ചക്ക പഴയ ചക്കയല്ല.. സിദ്ദുവാണ് താരം.. | പ്രമോദ് മാധവൻ

കാർഷിക വിളകളുടെ മുന്തിയ ഇനങ്ങൾ രൂപപ്പെടുന്നത് ഗവേഷണശാലകളിൽ മാത്രമല്ല, കർഷകക്ഷേത്രങ്ങളിലും കൂടിയാണ്.
ഭാവിയിലേക്ക് നിക്ഷേപിക്കാവുന്ന ഒരു കാർഷിക വിളയായി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം പ്ലാവ്.

Vegan Meat ആയും Glycemic Index കുറഞ്ഞ Diabetic food ആയും ദഹന നാരുകളുടെ മേളപ്പെരുക്കത്താൽ കുടലിനെ കഴുകി ദേഹശുദ്ധി വരുത്താനുള്ള കഴിവിനാലും ചക്ക തന്റെ തിണ്ണമിടുക്ക് തെളിയിച്ച് തുടങ്ങി.
പുറം രാജ്യങ്ങളിൽ നിന്നും കൊണ്ട് വരുന്ന ഇനങ്ങളെക്കാൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയുമായി ഇണങ്ങിയ ഇനങ്ങൾ ആണ് ദീർഘകാലാടിസ്ഥാനത്തിൽ നല്ല ഫലം തരിക. തമിഴ് നാട്ടിലെ Panruti ചക്ക ഗ്രാമമായത് ഒരു വിദേശ ഇനത്തിന്റെയും സഹായത്തോടെയല്ല എന്നതും ശ്രദ്ധിക്കണം.
പ്ലാവ് കൃഷി വികസന കാര്യത്തിൽ തമിഴ്നാടും കർണാടകയും ഏറെ മുന്നോട്ട് പോയിരിക്കുന്നു.നമ്മളും വച്ച് പിടിക്കുന്നുണ്ട്.
കർണാടകയിൽ ഇപ്പോൾ 'സിദ്ദു 'ആണ് താരം.

Indian Institute of Horticulture Research ന്റെ Hirehalli യിൽ ഉള്ള പ്രാദേശിക കേന്ദ്രമാണ് തുംകൂർ ജില്ലയിലെ ചേലൂർ ഗ്രാമത്തിൽ പരമേശയുടെ തോട്ടത്തിൽ ഈ പരമയോഗ്യ ചക്കശ്രീമാനെ കണ്ടെത്തി പുറം ലോകത്തിന് പരിചയപ്പെടുത്തിയത്.
ഒരു ചക്ക ശരാശരി രണ്ടര -അഞ്ച് കിലോ
ഒരുചക്കയിൽ 25-30ചുളകൾ
ചുളകൾക്ക് ചെന്തീക്കനലിനെ വെല്ലുന്ന നിറപ്പകർച്ച
35വർഷം പ്രായമായ പ്ലാവിൽ നിന്നും ഒരു വർഷം കിട്ടുന്നത് 1098കിലോ ചക്ക
നാവിനെ കോരിത്തരിപ്പിക്കുന്ന മധുരം
കടിയ്ക്കുമ്പോൾ നല്ല തരു തരിപ്പ്
നല്ല സൂക്ഷിപ്പ് കാലാവധി
കീട രോഗങ്ങൾ കാര്യമായി സാധിക്കുന്നില്ല...

ചുരുക്കത്തിൽ ഒരു ചക്കയിൽ നമ്മൾ ആശിക്കുന്ന എല്ലാ വൈശിഷ്ട്യങ്ങളും ഇതിൽ സമ്മേളിച്ചിരിക്കുന്നു..
പ്രകൃതി തന്നെയാണ് ഏറ്റവും മികച്ച ബ്രീഡർ...
ഇവൻ, കേരളം കീഴടക്കുന്ന വിയറ്റ്നാം സൂപ്പർ ഏർളിയ്ക്ക് എതിര് നിൽക്കാൻ പോന്നവൻ..
വിശ്വം വെല്ലാൻ ഇവൻ പോതും...
പക്ഷെ ഇപ്പോൾ കർണാടകയിലെ കർഷകർക്ക് കൊടുക്കാൻ തന്നെ തൈകൾ തികയുന്നില്ല.
ആദ്യത്തെ രണ്ട് വർഷം കൊണ്ട് തന്നെ 33000കർഷകർക്കായി ഒരു ലക്ഷം തൈകൾ നൽകി 22ലക്ഷത്തിലേറെ തുക പരമേശയും കുടുംബവും സമ്പാദിച്ചു.

'പുറത്തിറങ്ങിയതിനേക്കൾ വലുത് അളയിൽ 'എന്നതാണ് അവസ്ഥ.
ഇനി കൊടുത്ത് തീർക്കാൻ ഉള്ള ഓർഡർ രണ്ട് ലക്ഷത്തിലേറെ.
അത് കഴിഞ്ഞ് വേണം ഇന്ത്യയും ഏഷ്യയും ആഫ്രിയ്ക്കയുമൊക്കെ കീഴടക്കാൻ..
'ദിഗ്വിജയത്തിനെൻ പ്രിയ ചക്കയാം സിദ്ദുവിനെ വിട്ടയയ്ക്കുന്നു ഞാൻ' എന്ന് ഇന്ത്യ.

വാൽകഷ്ണം : സിദ്ദു പ്രശസ്തമായതോടെ വീട്ടുകാർക്ക് ചക്ക തിന്നാൻ കിട്ടാതായി. സീസൺ ആകുമ്പോൾ കർണാടകയിലെ രാഷ്ട്രീയ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ചക്കയ്ക്കായി മുൻ‌കൂർ ബുക്കിങ്ങാണ്. മലയപ്പുലയന്റെ മക്കളെപ്പോലെ ചക്ക ഇഷ്ടാനുസരണം തിന്നാൻ കിട്ടാതെ, ഖിന്നരായി പരമേശയുടെ മക്കളും..

പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section