ഫൈറ്റോതോറ പാമിവോറ (Phytothora Palmivora ) എന്ന കുമിളാണ് കൂമ്പു ചീയലിനു കാരണമായ രോഗ ഹേതു. മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു രോഗമാണിത്. എല്ലാ പ്രായത്തിലുള്ള തെങ്ങിനും ഈ രോഗം വരാറുണ്ടെങ്കിലും 3 മുതൽ 15 വർഷത്തിനിടയിൽ പ്രായമുള്ള ഇളം തെങ്ങുകളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.മഴക്കാലത്ത് അന്തരീക്ഷത്തിൽ ചൂട് കുറയുന്നതും ആർദ്രത കൂടുന്നതും കൂമ്പു ചീയൽ രോഗത്തിന് അനുകൂലമായ സാഹചര്യങ്ങളാണ്. കൂമ്പു ചീയൽ ആദ്യം ബാധിക്കുന്നത് കുരുത്തോലയുടെ ഏറ്റവും അടിഭാഗത്താണ് .തുടർന്ന് തെങ്ങിൻ്റെ മണ്ടയുടെ മുകൾ ഭാഗത്തുള്ള മാർദ്ദവമായ ഭാഗത്ത് രോഗബാധയേറ്റ് അഴുകുന്നു.തുടർന്ന് കൂമ്പോലകൾ മഞ്ഞ നിറമാവുകയും അഴുകിയ ഭാഗത്തു നിന്നും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു .അതോടെ മണ്ട മറിയുന്നു.
നടുനാമ്പിനു പുറമേ ഒന്നോ രണ്ടോ നാമ്പോലകൾ മഞ്ഞളിക്കുന്നതാണ് കൂമ്പു ചീയലിൻ്റെ ആദ്യ ലക്ഷണം. രോഗം മൂർച്ഛിക്കുന്നതോടെ നാമ്പോലകൾ ഉണങ്ങി വീഴുകയോ ഒടിഞ്ഞ് തുങ്ങുകയോ ചെയ്യും. ചീയൽ രോഗം തെങ്ങിൻ്റെ അഗ്ര മുകുളങ്ങളിലേക്ക് വ്യാപിക്കുന്നതോടെയാണ് തെങ്ങ് നശിക്കുന്നത്. സാധാരണ കുമിളിൻ്റെ ഉപദ്രവം ജൂൺ ജൂലൈ മാസങ്ങളിൽ തുടങ്ങുകയും സെപ്റ്റംബറാകുമ്പോൾ ഓലകൾ മഞ്ഞളിക്കുകയും തുടർന്ന് മണ്ട മറിഞ്ഞ് വീഴുകയും ചെയ്യുന്നു.മുൻകരുതൽ എന്ന നിലയിൽ ഏപ്രിൽ മെയ് മാസങ്ങളിൽ തെങ്ങിൽ ബോർഡോ മിശ്രിതം സ്പ്രേ ചെയ്യുന്നത് ഈ രോഗം വരാതിരിക്കുവാൻ കാരണമാകുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ കേടായ ഭാഗം മുഴുവൻ മുറിച്ചുമാറ്റി മുറിപ്പാടിൽ ബോർഡോ പേസ്റ്റ് നന്നായി പെയ്ൻ്റിംഗ് ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കണം.മണ്ടയിൽ മഴവെള്ളമിറങ്ങി മരുന്ന് ഒലിച്ച് നഷ്ടപ്പെടാതിരിക്കുവാനായി മൺകല മോ ,പ്ലാസ്റ്റിക്ക് ബക്കറ്റോ ഉപയോഗിച്ച് മൂടണം. തെങ്ങിൻ്റെ മണ്ടയിൽ വായുസഞ്ചാരം കിട്ടത്തക വിധത്തിലാണ് മൂടേണ്ടത്.തെങ്ങിൻ്റെ മണ്ടയിൽ നിന്നും മുറിച്ചുമാറ്റിയ കേടായ ഭാഗം കത്തിച്ചു നശിപ്പിക്കുക. ചെമ്പ് കലർന്ന കുമിൾനാശിനികൾ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകൾക്ക് യോജിച്ചതല്ല. ആയതിനാൽ ചെമ്പിൻ്റെ വിഷാംശം ചെറുക്കുവാൻ കഴിയാത്ത തെങ്ങുകളിൽ മെയ് മാസത്തിൽ തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി ഇൻഡോഫിൽ M45 /ഡൈത്തേൻ M45 എന്ന കുമിൾനാശിനി 2 ഗ്രാം എന്ന തോതിൽ എടുത്ത് സുഷിരങ്ങൾ ഉള്ള ചെറിയ പ്ലാസ്റ്റിക്ക് കവറിൽ നിറച്ച് തെങ്ങിൻ്റെ ഏറ്റവും മുകളിലെ രണ്ടോ മൂന്നോ ഓല കവിളുകളിൽ കെട്ടിയിടുക. മഴ പെയ്യുമ്പോൾ ഇത് വഴവെള്ളത്തിൽ ലയിച്ച് അൽപ്പാൽപ്പമായി തെങ്ങിൻ്റെ മണ്ടയിലേക്ക് ഒലിച്ചിറങ്ങും. കൂമ്പു ചീയൽ രോഗത്തിനെതിരെ മുൻകരുതൽ എന്ന നിലയ്ക്ക് 20 വർഷത്തിനു താഴെ പ്രായമുള്ള തെങ്ങുകളുടെ മണ്ടയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. 3 മാസം ഇടവിട്ട് മരുന്ന് തളി ആവർത്തിക്കുക .
ചിത്രം: ഗൂഗിൾ