കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സുഗന്ധവിളകൾക്ക് ആണ്. കുരുമുളകിൻറെ ദ്രുതവാട്ടവും, ഇഞ്ചി/ മഞ്ഞൾ തുടങ്ങിയവയുടെ മൂട് അഴുകൽ , ജാതിയിൽ കായ് പിടിക്കാത്ത അവസ്ഥയും അപ്രതീക്ഷിത വേനൽ മഴ മൂലം ഉണ്ടാകുന്ന രോഗ സാധ്യതകളാണ്. ഇതിനെ പ്രതിരോധിക്കുവാൻ ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾ കാർഷിക സർവകലാശാലകൾ പുറത്തിറക്കിയിട്ടുണ്ട്.
രോഗങ്ങൾക്കുള്ള പ്രതിവിധി
ഇഞ്ചി/ മഞ്ഞൾ
മഴ സമയത്ത് ഇഞ്ചി /മഞ്ഞൾ തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇതിൻറെ മൂട് ചീഞ്ഞു പോകുന്നതാണ്. ഇഞ്ചി /മഞ്ഞൾ തുടങ്ങിയവയിൽ കാണപ്പെടുന്ന രോഗം ബാധിച്ച ചെടികളെ ആദ്യമേ തടങ്ങളിൽ നിന്നും നശിപ്പിക്കണം. കൂടാതെ 0.25 ശതമാനത്തിൽ കോപ്പർ ഓക്സിക്ലോറൈഡ്, 0.125 ശതമാനത്തിൽ മെറ്റാലാക്സിൽ Mz, 3*1 മീറ്റർ വലിപ്പത്തിലുള്ള തടം ഒന്നിന് 5- 10 ലിറ്റർ വെള്ളത്തിൽ ഒഴിച്ച് തടം കുതിർക്കണം.
ജാതി
ബോർഡോമിശ്രിതം ഒരുശതമാനം തയ്യാറാക്കി തളിക്കുകയും കോപ്പർ ഓക്സിക്ലോറൈഡ് 0.25% വീര്യമുള്ളതുകൊണ്ട് തടം കുതിർക്കുകയും വേണം. ഒരു തടം നനയ്ക്കുന്നതിന് 5-10 ലിറ്റർ വേണ്ടിവരുന്നു.
കുരുമുളക്
ആദ്യമേ തോട്ടത്തിൽ കാണുന്ന അഴുകിയ വള്ളികൾ വേര് ഉൾപ്പെടെ പിഴുത് നശിപ്പിക്കുക. തോട്ടത്തിനുള്ളിൽ ഈർപ്പം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. മഞ്ഞുതുള്ളികൾ നേരിട്ട് നഴ്സറിയിൽ വീഴാതിരിക്കാൻ സംരക്ഷണം ഉറപ്പുവരുത്തണം. വള്ളികളിൽ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിക്കുകയും കൊടി ചുവട്ടിൽ നിന്ന് 45 സെൻറീമീറ്റർ അകലെ വരെ 0.2 ശതമാനം വീര്യത്തിൽ തയാറാക്കിയ കോപ്പർ ഓക്സിക്ലോറൈഡ് കൊണ്ട് മണ്ണ് കുതിക്കുകയും വേണം.
ഉയർന്ന പ്രദേശങ്ങളിൽ ആന്ത്രക്നോസ് രോഗം കണ്ടെത്തിയാൽ കാർബൻഡാസിം രണ്ടു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിക്കണം.
ഏലം
ചെടികൾക്ക് ചുറ്റും പുത ഇട്ടു നൽകണം. തോട്ടത്തിൽ അധിക ഈർപ്പം വാർന്നുപോകാൻ സൗകര്യമൊരുക്കുകയും തണൽ ക്രമീകരിക്കുകയും വേണം.