ആപ്പിള്‍, പ്ലം, ചെറി, സബര്‍ജില്‍, സ്ട്രോബെറി തുടങ്ങിയ ശീതകാല പഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കേരളത്തിന്റെ ൈഹറേഞ്ച് മേഖലകളില്‍ ഇത് മരത്തക്കാളി എന്ന മഞ്ഞുകാലവിളയുടെ വിളവെടുപ്പുകാലം. 'കേരളത്തിന്റെ പഴത്തോട്ടം' എന്ന് പേരെടുത്ത ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ മലനിരകളിലാണ് ഫാഷന്‍ഫ്രൂട്ടിന്റെയും സാക്ഷാല്‍ തക്കാളിയുടെയും മധുരരസം മേളിച്ച മരത്തക്കാളി വിളയുന്നത്. ഊട്ടിയിലും കൊടൈക്കനാലിലുമാണ് മരത്തക്കാളിയുടെ ഇഷ്ട ആവാസകേന്ദ്രങ്ങളെങ്കിലും കാന്തല്ലൂരിലും മരത്തക്കാളി എന്ന 'ട്രീ ടൊമാറ്റോ' സമൃദ്ധമായി വളരുന്നു.
നമുക്ക് സുപരിചിതമായ തക്കാളിയുടെ രൂപമല്ല ഇതിന്. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ് മരത്തക്കാളിയുടേത്. ചെറിയ മരമെന്നോ കുറ്റിച്ചെടിയെന്നോ ഒക്കെ പറയാം. പെറു, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ മിതോഷ്ണ പ്രദേശങ്ങളുടെ സന്തതിയാണിത്. അവിടങ്ങളിലും ദ്രുത വളര്‍ച്ചാ സ്വഭാവമുള്ള ഇത് പരമാവധി അഞ്ചുമീറ്റര്‍വരെ ഉയരത്തില്‍ വളരും. നിവര്‍ന്നുവളരുന്ന ചെടിയുടെ വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളിലാണ് കായ് പിടിക്കുക. ഒരു കുലയില്‍ ആറ് തക്കാളിവരെ കാണും. വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കള്‍ക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടുംചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം.
വിത്തു വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം. തണ്ട് മുറിച്ചുനട്ടുവളര്‍ത്തുന്ന കഷണങ്ങളാണ് താരതമ്യേന വേഗം കായ് പിടിക്കുന്നതെന്നു കണ്ടിരിക്കുന്നു. ഇവ ഞാറ്റടികളില്‍ പാകി ശാക്തീകരിച്ചശേഷം ഒരു മീറ്റര്‍ വലിപ്പമെത്തുമ്പോള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുകയാണ് പതിവ്. വിളവുകിട്ടാന്‍ ഒന്നര-രണ്ടുവര്‍ഷത്തെ വളര്‍ച്ച മതി.
പെക്റ്റിന്‍' എന്ന ഘടകം സമൃദ്ധമായുള്ളതിനാല്‍ മരത്തക്കാളി വിവിധ വിഭവങ്ങളാക്കി സൂക്ഷിച്ചുവെക്കാന്‍ ഉത്തമമാണ്. ഡിസേര്‍ട്, ചട്ണി, സോസ്, ഐസ്‌ക്രീം, അച്ചാര്‍ തുടങ്ങി വിവിധതരം ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ മരത്തക്കാളി ഒരുത്തമ ചേരുവയാണ്.