വീട്ടുമുറ്റത്ത് ഒറ്റമാവിൽ 15 ഇനം മാങ്ങ; ഒന്നര ഏക്കറിൽ 150 ഇനം മാവുമായി അബ്ദുവും കുടുംബവും

കർഷകനും സിവിൽ (ഡ്രാഫ്റ്റ്‌സ്മാൻ) എൻജിനീയറുമായ കാരശ്ശേരിയിലെ പൊയിലിൽ അബ്ദുവിന്റെ വീട്ടിൽ എന്നും മാമ്പഴക്കാലമാണ്. ഒന്നും രണ്ടും മൂന്നുമല്ല, വീട്ടുമുറ്റത്തെ ഒരു ചേലമാവിൽ മാത്രം 15 ഇനം മാങ്ങളാണ് കായ്ച്ചിട്ടുള്ളത്.ഈ മാവിൽ 60 ഇനം വെറൈറ്റി മാങ്ങകളാണ് അദ്ദേഹം ബഡ്ഡ് ചെയ്തിട്ടുള്ളത്. പുരയിടത്തോട് ചേർന്ന ഒന്നര ഏക്കർ ഭൂമിയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 150 ഇനം വ്യത്യസ്ത മാങ്ങകളാണ് വിസ്മയം പകരുന്നത്.


ഓരോ മാങ്ങയുടെയും സീസണനുസരിച്ചാണ് കൃഷിരീതികൾ. സിന്ധൂർ, നൂർജഹാൻ, ഒളോർ, സാത്തൂർ, ആപ്പിൾ റൊമേനിയൻ, കാലാപ്പാടി, കറുത്ത മാങ്ങ, മല്ലിക, വൈറ്റ് മാൽഡ, നാം ദോക്ക് മായി, കോട്ടപ്പറമ്പൻ, നീലൻ, രത്നഗിരി തുടങ്ങി വിവിധ ഇനം മാങ്ങകളാണ് ഇവിടെയുള്ളത്. ഇൻഡോനേഷ്യ, തായ്ലൻഡ്, പാകിസ്താൻ തുടങ്ങി ഖത്തർ പാലസിലെ മാവ് വരെ ഇവിടെയുണ്ട്. വിവിധ രാജ്യങ്ങൾക്കു പുറമെ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കൊൽക്കത്ത തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതടക്കം മാവുകളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്.

ഓരോ രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും മാവുകളെ കുറിച്ചും അവിടുത്തെ കൃഷിരീതികളെക്കുറിച്ചും അവിടെ പോയി പഠിച്ച് നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും ചേർന്നതെന്ന് ബോധ്യപ്പെടുന്നവയാണ് ഇവിടെ ശാസ്ത്രീയമായി കൃഷി ചെയ്യുന്നത്. ഇതിന് പുറമേ വീട്ടിലേക്കാവശ്യമായ മറ്റു പച്ചക്കറികളും ഇവിടെതന്നെ കൃഷി ചെയ്യുന്നുണ്ട്.


രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ തീർത്തും ജൈവകൃഷിരീതിയാണ് എല്ലാറ്റിലും പിന്തുടരുന്നത്. വിവിധ മാത്തൈകളുടെയും മറ്റും നഴ്സറിയും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ കർണാടകയിൽ ഒൻപത് ഏക്കറിൽ റിസോർട്ട് സൗകര്യത്തോട് കൂടിയ ഓർഗാനിക് മാവ് കൃഷിയും പ്രവാസികളെ ഏകോപിപ്പിച്ച് 250 ഏക്കർ ഭൂമി ലീസിനെടുത്ത് കർണാടകയിൽ തന്നെ വേറെയും മാവ് കൃഷിയും ഇദ്ദേഹം നടത്തിവരുന്നു.

യശ്ശശരീരരായ പൊയിലിൽ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ ആറു മക്കളിൽ ഇളയവനാണ് അബ്ദു. പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച ജ്യേഷ്ഠ സഹോദരൻ പൈതൽ ഹാജിയാണ് ഇദ്ദേഹത്തിന്റെ കാർഷികരംഗത്തെ ഗുരു.

പുരയിടത്തോട് ചേർന്നുണ്ടായിരുന്ന 450 റബ്ബർ മരങ്ങൾ വെട്ടി ഒഴിവാക്കി മൂന്നുവർഷം മുമ്പാണ് ഇദ്ദേഹം ഇവിടെ മാവ് കൃഷി തുടങ്ങിയത്. അന്ന് റബ്ബർ വെട്ടിമാറ്റിയപ്പോൾ ഇവന് ഭ്രാന്താണെന്നായിരുന്നു ചിലരെങ്കിലും പ്രതികരിച്ചതെന്നും അദ്ദേഹം ഓർക്കുന്നു. ഇന്ന് കൃഷി രീതി അറിഞ്ഞ് മാമ്പഴത്തിന്റെ വിസ്മയക്കാഴ്ചകൾ കാണാനും പഠിക്കാനുമായി ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് പേരാണ് പൊയിൽ അഗ്രോ ഫാമിലേക്ക് ദിവസവും എത്തുന്നത്.

എട്ടാംക്ലാസിൽ വീട്ടുമുറ്റത്ത് മാവ് നട്ടായിരുന്നു തുടക്കം. അട്ടപ്പാടിയിലും മറ്റുമുള്ള കാട്ടുമാവും നമ്മുടെ കാലാവസ്ഥയിൽ വളരുന്ന നാട്ടുമാവും മാതൃവൃക്ഷമാക്കി അതിലാണ് വിവിധ മാവുകളുടെ കൊമ്പ് ബഡ്ഡ് ചെയ്തിരുന്നത്. വൈറ്റ് മോണ്ടൻ മാവിന്റെ കമ്പ് ബഡ്ഡ് ചെയ്തായിരുന്നു തുടക്കം. പിന്നെ കിട്ടുന്ന ഇനങ്ങളെല്ലാം ബഡ്ഡ് ചെയ്തു തുടങ്ങുകയായിരുന്നു. ഇപ്രകാരം ബഡ്ഡ് ചെയ്ത 150 വ്യത്യസ്ത ഇനങ്ങളിലുള്ള മാവുകളാണ് ഒന്നരയേക്കർ കൃഷിയിടത്തിലുള്ളതെന്ന് 54-കാരനായ ജൈവകർഷക എൻജിനീയർ പറയുന്നു.

സാധാരണ മാവ് പൂക്കാൻ എട്ടുപത്തു വർഷമെടുക്കും. എന്നാൽ ബഡ്ഡ് ചെയ്താൽ പിറ്റേവർഷങ്ങളിൽ തന്നെ മാങ്ങ ലഭിക്കുമെന്നതാണ് ബഡ്ഡിംഗിനോട് കമ്പം കൂട്ടിയത്. ഇത്തരത്തിൽ മാവ് കൃഷിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിന് ഇൻഡോനേഷ്യയിലും തായ്ലൻഡിലും മറ്റും പോയപ്പോൾ കണ്ട ബഡ്ഡിംഗ് രീതിയാണ് വീട്ടുപറമ്പിലും പരീക്ഷിച്ചത്.

അവിടങ്ങളിൽ സ്കൂൾ പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മൾ ഇക്കാര്യത്തിൽ കുറേ മുന്നോട്ടു പോകാനുണ്ടെന്നും അബ്ദു അനുഭവത്തിൽനിന്ന് ചൂണ്ടിക്കാട്ടി.

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം ഒഴിവുസമയം കണ്ടെത്തി സഹായത്തിനെത്തുന്നുണ്ട്. വി.പി സുബീനയാണ് ഭാര്യ. പി.ജിക്കു പഠിക്കുന്ന ഫാത്തിമ തമന്ന (വിവാഹിത), തൻസിഫ് അലി (ജെ.ഡിറ്റി പോളി ടെക്നിക് ), ഈ വർഷം എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ ദിൽഷ നിയ, വാദ്റഹ്മയിലെ യു.കെ.ജി വിദ്യാർത്ഥിനി ഫാത്തിമ ബെൽഹ എന്നിവർ മക്കളാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section