അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ നശിപ്പിക്കാറുണ്ട്. മഴയെത്തിയതോടെ വിവിധ തരത്തിലുള്ള ഉറുമ്പുകളും ഒച്ചും ചെടികളെ ആക്രമിക്കും. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.
ഉറുമ്പുകളെ അകറ്റാന്‍
1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും.
2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.
3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.
4. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്പ്രേ ചെയ്യുക.
5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയോ ചെയ്യാം.
6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.
7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.
ഒച്ചുശല്യത്തിന് ചില പ്രതിവിധികള്‍
അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും ഗ്രോബാഗ് കൃഷി ചെയ്യുന്നവരുടെ മറ്റൊരു പ്രധാനശത്രുവാണ് ഒച്ചുകള്‍. ഗ്രോബാഗുകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി താമസമാക്കുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു.കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തളിര്‍ ഇലകളും തണ്ടുകളും ഒച്ചുകള്‍ക്ക് ഏറെ ഇഷ്ടമാണ്.ഇവയെ അടുക്കളത്തോട്ടത്തില്‍ നിന്ന് ഓടിക്കാനുള്ള വഴികള്‍ നോക്കാം.
1.ഗ്രോബാഗില്‍ ഇവയെ നിയന്ത്രിക്കാന്‍ നടില്‍ മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം.
2. വേപ്പിന്‍ പിണ്ണാക്ക് പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നതിലൂടെ ഒരു പരിധിവരെ ഒച്ചുകളെ തടയാം .
3.അഞ്ച് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഗ്രോബാഗുകളില്‍ ഒഴിച്ചുകൊടുത്താല്‍ ഒച്ചുകളെ നിയന്ത്രിക്കാം.
4.ഒച്ചുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.