ഗ്രോബാഗ്
ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 – 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.
ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്.
അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം ട്രൈക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത് ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.
ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം.
മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചാക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.