഏതാണ്ട് ആ പാറ്റേൺ പിന്തുടരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ വളങ്ങൾ.

എന്നാൽ തെങ്ങിൽ എല്ലാ മാസവും ഓലയും ഓലയുടെ കക്ഷത്ത് കൂമ്പും (പൂങ്കുലയും) ഉണ്ടാകുന്നു. ആ കൂമ്പ് വെളിയിൽ ദൃശ്യമായി, വിരിഞ്ഞ്, പരാഗണം നടന്ന് പല ഘടങ്ങളിലൂടെ 10-11 മാസങ്ങൾ കഴിയുമ്പോൾ മൂപ്പെത്തിയ തേങ്ങയായി വിളവെടുക്കുന്നു.

പക്ഷെ ആ കൂമ്പ് വെളിയിൽ കാണുന്നതിന് മുൻപ് അത്‌ തെങ്ങിന്റെ മണ്ടയിൽ രൂപം കൊണ്ടത് ഏകദേശം 30 മാസങ്ങൾക്ക് മുൻപായിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. അതിന്റെ primordium രൂപം കൊണ്ട സമയത്ത് മണ്ണിൽ ഉണ്ടായിരുന്ന 17 ഓളം മൂലകങ്ങളുടെയും ജീവജലത്തിന്റെയും ലഭ്യതയാണ് അതിൽ എത്ര വെള്ളയ്ക്ക (മച്ചിങ്ങ, പെൺപൂക്കൾ) ഉണ്ടാകണം എന്ന് തീരുമാനിച്ചത്.


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



നെടിയ തെങ്ങിനങ്ങളിൽ വർഷത്തിൽ പന്ത്രണ്ട് ഓലയും കൂമ്പും ഉണ്ടാകുമ്പോൾ നന്നായി പരിചരിക്കുന്ന കുള്ളൻ ഇനങ്ങളിൽ ഒരു വർഷം 13-15 വരെ ഓലകളും കൂമ്പും ഉണ്ടാകുന്നു.

അതായത് ഓരോ മാസവും തെങ്ങിന് ഗർഭകാലമാണ്. ഓരോ മാസവും തെങ്ങിന്റെ മണ്ടയുടെ ഉള്ളറകളിൽ, ഒരു കുരുത്തോലക്കവിളിൽ ഒരു പൂങ്കുല ഉരുവം കൊള്ളുന്നു. അതിന്റെ ശരിയായ വികാസത്തിന് ഉള്ള വെള്ളവും വളവും കരുതലും ഇല്ലെങ്കിൽ ആ പൂങ്കുല വന്ധ്യമോ വന്ധ്യസമാനമോ ആയി തീരുന്നു. നമ്മുടെ കയ്യിൽ പണമുള്ളപ്പോൾ കൊണ്ട് പോയി വളമിട്ടിട്ട് കാര്യമില്ല എന്നർത്ഥം.തെങ്ങിന്റെ ആവശ്യം അറിഞ്ഞ് വളം ചെയ്യണം.

മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ഒന്നാം മഴക്കാലത്തും രണ്ടാം മഴക്കാലത്തും വളങ്ങൾ കൊടുക്കാൻ ആണ് ശുപാർശ. മൊത്തം വളത്തിന്റെ മൂന്നിൽ ഒന്ന് ഏപ്രിൽ -മെയ്‌ മാസത്തിലും മൂന്നിൽ രണ്ട് ഭാഗം സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും കൊടുക്കാൻ ആണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

ഡിസംബർ മുതൽ മെയ്‌ മാസം വരെ നന കൊടുക്കുന്ന തോട്ടങ്ങളിൽ, തേങ്ങയുടെ ലഭ്യത അനുസരിച്ച് ഏതാണ്ട് ഇരട്ടി വളം കൊടുക്കാൻ ആണ് ശുപാർശ.


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here


എന്നാൽ ഡ്രിപ് ഇറിഗേഷൻ അനുവർത്തിക്കുന്ന തോട്ടങ്ങളിൽ ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും വളങ്ങൾ കൊടുക്കാം. അതായത് വർഷത്തിൽ 24 തവണ വളം കൊടുക്കാം. വളത്തിന്റെ അളവിൽ മാറ്റമില്ല.മൊത്തം കൊടുക്കേണ്ട വളത്തെ ഇരുപത്തിനാല് തുല്യ തവണകൾ ആയി കൊടുക്കുന്നു എന്ന് മാത്രം. അതിന് വലിയ ജോലിക്കൂലി വരുന്നില്ല. വെള്ളത്തിനൊപ്പം Fertilizer Injector വഴി വളവും കൊടുക്കും.അത്ര തന്നെ.

അങ്ങനെ പരിപാലിക്കുന്ന തോട്ടങ്ങളിൽ 150-200തേങ്ങകൾ വരെ കിട്ടുന്നുണ്ട്, കൃഷ്ണപുരത്ത്, ചൊരിമണലിൽ.

തോട്ടവിളയായ തെങ്ങിനെ ശാസ്ത്രീയമായി പരിപാലിക്കുക. എല്ലാ മാസവും വേണ്ട കരുതൽ കൊടുക്കുക.

കുമ്മായം, ജൈവ വളങ്ങൾ, NPK വളങ്ങൾ, Magnesium, Sulphur,Boron എന്നിവയെല്ലാം കൃത്യമായി ഒന്ന് നൽകി നോക്കിക്കേ... വേനലിൽ നനയ്ക്കാൻ കഴിയുമെങ്കിൽ അതും കൂടി..

പിന്നെ കീട രോഗ നിയന്ത്രണം... അത് പിന്നീട് വിശദമായി പറയാം.

തെങ്ങിൽ നിന്നും തേങ്ങയുടെ കാമ്പ് മാത്രം ആഹരിച്ച്, ബാക്കിയെല്ലാം (ഓല, ചൂട്ട്, കൊതുമ്പ്, കര്ഞ്ഞിൽ, തൊണ്ട്, ചകിരി, ചിരട്ട എന്നിവ )തെങ്ങിന് തന്നെ തിരിച്ചു് നൽകിയാൽ വളരെ ക്രിട്ടിക്കൽ ആയ വളങ്ങൾ മാത്രം നൽകിയാൽ മതിയാകും.തെങ്ങിന്റെ ചുവട്ടിൽ പുതയിടുന്നതിനോളം വരില്ല മറ്റൊന്നും.

തെങ്ങ് നിത്യഗർഭിണി ആണ്, എല്ലാ മാസവും പരിപാലനം ആഗ്രഹിക്കുന്നവൾ.

തെങ്ങ് ചതിക്കില്ല..

തേങ്ങയുടെ വിലയുടെ കാര്യം ഒന്നും ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നില്ല എന്നറിയിക്കുന്നു. അത്‌ വേറേ ചർച്ച ചെയ്യാം.

വിലയിടിവിനെ തടയാൻ ഉള്ള വഴി ഉത്പാദന ക്ഷമത വർധിപ്പിക്കുക എന്നതാണ്. മൂല്യ വർധനവിലേക്കും കർഷകർ കടക്കണം.

തെങ്ങ് പരിപാലനത്തിൽ ഓരോരുത്തർക്കും ഉള്ള അനുഭവങ്ങൾ പങ്ക് വയ്ക്കാൻ ക്ഷണിക്കുന്നു.

ഈ ചിത്രം കൃഷ്ണപുരത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും പകർത്തിയതാണ്. അവിടുത്തെ തെങ്ങുകൾ എല്ലാം തന്നെ നന്നായി പുതയിട്ട് സംരക്ഷിച്ചിരിക്കുന്നു.

✍🏻 പ്രമോദ് മാധവൻ


ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section