കൂണ്‍കൃഷി എങ്ങനെ ചെയ്യാം?

 കൂണ്‍കൃഷി | മഷ്റൂം

ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാൻ കൂണ്‍കൃഷി: അറിയാം കൃഷി രീതിയും വരുമാന സാധ്യതകളും.



ഏറെ മുതൽ മുടക്കില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയുന്ന വിളയാണ് കൂണ്‍. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും ശ്രദ്ധേയമാണ്. ഏറെ പരിചരണമോ വളമോ നല്‍കേണ്ട ആവശ്യം വരുന്നില്ല. 


കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന വൈക്കോല്‍, അറക്കപ്പൊടി എന്നിവയൊക്കെ കൂൺ കൃഷിയിൽ മണ്ണിനു പകരം ഉപയോഗിക്കാം.


കൂണ്‍ കൃഷി എന്ന പേരുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുകയല്ല, മറിച്ച് കൂണ്‍ വിത്ത് മുളച്ചുപൊന്തി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ എത്താനുള്ള സ്വാഭാവിക പരിസ്ഥിതി ഒരുക്കുകയാണ് ഒരു കര്‍ഷകന്‍ ചെയ്യുന്നത്. വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂണ്‍ കൃഷി.


 കൂണ്‍ വിത്ത് തിരഞ്ഞെടുക്കുമ്പോള്‍ മികച്ച വിത്തിന്റെ ദൗര്‍ലഭ്യം കര്‍ഷകര്‍ അനുഭവിക്കാറുണ്ട്. അണുബാധയില്ലാത്ത, തഴച്ചുവളര്‍ന്നു നല്ല വെളുത്ത കട്ടിയുളള കൂണ്‍ വിത്ത് തിരഞ്ഞെടുക്കണം. ഇടകലര്‍ത്തി തടം തയാറാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത.


കൂണുകള്‍ പലതരത്തിലുള്ള കേരളത്തില്‍ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയാണ് സജീവമായി കൃഷിചെയ്യുന്നത്. പാല്‍ക്കൂണ്‍ ജൂണ്‍-ഡിസംബര്‍ കാലയളവിലും ചിപ്പിക്കൂണ്‍ ജനവരി-മെയ് മാസങ്ങളില്‍ (വേനല്‍ക്കാലത്തും) വളര്‍ത്താം. ഓരോ ഇനവും അതാത് കാലാവസ്ഥക്കനുയോജ്യമായി വളരുന്നു. ചിപ്പി കൂണിന്റെ തന്നെ 5 ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാറുണ്ട്. 


കലോസിബ, ജംബൊസ എന്നിവ കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ പാല്‍ക്കൂണിന്റെ ഇനങ്ങള്‍ ആണ്.


ഇന്ന് പ്രചാരത്തിലുള്ള ഒരു മികച്ച കൂണ്‍ കൃഷിരീതിയാണ് ഹൈടെക് മഷ്‌റൂം കള്‍ട്ടിവേഷന്‍. ടിഷ്യു കള്‍ച്ചര്‍ മാതൃകയിലുള്ള ഈ കൃഷി രീതി എങ്ങനെയെന്ന് നോക്കാം:


കൂണ്‍കൃഷിക്കുള്ള ഉണക്കിയ വൈക്കോല്‍, ചകിരിചോറ് എന്നിവ ശുദ്ധജലത്തില്‍ ഇട്ടുവച്ച ശേഷം ആവിയില്‍ പുഴുങ്ങണം. ഇത് തറയില്‍ വെള്ളം വാര്‍ന്നു പോകാനായി വിതറിയിടണം. ഈര്‍പ്പം തോന്നത്തക്ക വിധം, എന്നാല്‍ മുറുക്കി പിഴിഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും വീഴാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ വേണമിത്. ശേഷം തടം തയ്യാറാക്കുന്നു.


 വിത്ത് പാകേണ്ടത് പോളിത്തീന്‍ കവറുകളില്‍ ആണ്. 2 ഇഞ്ച് കനത്തില്‍ കുറയാതെ വൈക്കോല്‍ ബെഡ് പോലെ വയ്ക്കുന്നു. ശേഷം ഒന്നൊതുക്കി കൂണ്‍ വിത്തുകള്‍ തരിതരിയായി വിതറുന്നു. വിതറുമ്പോള്‍ മധ്യത്തിലാവാതെ മൂലകളെ കേന്ദ്രീകരിച്ച് കട്ടിയില്ലാത്ത രീതിയില്‍ 6 തവണ വരെ ബാഗുകളില്‍ വിത്ത് വിതറാം.


വിതയ്ക്കല്‍ അവസാനിച്ചാല്‍ കവറിന്റെ തുറന്നഭാഗം നല്ല വണ്ണം മൂടികെട്ടി, വൃത്തിയുളള ആണി കൊണ്ട് 10 20 വരെ സുഷിരങ്ങള്‍ ഇടണം. ശേഷം നല്ല വായുസഞ്ചാരവും ആര്‍ദ്രതയുളള മുറികളില്‍ തൂക്കിയിടാം. തറയില്‍ ചരലോ മണലോ നിരത്തി കൂണ്‍ മുറി ഒരുക്കാം. ദിവസേന വൃത്തിയാക്കുന്ന കൂട്ടത്തില്‍ അണുബാധ ആരംഭിച്ച തടങ്ങള്‍ അതതു സമയങ്ങളില്‍ തന്നെ നീക്കം ചെയ്യണം.വളര്‍ച്ച പ്രാപിച്ച കൂണുകളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ വിളയുടെ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ബ്ലീച്ചിങ് പൗഡര്‍ ലായനി തളിച്ച് മുറി ശുചിയാക്കണം. 


ഇങ്ങനെ ചെയ്താല്‍ പോലും ഈച്ചയും വണ്ടും കൂണ്‍ മുറിയില്‍ വരാറുണ്ട്. ഇതിനെ അകറ്റിനിര്‍ത്താന്‍ മുറിയുടെ ജനാലകള്‍, വാതില്‍ മറ്റ് തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 25-40 മേഷ് വല കൊണ്ട് അടിക്കണം. ശേഷം മുറിക്കകത്തും നിലത്തും ആഴ്ചയില്‍ 2 തവണയെങ്കിലും വേപ്പെണ്ണ സോപ്പ് മിശ്രിതം തളിക്കണം.


വളര്‍ച്ചയെത്തിയ കൂണുകളെ 20-50 ദിവസങ്ങള്‍ക്കകം വിളവെടുപ്പ് നടത്താം. അങ്ങനെ 55-75 ദിവസങ്ങളില്‍ 3 തവണ വരെ വിളവെടുപ്പ് നടത്താവുന്നതാണ്. വീടിനുള്ളിലെ മുറിയിലോ ടെറസ്സില്‍ ടാര്‍പോളിന്‍, ഷെഡ് നെറ്റ് തുടങ്ങിയവ കൊണ്ടു മറച്ച രീതിയിലും ഈ വിള സമൃദ്ധമായി കൃഷി ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിനായി പത്തനംതിട്ടയിലെ തെളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു.


കൃഷി അവസാനിച്ചാല്‍ തടങ്ങള്‍ മാറ്റി കൂണ്‍ മുറി പുകയ്ക്കണം. 1.5% ഫോര്‍മാലിനോ ഫോര്‍മാലിന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് മിശ്രിതമോ ഉപയോഗിക്കാം.


ഉദ്ദേശം 60-70 രൂപ വരെയാണ് ഒരു കിലോ കൂണിന് ഉല്പാദന ചെലവ് വരുന്നത്. ചിപ്പിക്കൂണും പാല്‍ക്കൂണും ഒരു കിലോക്ക് 300 രൂപ വരെ നിരക്കിലാണ് വില്‍പന നടക്കുന്നത്. ഇപ്പോഴത്തെ നില വച്ച് കുറഞ്ഞത് 200 രൂപ ഒരു കിലോ കൂണിന് ലാഭം ലഭിക്കുമെന്ന് സാരം.


കൂണ്‍ കൃഷി പോത്സാഹിപ്പിക്കുന്നതിനായി ഹൈടെക് കൂണ്‍ യൂണിറ്റുകള്‍ നിര്‍മിച്ച് ഉല്‍പ്പാദനം നടത്താൻ 1 ലക്ഷം രൂപ വീതം സബ്‌സിഡി സംസ്ഥാന ഹോട്ടി കള്‍ച്ചര്‍ മിഷന്‍ വഴി സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.

(ആര്യ ഉണ്ണി)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section