ഈ മാമ്പഴങ്ങൾ പാകമാകുമ്പോൾ പർപ്പിൾ നിറമായിരിക്കും. അതുപോലെ തന്നെ മറ്റേതൊരു മാമ്പഴത്തേക്കാളും 25% കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ തന്നെ അവ മറ്റ് മാമ്പഴങ്ങളേക്കാൾ വളരെ അധികം മധുരം കൂടിയ ഇനമാണ്. മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നാണല്ലോ നാം വിളിക്കുന്നത്. ഈ മാമ്പഴത്തെ അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ രാജാവ് എന്ന് വിളിക്കാവുന്നതാണ്.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ നിന്നുള്ള മുൻ ഡെപ്യൂട്ടി കൃഷി ഓഫീസർ കൃഷ്ണനാണ് തന്റെ ടെറസ് ഗാർഡനിൽ ലോകത്തിലെ തന്നെ ഈ ഏറ്റവും വിലകൂടിയ മാമ്പഴം വളർത്തിയെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ മിയാസാക്കി മാമ്പഴം വളർത്തുന്നു എന്നും ഇപ്പോൾ അത് പാകമായിരിക്കുന്നു എന്നും കൃഷ്ണൻ പറയുന്നു. തന്റെ ടെറസിലാണ് താൻ ഈ മാങ്ങകൾ വളർത്തിയെടുക്കാൻ പരിശ്രമിച്ചത്. ആ പരിശ്രമം വിജയകരമായിരുന്നു എന്നും കൃഷ്ണൻ പറഞ്ഞു.
സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ഓഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതൽ 900 ഗ്രാം വരെയാണ് തൂക്കമുണ്ടാവുക. 2.70 ലക്ഷം രൂപ വരെ ഇതിന് വില വരും എന്നും കരുതുന്നു. ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയപ്പെടുന്നു. ഈ മാമ്പഴത്തിന് ഇത്രയധികം വിലയുള്ളത് കൊണ്ട് തന്നെ വളർത്തി വിളവെടുക്കാറാകുമ്പോൾ വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്.