'വിളവ് നന്നാകണമെങ്കിൽ മണ്ണ് നന്നാവണം'.
ഇതാണ് കർഷകൻ മനസ്സിലാക്കേണ്ട കാര്യം.
ഒരാൾ കൊതിച്ച പോലെ 'മണ്ണും പെണ്ണും 'കിട്ടില്ല. സംശയമുണ്ടെങ്കിൽ ലോകത്തിലെ നിരാശ ബാധിച്ച കാമുകന്മാരോടും പാരിസ്ഥിതിക വെല്ലുവിളി നേരിടുന്ന സ്ഥലങ്ങളിലെ കർഷകരോടും ചോദിച്ചാൽ മതിയാകും.
'മണ്ണായാലും പെണ്ണായാലും നന്നായി നോക്കുന്നവർക്കുണ്ട് 'എന്ന് പറഞ്ഞാൽ കണ്ണിലെ കൃഷ്ണമണി പോലെ അവരെ പരിപാലിച്ചാൽ/പരിഗണിച്ചാൽ അതിന്റെ പതിന്മടങ്ങ് അവർ നമുക്ക് തിരിച്ചു തരും എന്നർത്ഥം.
നിർഭാഗ്യകരം എന്ന് പറയട്ടെ ഇക്കാര്യത്തിൽ നമ്മളുടെ അറിവ്(തിരിച്ചറിവ്) വളരെ പിന്നോക്കമാണ്.
നമ്മുടെ 'മണ്ണ് സാക്ഷരത (soil literacy ) വളരെ മോശമാണ്. ഒരിഞ്ച് മേൽമണ്ണുണ്ടാകാൻ ഒരായിരം വർഷങ്ങൾ വേണം.എന്നാൽ വിലമതിക്കാനാവാത്ത ആ മണ്ണ് ഒലിച്ചുപോകാൻ നിമിഷനേരം മതി.
മണ്ണിനെ സംരക്ഷിക്കാത്ത ഒരു രാജ്യവും അധികനാൾ നില നിൽക്കില്ല എന്ന് റൂസ് വെൽറ്റ് പറഞ്ഞിട്ടുണ്ട്.
പാറകൾ പൊടിഞ്ഞാണ് മണ്ണുണ്ടായത് എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. ഇപ്പോഴും മണ്ണ് കുഴിച്ച് കുഴിച്ച് ചെല്ലുമ്പോൾ നമുക്ക് പാറകൾ കാണാം. അതിന്റെ അർത്ഥം, ഇത്രയും നാളത്തെ അപക്ഷയം (weathering )കൊണ്ട് പാറകൾ ആ ആഴം വരെ മാത്രമേ പൊടിഞ്ഞുള്ളൂ എന്നും ഇനിയും ഒരായിരം വർഷം കഴിയുമ്പോൾ വീണ്ടും ഒരിഞ്ച് കൂടി പൊടിഞ്ഞേക്കാം എന്നുമാണ്.
മണ്ണ് പലർക്കും പലതാണ്.
ഫ്ലാറ്റിൽ താമസിച്ച് സ്വന്തം കാറിൽ മാത്രം കയറി ജോലിയ്ക്കു പോകുകയും തിരിച്ചു് വരികയും ചെയ്യുന്ന സമ്പന്നർക്ക് അത് ഒരഴുക്കാണ്.
ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായ /ആശങ്കാകുലയായ ഒരു നാഗരികവീട്ടമ്മയ്ക്ക് അത് കീടാണുക്കളുടെ ഉറവിടമാണ്.
പക്ഷെ മണ്ണിൽ പണിയെടുക്കുന്ന ഒരു കർഷകന് മണ്ണ് അമ്മയാണ്, ദൈവമാണ്. മണ്ണില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല എന്നറിയാവുന്ന ക്രാന്തദർശികൾ. അവരത്രേ കർഷകർ.
'ലക്ഷണമൊത്ത മണ്ണ്'(Ideal soil ) എന്ന് പറഞ്ഞാൽ അതിൽ നാല് ഘടകങ്ങൾ ഉണ്ടാകും. ധാതുക്കൾ (Minerals ), ജൈവാംശം (Organic matter ), വായു (air ), ഈർപ്പം (moisture /water) എന്നിവയാണവ. പാറ പൊടിഞ്ഞപ്പോൾ അതിൽ ഉണ്ടായിരുന്ന വിവിധ മൂലകങ്ങൾ മണ്ണിലും ഉണ്ടാകും. അവരാണ് ധാതുക്കൾ. പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, ചേമ്പ്, ഇരുമ്പ്, അലുമിനിയം, നിക്കൽ, മോളിബ്ഡിനം എന്നിവയാണതിൽ പ്രധാനികൾ. അവ അളവിൽ കൂടിയാലും കുറഞ്ഞാലും കാർഷിക വിളകൾക്ക് ദോഷം തന്നെ.
എന്നാൽ വെറും പാറപ്പൊടിയെയും മണ്ണിനേയും വേർ തിരിക്കുന്ന പ്രധാന ഘടകം മണ്ണിൽ ഉള്ള ജൈവാംശം (organic matter ) തന്നെ.
മണ്ണിൽ അഴുകിച്ചേരുന്ന സസ്യ -ജന്തുജാലങ്ങളുടെ ശരീരത്തിൽ ഉള്ള സെല്ലുലോസ്, ഹെമി സെല്ലുലോസ്, പെക്റ്റിൻ, ലിഗ്നിൻ, പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, എൻസൈമുകൾ എന്നിവ ചേരുന്നതാണ് അത്. അതോടൊപ്പം തന്നെ മൃതശരീരങ്ങളിൽ ഉള്ള കാൽസ്യം പോലെയുള്ള ധാതുക്കളും മണ്ണിലേക്ക് വരും. മണ്ണിൽ നിന്നും ചെടികൾ വലിച്ചെടുത്ത് ആഹാരത്തിലൂടെ ജന്തുജാലങ്ങൾക്ക് നൽകിയതെല്ലാം തിരിച്ചു മണ്ണിലേക്ക് തന്നെ വരും.
അത് കൊണ്ടാണ് 'മനുഷ്യാ നീ മണ്ണാകുന്നു 'എന്ന് ബൈബിളും 'പഞ്ചഭൂതാത്മകനാകും മനുഷ്യന്റെ പാദസംസ്പർശനം തേടി 'എന്ന് വയലാറും പറഞ്ഞത്.
പിന്നെ മണ്ണിൽ വേരാഴ്ത്തിനിൽക്കുന്ന ചെടികൾക്ക് (വേരിന് ) ശ്വസിക്കാൻ വായുവും കുടിക്കാൻ വെള്ളവും വേണം.ഇങ്ങനെ മണ്ണിൽ നിന്നും (Soil air ) വെള്ളത്തിൽ (soil moisture ) നിന്നും കിട്ടുന്ന ഹൈഡ്രജനും ഓക്സിജനും (H2O ആണല്ലോ വെള്ളം )അന്തരീക്ഷത്തിൽ നിന്നും കിട്ടുന്ന കാർബൺ ഡായോക്സയിഡും (CO2) ചേരുമ്പോൾ ആണ് C6 H12 O6 എന്ന അന്നജം ഉണ്ടാകുന്നത്. അതിന്റെ രൂപീകരണത്തെ സഹായിക്കുന്ന enzymes, co -factors, ATP എന്നിവയുടെ ഭാഗമാകാൻ മറ്റ് ധാതുക്കളും ലവണങ്ങളും വേണം. അവ വിവിധ തരം ജൈവ -രാസ -ജീവാണുവളങ്ങൾ വഴി വേരുകൾക്ക് ലഭ്യമാകും.ഇല്ലെങ്കിൽ ആക്കണം.
കൃഷിയ്ക്ക് മണ്ണൊരുക്കുന്നതിനു മുൻപ് മണ്ണ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.'മണ്ണറിഞ്ഞു വളം ചെയ്യണം 'എന്നാണല്ലോ.
അതിൽ പ്രധാനമായും പരിശോധിയ്ക്കുന്നത് മണ്ണിന്റെ pH നില, മണ്ണിൽ അധികമായി സോഡിയം പോലെയുള്ള ക്ഷുദ്ര ലവണങ്ങൾ (ചെടികളുടെ വേരുകൾക്ക് മാത്രമാണേ.. നമ്മുടെ ശരീരത്തിൽ സോഡിയം കുറഞ്ഞാൽ ഉള്ള പൊല്ലാപ്പ് അറിയാമല്ലോ ) ഉണ്ടോ എന്ന് നോക്കുന്ന EC (Electrical Conductivity ), മണ്ണിൽ ഉള്ള ജൈവ കാർബൺ (Soil Organic Carbon), മണ്ണിൽ ഉള്ള ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമാണ്.
കൂടാതെ മണ്ണിൽ ഉള്ള ദ്വിതീയ മൂലകങ്ങൾ ആയ കാൽസ്യം, മഗ്‌നീഷ്യം, ഗന്ധകം (Sulphur )എന്നിവയുടെ അളവും സൂക്ഷ്മ മൂലകങ്ങൾ (Micro nutrients ) ആയ Boron, Manganese, Iron, Copper, Zinc, Molybdenum, Nickel, Chlorin എന്നിവയുടെ അളവും പരിശോധിക്കും.
ഓരോ വിളകൾക്കും ഇവ മണ്ണിൽ എത്ര വീതം ഉണ്ടാകണം എന്നത് തിട്ടപ്പെടുത്തിയിട്ടുണ്ട്.
മണ്ണ് പരിശോധിക്കുമ്പോൾ ഇവ അളവിൽ കൂടുതൽ ഉണ്ടെങ്കിൽ വീണ്ടും ഇട്ട് കൊടുക്കാതെയും അളവിൽ കുറവാണെങ്കിൽ ഇനി എത്ര കൊടുക്കണം എന്നറിയുകയും ചെയ്യുന്നതിനാണ് യഥാർത്ഥത്തിൽ മണ്ണ് പരിശോധന നടത്തേണ്ടത്.
ചുരുക്കത്തിൽ മണ്ണിന്റെ ഉത്പാദന ക്ഷമത (productivity )നിശ്ചയിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇവയാണ്.
1. മണ്ണിന്റെ അമ്ല -ക്ഷാര നില (pH)
2. മണ്ണിലെ ജൈവ കാർബൺ (Soil Organic Carbon )
3. സൂക്ഷ്മ മൂലകങ്ങളുടെ ക്രമമായ ലഭ്യത(Optimal availability of Micro nutrients )
നല്ല ഉത്പാദന ക്ഷമമായ മണ്ണിൽ അഞ്ച് ശതമാനം ജൈവാംശം (Organic Matter )ഉണ്ടാകണം. മണ്ണിന്റെ ജൈവ കാർബണിന്റെ (Soil Organic Carbon )ന്റെ അളവിനെ 1.72കൊണ്ട് ഗുണിച്ചാൽ ജൈവാംശം (Organic matter ) കണ്ടുപിടിക്കാം. ഉദാഹരണമായി മണ്ണിൽ രണ്ട് ശതമാനം ജൈവ കാർബൺ ഉണ്ടെങ്കിൽ ആ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 2x 1.72 = 3.14 ആണ്.അതായത് ചുരുങ്ങിയത് മൂന്ന് ശതമാനം ജൈവ കാർബൺ എങ്കിലും ഉണ്ടെങ്കിലേ മണ്ണിൽ അഞ്ച് ശതമാനം ജൈവാംശം ഉണ്ടെന്ന് പറയാൻ കഴിയൂ.
അപ്പോൾ,മണ്ണ് പരിശോധിക്കാതെ ഈ കാര്യം എങ്ങനെ അറിയും ഉത്തമാ..
A chain is as strong as its weakest link എന്ന് കേട്ടിട്ടുണ്ടോ?
ലതായത് ഒരു ചങ്ങലയിൽ പല ബലമുള്ള കണ്ണികൾ ഉണ്ടെന്ന് ഇരിക്കട്ടെ. ഒരു കണ്ണിയ്ക്ക് 10 കിലോ വരെ ബലം(Force) താങ്ങാൻ കഴിയും.അതിൽ കൂടിയാൽ ആ കണ്ണി പൊട്ടും. (അതായത് ചങ്ങലയും പൊട്ടും). അടുത്ത കണ്ണിയ്ക്ക് 100 കിലോ ബലവും അടുത്തതിനു 150 കിലോ ബലവും ഒക്കെ താങ്ങാൻ പറ്റുമെങ്കിൽ പോലും ആ ചങ്ങലയ്ക്ക് താങ്ങാൻ പറ്റുന്ന പരമാവധി ബലം എന്നത് വെറും 10 കിലോ ആണ്.അതിൽ കൂടിയാൽ അതിന്റെ ഒരു കണ്ണി നിശ്ചയമായും പൊട്ടും.
ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ സംവിധാനത്തിൽ,പല ബലം ഉള്ള ആൾക്കാർ ഉണ്ടായാലും അതിന്റെ മൊത്തത്തിൽ ഉള്ള ബലം നിശ്ചയിക്കുന്നത് അതിലെ കരുത്തൻ അല്ല, ദുർബ്ബലൻ ആണെന്നർത്ഥം.
അപ്പോൾ സ്വാഭാവികമായും ധാതുക്കൾ, ജൈവാംശം, വായു, വെള്ളം എന്നിവയടങ്ങിയ മണ്ണ് എന്ന ചങ്ങലയിൽ പലപ്പോഴും ഏറ്റവും കുറവുള്ള (ദുർബ്ബലൻ) എന്ന് പറയുന്നത് ജൈവാംശം ആയിരിക്കും. അത് കൊണ്ടാണ് അടിസ്ഥാനവളമായി വലിയ അളവിൽ ജൈവ വളങ്ങൾ നൽകണം എന്ന് പറയുന്നത്. 'അടിസ്ഥാനമുറച്ചാലേ ആരൂഢവും ഉറയ്‌ക്കൂ' എന്ന് പറയുന്നതും അത് കൊണ്ട് തന്നെ.
'അടുപ്പ് ചെറുതാണെങ്കിലും കല്ല് മൂന്നെണ്ണം വേണം' എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. ഒരു വാഴ, കൃഷി ചെയ്താലും ഒരായിരം വാഴ കൃഷി ചെയ്താലും ചില കാര്യങ്ങൾ ഒരുപോലെയാണ് രമണാ..
മണ്ണിന്റെ മാനസികാവസ്ഥ ആണ് അതിന്റെ അമ്ല -ക്ഷാര നില അഥവാ pH 🤭. അമ്ലത (acidity )കൂടിയാലും ക്ഷാരത (alkalinity)കൂടിയാലും മണ്ണ് അശാന്തമാകും. അവിടെ മൂലകങ്ങൾ തമ്മിൽ symphony അഥവാ harmony ഉണ്ടാകില്ല. അപസ്വരങ്ങൾ (cacophony )ആകും മുഴങ്ങികേൾക്കുക. ആയതിനാൽ മണ്ണ് ഒരുക്കുമ്പോൾ തന്നെ ഗുണമേന്മയുള്ള കുമ്മായ വസ്തുക്കൾ ചേർത്ത് മണ്ണിനെ ശാന്തമാക്കണം.
ഇനി Law of limiting factor എന്താണ് പറയുന്നത് എന്ന് നോക്കാം.
It states that growth is dictated not by total resources available, but by the scarcest resource (limiting factor). The law has also been applied to biological populations and ecosystem models for factors such as sunlight or mineral nutrients.
ഈ തത്വപ്രകാരം സസ്യങ്ങൾക്കു പ്രധാനപ്പെട്ട പതിനേഴു മൂലകങ്ങളിൽ (Essential Plant Nutrients )മണ്ണിൽ ഏറ്റവും കുറവ് ഉള്ള മൂലകം ഏതാണോ അതായിരിക്കും ആ ചെടിയുടെ ഉത്പാദന ക്ഷമത നിശ്ചയിക്കുക. ഉദാഹരണത്തിന് പാവൽ കൃഷി ചെയ്യുന്ന മണ്ണിൽ ഒരു സെന്റിൽ, തട്ട് പന്തൽ രീതിയിൽ (horizontal trellis )2m x 2m അകലത്തിൽ തയ്യാറാക്കിയ 10 കുഴികളിൽ 3 തൈകൾ ഓരോ തടത്തിലും വളർത്തുമ്പോൾ ഒരു സെന്റിൽ 30 തൈകൾ ഉണ്ടാകും. പ്രീതി എന്ന ഇനത്തിന്റെ ഉത്പാദന ക്ഷമത സെന്റിന് 80 കിലോ ആണെങ്കിൽ ഒരു ചെടി ശരാശരി രണ്ടര മുതൽ രണ്ടേമുക്കാൽ വരെ കിലോ കായ്കൾ തരണം. അത്രയും കായകൾ പിടിക്കണം എങ്കിൽ ഇത്ര ഗ്രാം നൈട്രജൻ, ഇത്ര ഗ്രാം ഫോസ്ഫറസ്, ഇത്ര ഗ്രാം പൊട്ടാസ്യം, എന്നിങ്ങനെ ഈ പതിനേഴ് അവശ്യമൂലകങ്ങൾ എത്ര വീതം വേണം എന്ന് കണക്കാക്കാൻ പഠനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ണിൽ ഏത് മൂലകമാണോ അളവിൽ കുറഞ്ഞത്, ആ മൂലകമായിരിക്കും മണ്ണിന്റെ ഉത്പാദനക്ഷമത തീരുമാനിക്കുക.അതാണ് the law of limiting factor.അത് കൊണ്ട് ചില മൂലകങ്ങൾ കൂടുതലായി വാരിയിടുന്നതും ചില മൂലകങ്ങൾ തീരെ കൊടുക്കാതിരിക്കുന്നതും കർഷകന് ഗുണം ചെയ്യില്ല.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരാൾക്ക് ശക്തമായ കൈ കാലുകളും കരളും ആന്തരികാവയവങ്ങളും ഉണ്ട് എന്നിരിക്കട്ടെ. പക്ഷെ അദ്ദേഹത്തിന്റെ ഹൃദയത്തിന് ചെറിയ തകരാർ ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ആരോഗ്യം എന്നത് തീരുമാനിക്കുന്നത് ശക്തമായ മറ്റവയവങ്ങൾ അല്ല, മറിച്ച് ദുർബ്ബലമായ ഹൃദയമായിരിക്കും.
ഈ ഒരു ലോജിക് മനസ്സിലാക്കിയാൽ മണ്ണാരോഗ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
നെറ്റ്യുകോ (Nature Eco friendly )farming ന്റെ പ്രചാരകനായ ദീപക് സച്ച്ദേ യുടെ അഭിപ്രായത്തിൽ കൃഷിയുടെ പരിണാമഘട്ടങ്ങളെ ഒൻപതായി തിരിച്ചിട്ടുണ്ട്.
1. Traditional Farming
2.Chemical Farming
3.Natural Farming
4.Bio dynamic Farming
5.Organic Farming
6.Homa Farming
7.Zero Budget Farming
8.Perma Culture
9.Natueco Farming
ഇവയിൽ പലതും വ്യത്യസ്തമായ ചിന്താധാരകൾ ആണ് മുന്നോട്ട് വയ്ക്കുന്നത്. ഓരോന്ന് പ്രചരിപ്പിക്കുന്നവരും അവരുടേതാണ് ഉദാത്തം, മഹനീയം, കെങ്കേമം എന്ന് പ്രഘോഷിക്കും.ഇതിൽ ഏത് വേണമെന്ന് കർഷകന് തീരുമാനിക്കുകയും ചെയ്യാം.
2050 ആകുമ്പോഴേക്കും ലോകജന സംഖ്യ 970 കോടി കവിയും.2100ൽ 1030 കോടിയും.
അത്രയും വയറുകളെ ഊട്ടാൻ ഏത് കൃഷിയാണോ പര്യാപ്തം അതിനെ ഭരണകൂടങ്ങൾ പിന്തുണയ്ക്കും.
ഭക്ഷണം എത്ര നല്ലതാണെങ്കിലും അത് താങ്ങാനാകാത്ത വിലയ്ക്കാണ് വിപണിയിൽ ലഭിക്കുന്നത് എങ്കിൽ ദരിദ്രനാരായണന്മാർ എന്ത് ചെയ്യും?
✍🏻 പ്രമോദ് മാധവൻ