കുറ്റിക്കുരുമുളകിന്റെ കൃഷിയും പരിപാലനവും ഇനങ്ങളും എങ്ങനെയെന്ന് വിശദമാക്കാമോ?
കുരുമുളകുകൊടിയുടെ മധ്യപ്രായമുള്ള പച്ചനിറം മാറാത്ത പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. സാധാരണഗതിയില്‍ താങ്ങുകളില്‍ പറ്റിപ്പിടിച്ചു മുകളിലേക്ക് വളരുന്ന സ്വഭാവം ഇത്തരം തൈകള്‍ക്ക് ഉണ്ടാകില്ല. ഇവ മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തിനിറച്ച ചട്ടിയിലോ പോളിബാഗിലോ നിലത്തോ കുറ്റിച്ചെടിയായി വളര്‍ത്താം. മേയ് -ജൂണ്‍ മാസങ്ങളില്‍ ഇത് ചെയ്യാം.
ശാഖകള്‍ നാലഞ്ചു മുട്ടുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തിട്ട് ചുവടുഭാഗം 1000 പി.പി.എം. ഇന്‍ഡോള്‍ ബ്യുട്ടിറിക് ആസിഡ് ലായനിയില്‍ (ഒരു ഗ്രാം ഇന്‍ഡോള്‍ ബ്യുട്ടീറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) 45 സെക്കന്‍ഡ് മുക്കിയശേഷം വേണം നടാന്‍. വേഗം വേര് പൊട്ടാനാണിത്. തടത്തില്‍ പുതയിടുന്നത് നല്ലത്. പിടിച്ചുതുടങ്ങുമ്പോള്‍ 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരാഴ്ച ഇടവിട്ട് ചേര്‍ത്താല്‍ വളര്‍ച്ച മെച്ചപ്പെടും. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, നേര്‍പ്പിച്ച ഗോമൂത്രം എന്നിവയും നല്ല ജൈവവളങ്ങളാണ്. കൂടുതല്‍ വിളവ് കിട്ടണമെങ്കില്‍ രണ്ട് ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, നാല് ഗ്രാം പൊട്ടാഷ് എന്നിവ രണ്ടു മാസം ഇടവിട്ട് ചേര്‍ക്കണം.
തൈകള്‍ക്ക് ഭാഗികമായ തണലാണ് ഇഷ്ടം. പ്രത്യേകിച്ച് ആദ്യത്തെ രണ്ടാഴ്ചക്കാലം. നീണ്ടു വളരുന്ന തണ്ടുകള്‍ യഥാസമയം മുറിച്ചു കുരുമുളക് കുറ്റിയായി നിലനിര്‍ത്താനും ശ്രദ്ധിക്കണം. വളര്‍ച്ച നോക്കി രണ്ടു വര്‍ഷം ആകുമ്പോള്‍ ചട്ടി മാറ്റിക്കൊടുക്കുകയും വേണം. രണ്ടാം വര്‍ഷം ഏതാണ്ട് അര കിലോയ്ക്കടുത്തു പച്ചക്കുരുമുളക് കിട്ടും. മൂന്ന് വര്‍ഷം പ്രായമായ കുറ്റിക്കുരുമുളകു ചെടിയില്‍നിന്ന് ഏകദേശം ഒരു കിലോ പച്ചക്കുരുമുളക് കിട്ടും. നന്നായി പരിപാലിച്ചാല്‍ ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെ
15 വര്‍ഷംവരെ വിളവ് തരുന്ന ചെടികളുമുണ്ട്. പന്നിയൂര്‍, കരിമുണ്ട തുടങ്ങിയ ഇനങ്ങളൊക്കെ ഈ വിധം കുറ്റിച്ചെടിയായി വളര്‍ത്താന്‍ സാധിക്കും. ഒരു ചട്ടി കുറ്റിക്കുരുമുളക് ഇങ്ങനെ വളര്‍ത്തിയെടുക്കാന്‍ പരമാവധി 30 രൂപയോളമേ ചെലവ് വരൂ. എന്നാല്‍, ഇതില്‍നിന്ന് കിട്ടുന്ന വിളവാകട്ടെ മികച്ചതാണ്. വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗമാണ് കുറ്റിക്കുരുമുളക് കൃഷി.
തയ്യാറാക്കിയത് : സുരേഷ് മുതുകുളം
പടം കടം : ദാമോദരൻ (+91 94468 42393)