തെങ്ങിൽ നിന്ന് മച്ചിങ്ങ വീഴാതിരിക്കുവാനുള്ള പരിഹാരമാർഗവും, കൂടുതൽ വിളവിന് ചെയ്യേണ്ട രണ്ടുഘട്ട വളപ്രയോഗ രീതിയും | coconut tree - gross production

കേരകർഷകർ ലാഭത്തിന്റെ കണക്കിനേക്കാൾ കൂടുതൽ പറയുന്നത് നഷ്ടത്തിന് കണക്കുകളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തെങ്ങുകൾക്ക് ഉണ്ടാകുന്ന കീടരോഗ സാധ്യതകളാണ്. 


തെങ്ങ് കൃഷിയിൽ ഏറ്റവും ഗുരുതരമായി കണക്കാക്കുന്ന രോഗ സാധ്യതയാണ് കായ്ച്ചു തുടങ്ങിയ തെങ്ങിൽ നിന്ന് വെള്ളയ്ക്ക അഥവാ മച്ചിങ്ങ വീഴുന്നത്. തെങ്ങിൽനിന്ന് വെള്ളയ്ക്ക വീഴുവാൻ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഉള്ളത്.

അതിൽ ആദ്യത്തേത് മണ്ഡരിയുടെ ആക്രമണമാണ്. മറ്റൊന്ന് വെള്ളക്കെട്ട് സാധ്യത പ്രദേശങ്ങളിലെ കൃഷി, അവിടത്തെ മണ്ണിൻറെ പ്രത്യേകത തുടങ്ങിയ ഘടകങ്ങളാണ്.

പരിഹാരമാർഗ്ഗങ്ങൾ

വളരെ ചെറിയ മണ്ഡരി ആക്രമണം മൂലവും തെങ്ങിൽനിന്ന് മച്ചിങ്ങ കേടായി വീഴാറുണ്ട്. ഏകദേശം ഒന്നര മാസം പ്രായമായ മച്ചിങ്ങയിലാണ് കൂടുതലായും മണ്ഡരി ആക്രമണം ഉണ്ടാകാറുള്ളത്.

ഇതിന് പ്രതിരോധ മാർഗം എന്ന നിലയിൽ ആദ്യം ചെയ്യാവുന്നത് കൊഴിഞ്ഞുവീണ മച്ചിങ്ങകൾ പൂർണമായും തോട്ടങ്ങളിൽ നിന്ന് എടുത്തുകളയണം. തെങ്ങിൻറെ മണ്ട എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇടയ്ക്കിടെ തെങ്ങിൻ തോപ്പുകളിൽ സസ്യ ജൈവവസ്തുക്കൾ ഉപയോഗപ്പെടുത്തി പുകച്ചു നൽകണം. ഇതുകൂടാതെ വേപ്പ് അധിഷ്ഠിത അസാർഡിറാക്‌റ്റിൻ നാലു മില്ലി ഒരു ലിറ്റർ എന്ന തോതിൽ തെങ്ങിന് തളിച്ചു കൊടുക്കണം. 

മണ്ണിൽ ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന് അഭാവം മൂലവും മച്ചിങ്ങ കൊഴിയാറുണ്ട്. ബോറോൺ മണ്ണിൽ കുറഞ്ഞാൽ ഓലകൾക്ക് മഞ്ഞ നിറം വരികയും, ഓലകളുടെ അഗ്രഭാഗം ഒട്ടി ചേരുകയും ചെയ്യും. അതുകൊണ്ട് ബോറോണിന്റെ അളവ് മണ്ണിൽ എത്രത്തോളമുണ്ടെന്നു തിരിച്ചറിയണം. ഇതിൻറെ അംശം മണ്ണിൽ കുറഞ്ഞാൽ ബോറാക്സ് 200 ഗ്രാം എന്ന തോതിൽ തെങ്ങിൻ ചുവട്ടിൽ ഇട്ടു നൽകണം. 

ഇത് ഈർപ്പമുള്ള മണ്ണിലെ ഇടാവൂ. അല്ലാത്തപക്ഷം ഇത് തെങ്ങുകൾക്ക് വലിച്ചെടുക്കാൻ സാധിക്കുകയില്ല. ഇതുകൂടാതെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതും, മണ്ണിൽ പോഷകാംശങ്ങളുടെ അഭാവവും മച്ചിങ്ങ കൊഴിയാൻ കാരണമായി കർഷകർ പറയുന്നു.

മികച്ച വിളവിന് ചെയ്യേണ്ട വളപ്രയോഗങ്ങൾ

കായ്ച്ചു തുടങ്ങിയ തെങ്ങുകൾക്ക് കാലവർഷ ആരംഭത്തിലും, തുലാവർഷ ആരംഭത്തിലും വളപ്രയോഗം നടത്തണം അതിനായി ഒരു വർഷം 50 കിലോ ജൈവ വളം നൽകണം. ഇതുകൂടാതെ കാലവർഷ ആരംഭത്തിൽ അതായത് ജൂൺ - ജൂലൈ മാസങ്ങളിൽ യൂറിയ 375 ഗ്രാം, 400 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 600 ഗ്രാം പൊട്ടാഷ് തുടങ്ങിയവയും, തുലാവർഷ ആരംഭത്തിൽ അതായത് ഒക്ടോബർ-നവംബർ കാലയളവിൽ യൂറിയ 375 ഗ്രാം, റോക്ക് ഫോസ്ഫേറ്റ് 450 ഗ്രാം, പൊട്ടാഷ് 500ഗ്രാം, മഗ്നീഷ്യം സൾഫേറ്റ് 500ഗ്രാം തുടങ്ങിയവയും ഇട്ടു നൽകാം.

ജൈവവളം പ്രയോഗിക്കുമ്പോൾ പച്ചിലവളമോ ചാണകപ്പൊടിയോ ഉപയോഗിക്കാവുന്നതാണ്. പൂർണമായും ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകൻ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, ചാരം, ചാണകപ്പൊടി തുടങ്ങിയവ രണ്ട് തവണയായി നൽകിയാലും മതി.


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section