മാങ്ങക്കാലം എന്നത് കുട്ടിക്കാലത്തിന്റെ പര്യായംകൂടിയാണ് മലയാളികൾക്ക്.
'മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ ' എന്ന പാട്ടുപോലെ, നമ്മൾ പലതരം ഓർമ്മകളിലേയ്ക്കും സ്വാദുകളിലേയ്ക്കും ; സ്വാദിന്റെ ഓർമ്മളിലേയ്ക്കും യാത്രപോകുന്ന കാലം.
തെക്കേത്തൊടിയിലെ പുളിമാവ്
കിഴക്കോറത്തെ ചകിരിമാങ്ങ
വടുക്കോറത്തുള്ള ഉറുണിമാങ്ങ എന്നിങ്ങനെ, നമ്മൾ അറിഞ്ഞ പേരും ഇട്ട പേരും കൈമാറിപ്പോന്ന പേരുമായി അനേകം മാങ്ങകൾ .
പഞ്ചാരമാങ്ങ , മൊത്തിക്കുട്ടിയൻ , ചന്ദ്രക്കാരൻ , ഗോമാങ്ങ ....എന്നിങ്ങനെ പേരുകളനവധിയങ്ങനെ.
കാലങ്ങൾക്കുശേഷം എവിടെനിന്നോ ഒരു മാങ്ങ തിന്ന് അതിന്റെ സ്വാദിന്റെ ചിറകേറി നമ്മൾ ,
ഇതേ സ്വാദുള്ള മാങ്ങതിന്ന തറവാട്ടു തൊടിയിലെത്തുന്നു !
കുഞ്ഞുടുപ്പിട്ട് നടന്നുകൊണ്ട് , പല്ലിൽ കുടുങ്ങിയ മാങ്ങാനാര് പുറത്തെടുക്കാൻ ശ്രമിക്കുന്നു !
പഴുക്കുംമുൻപേ കൊതിമൂത്ത് കടിച്ചതിനാൽ ചുണങ്ങ് തൊട്ട് പൊള്ളിയ
ചുണ്ടിൻകടയിൽ നാവുകൊണ്ട് തലോടുന്നു !
മാങ്ങയോളം മധുരിക്കുന്നതും വൈവിദ്ധ്യമാർന്നതും ഓർമ്മകൾ മാത്രമാണ്.
ആ ഓർമ്മകളെ ഉണർത്തലിനാണ് നമ്മൾ മെയ് 12, 13 (ഇന്നും നാളെയും) തീയ്യതികളിൽ ചേർപ്പിൽ ഒത്തുകൂടുന്നത്.
ശ്രീ ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ വല്ലച്ചിറ നാടക ദ്വീപിൽ നടക്കുന്ന കാർഷിക തിയേറ്റർ ഫെസ്റ്റിനോടനുബന്ധിച്ച് നമ്മൾ മാങ്ങയുത്സവവും നടത്തുന്നു.
നൂറ്റമ്പതിൽപ്പരം നാടൻമാങ്ങകളുടെ പ്രദർശനം !
IMCP യും ( നാടൻ മാവ് സംരക്ഷണ സമിതി )
മരസേനയും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മാമ്പഴമേള കാണാൻ ഏവർക്കും സ്വാഗതം.
തൃശൂർ - ഇരിങ്ങാലക്കുട റൂട്ടിൽ
ചേർപ്പിലെ വല്ലച്ചിറ ഗ്രാമത്തിൽ
നാടക ദ്വീപിൽ
മെയ് 12 13 തിയ്യതികളിൽ
ഉച്ചയ്ക്ക് 2 മണിമുതൽ 7 മണിവരെ.