പച്ചക്കറിയിൽ കാണപ്പെടുന്ന കീടങ്ങൾ നമ്മുടെ വിളവിനെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ഇവയെ ഫലപ്രദമായ രീതിയിൽ നേരിട്ടാൽ മാത്രമേ ശാശ്വതമായ വിളവ് ലഭ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ പച്ചക്കറിയെ ബാധിക്കുന്ന പ്രധാന കീടങ്ങളും അവയുടെ നിയന്ത്രണ വവിധികളുമാണ് താഴെ നൽകുന്നത്.
കായീച്ച
കായീച്ചയുടെ പുഴുക്കൾ കായ്ക്കുള്ളിൽ കടന്ന് മാംസളമായ ഉൾഭാഗം തിന്നു പൂർണ്ണമായും ചെടിയെ നശിപ്പിക്കുന്നു. ഇവയെ പ്രതിരോധിക്കാൻ പഴക്കെണി, തുളസിക്കെണി, മീൻകെണികൾ, കഞ്ഞിവെള്ള കെണികൾ തുടങ്ങിയവയാണ് ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ.
ഏഫിഡുകൾ
ഇവ ഇലകളുടെ അടിവശത്ത് ഇരുന്ന് നീരൂറ്റി കുടിച്ച് ഇലകളെ പൂർണ്ണമായും നശിപ്പിക്കുന്നു. ഇത്തരത്തിൽ കീടാക്രമണം കണ്ടാൽ ഇലകൾ പറിച്ച് പൂർണ്ണമായും നശിപ്പിച്ചു കളയുക. കൂടാതെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുക.
പച്ചത്തുള്ളൻ
പച്ചത്തുള്ളൻ ആക്രമണത്തിന്റെ ഫലമായി ഇലകൾ മഞ്ഞളിക്കുകയും കൊഴിയുകയും ചെയ്യുന്നു. ഇത് ഇല്ലാതാക്കുവാൻ മാലത്തിയോൺ മിശ്രിതം തളിക്കുന്നതാണ് ഉത്തമം.
വെള്ളീച്ച
ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ചകൾ മൊസൈക്ക് രോഗവാഹകർ ആണ്. മഞ്ഞ കെണി വെച്ചും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പ്രയോഗിച്ചും ഇവയെ തുരാത്താവുന്നതാണ്.
വരയൻ
ഇലകൾ തിന്നും കായ്കൾ തുരന്നും നശിപ്പിക്കുന്ന ഇവയുടെ ആക്രമണം കൈകാര്യംചെയ്യാൻ ഗോമൂത്രം കാന്താരി മുളക് മിശ്രിതം തളിക്കുന്നതാണ് ഫലപ്രദം.
പച്ചത്തുള്ളൻ
ഇലയുടെ അടിഭാഗത്ത് ഇരുന്ന് നീര് കുടിക്കുന്ന ഇവ കായ പിടുത്തം കുറയ്ക്കുവാൻ കാരണമാകുന്നു. ഇവയെ പ്രതിരോധിക്കാൻ വൈകുന്നേര സമയങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ എന്ന രീതിയിൽ വേപ്പെണ്ണ പ്രയോഗിച്ചാൽ മതി.
എപ്പിലാക്ന
ഈ വണ്ടുകളുടെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഇലയുടെ ഹരിതകം പൂർണ്ണമായും നശിപ്പിക്കുന്നു. ഇതിനെ ഇല്ലാതാക്കുവാൻ ക്വിനോൽ ഫോസ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചാൽ മതി.
പടവല വണ്ടുകൾ
ഈ വണ്ടുകൾ വേരുകൾ തുളച്ച് വള്ളി ചുവട്ടിലെത്തി ഉൾഭാഗം തിന്നു തീർക്കുന്നു. ഇത് ഇല്ലാതാക്കുവാൻ കൈവല ഉപയോഗപ്പെടുത്തി വണ്ടുകളെ നശിപ്പിക്കുക.
പടവല പുഴു
ഇതിനെ പ്രതിരോധിക്കുവാൻ ജൈവകീടനാശിനികൾ ഉപയോഗിച്ചാൽ മതി.
തണ്ടീച്ച
വള്ളിയുടെ അഗ്രഭാഗം തടിച്ചു വരുന്നതാണ് ഇതിൻറെ ആക്രമണത്തിന്റെ ലക്ഷണം. ഇത് ഇല്ലാതാക്കുവാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.