ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ മീന്‍പിടുത്ത രീതികള്‍ അവലംബിച്ചുവരുന്നുണ്ട്. ഇത്തരത്തില്‍ ഏറെ വ്യത്യസ്തമായ ശ്രീലങ്കയിൽ മാത്രമുള്ള വിചിത്രമായ ഒരു മത്സ്യബന്ധന രീതിയാണ് സ്റ്റിൽട്ട് ഫിഷിങ്.
പേരുപോലെത്തന്നെ, മരക്കുറ്റിയാണ് ഇവിടെ താരം. കടലില്‍, തീരത്തിനടുത്തായി ഒരു മരക്കുറ്റി നാട്ടി അതിനു മുകളില്‍ ലംബമായി ഒരു മരക്കഷണം പിടിപ്പിക്കുന്നു. അതിനു മുകളില്‍ ഇരുന്ന് കൊണ്ട് കടലിലേക്ക് ചൂണ്ട എറിയുന്നു. പ്രാകൃതവും , പ്രാചീനവുമാണെന്ന് തോന്നുമെങ്കിലും, സ്റ്റിൽട്ട് ഫിഷിംഗ് എന്നറിയപ്പെടുന്ന ഈ രീതി പ്രചാരത്തില്‍ വന്നിട്ട് അധികം കാലമായിട്ടില്ല.
രണ്ടാം ലോകമഹായുദ്ധസമയത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ സാധാരണയായി മത്സ്യബന്ധനം നടത്തുന്ന സ്ഥലങ്ങളില്‍ തിരക്കേറി. ആ സാഹചര്യത്തിലാണ് ഇത്തരമൊരു രീതിയുടെ തുടക്കം. തകര്‍ന്ന കപ്പലുകളുടെയും , വിമാനങ്ങളുടെയും അവശിഷ്ടങ്ങളില്‍ കൂടുകൂട്ടിയ മീനുകളെ പിടിക്കാന്‍ വേണ്ടിയാണ് സ്റ്റിൽട്ട് ഫിഷിങ് ആരംഭിച്ചത്.
പിന്നീട് പല കുടുംബങ്ങളും കൂടുതല്‍ മീന്‍ കിട്ടുന്ന പവിഴപ്പുറ്റുകള്‍ക്കരികില്‍ സ്ഥിരമായി തങ്ങളുടെ മരക്കുറ്റികള്‍ നാട്ടി. നവതുന, വെലിഗമ പട്ടണങ്ങൾക്കിടയിലുള്ള തെക്കൻ തീരത്ത് താമസിക്കുന്ന, മത്സ്യത്തൊഴിലാളികള്‍ രണ്ടു തലമുറയോളമായി ഈ രീതി പിന്തുടരുന്നവരാണ്.
ഈ രീതിയിലാകുമ്പോള്‍ ഒരുപാടൊന്നും മീന്‍ പിടിക്കാന്‍ പറ്റില്ല. ചെറിയ അയല, മത്തി മുതലായവ മാത്രമാണ് കൂടുതലും കിട്ടുന്നത്. 2004-ലെ സുനാമി ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂരിഭാഗവും തകർക്കുകയും ശ്രീലങ്കൻ തീരത്തെ എന്നെന്നേക്കുമായി മാറ്റി മറിക്കുകയും ചെയ്തു. ആ മഹാദുരന്ത ത്തിന് ശേഷം മീനിന്‍റെ ലഭ്യത നന്നായി കുറഞ്ഞു.
ഇപ്പോഴും ഒരു വിനോദസഞ്ചാര ആകര്‍ഷണം എന്ന രീതിയിലാണ് പലയിടങ്ങളിലും സ്റ്റിൽട്ട് ഫിഷിംഗ് തുടര്‍ന്നു പോരുന്നത്. ഇനിയും അധികകാലത്തേയ്ക്ക് ഈ രീതി പിന്തുടരാന്‍ സാധ്യതയില്ല.
മഴക്കാലമാകുമ്പോള്‍ തൊഴിലാളികള്‍ മത്സ്യബന്ധനം പൂര്‍ണമായും നിര്‍ത്തും. ഈ സമയത്ത് അവര്‍ തങ്ങളുടെ മരക്കുറ്റികള്‍ വാടകയ്ക്ക് കൊടുക്കുന്ന പതിവുണ്ട്. മീന്‍ പിടിക്കാത്ത സമയങ്ങളില്‍ ഇങ്ങനെയാണ് മത്സ്യത്തൊഴിലാളികള്‍ വരുമാനമുണ്ടാക്കുന്നത്.
വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ മത്സ്യത്തൊഴിലാളികളായി വേഷമിടുന്ന ആളുകളാണ് ഇവ വാടകയ്ക്ക് എടുക്കുന്നത്. ഇന്ന് ഇന്‍റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള സ്റ്റില്‍റ്റുകളുടെ ചിത്രങ്ങളില്‍ ഭൂരിഭാഗത്തിലും കാണുന്നത് ഇങ്ങനെ വേഷം കെട്ടിയ ആളുകളാണ് എന്നാണ് പറയപ്പെടുന്നത്.