തെങ്ങിൻ തൈ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നട്ട്, ശരിയായ രീതിയിൽ വളപ്രയോഗവും ,രോഗ കീടനിയന്ത്രണവും നടത്തിയാൽ തെങ്ങ് വളരെ വേഗം കായ്ക്കും. ആരോഗ്യമുള്ള ഒരു തെങ്ങിൽ ഒരു വർഷത്തിൽ ശരാശരി 10 മുതൽ 12 ഓലകളും അത്രയ്ക്ക് പൂങ്കുലകളും ഉണ്ടാകും.തെങ്ങിൻ്റെ ഓല കവിളുകൾക്കിടയിൽ നിന്നും ( പത്രകക്ഷത്തിൽ നിന്നും) പൂങ്കുലയുടെ വളർച്ച തുടങ്ങിയാൽ 75 മുതൽ 90 ദിവസത്തിനകം പൂങ്കുല വിരിയും. പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ട്. ഒരു പൂങ്കുലയെടുത്ത് പരിശോധിച്ചാൽ മുകൾ ഭാഗത്ത് ആൺ പൂക്കളും ,അടിഭാഗത്തായി പെൺപൂക്കളും കാണുവാൻ കഴിയും. സങ്കര ഇനം തെങ്ങുകൾ മൂന്നര വർഷം മുതൽ കായ്ക്കുവാൻ തുടങ്ങും. ഉയരത്തിൽ വളരുന്ന നെടിയ ഇനം തെങ്ങുകൾ 5 മുതൽ 7 വർഷം കഴിയുമ്പോൾ കായ്ക്കാൻ തുടങ്ങും. പരാഗണം നടന്നു കഴിഞ്ഞാൽ തേങ്ങ വിളവെടുക്കാറാകുമ്പോൾ ഏകദേശം 11മുതൽ 12 മാസം മൂപ്പുണ്ടാകണം. നന്നായി വിളഞ്ഞ നാളികേരത്തിൽ കൊട്ടിനോക്കിയാൽ ലോഹത്തിൽ കൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദമുണ്ടാകും. കേരളത്തിൽ വേനൽക്കാലത്ത് സാധാരണ 45 ദിവസത്തെ ഇടവേളകളിലാണ് കർഷകർ നാളികേരം ഇടാറുള്ളത്. എന്നാൽ നല്ല മഴക്കാലമാകുമ്പോൾ അത് 60 ദിവസത്തിലൊരിക്കലാണ്. നല്ല ആരോഗ്യവും ,രോഗ കീടബാധയൊന്നുമില്ലാത്ത തെങ്ങിൽ നിന്ന് വർഷത്തിൽ ശരാശരി 5 മുതൽ 7 തവണ തേങ്ങയിടാൻ കഴിയും.
നാളികേരം വിളവെടുപ്പ് കാലം | SK. ഷിനു
November 08, 2022
0