ശീമക്കൊന്ന എന്നു പറഞ്ഞാൽ നമുക്കെല്ലാവർക്കുമറിയാവുന്ന ഒന്നാണ്. അത്രക്ക് മലയാളികളുമായി ഇണങ്ങിയ ഒന്നാണ് ശീമക്കൊന്ന .ഓലമേഞ്ഞ് കെട്ടിയടച്ച നിരവധി ജൈവവേലികൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ അത് കോൺക്രീറ്റ് മതിലുകൾക്ക് വഴിമാറിയപ്പോൾ ശീമക്കൊന്നയും നമ്മുടെ നാടിൽ നിന്നും അപ്രത്യക്ഷമാകുവാൻ തുടങ്ങി. ഇപ്പോൾ കൃഷിയിടങ്ങളിൽ മാത്രമാണ് ശീമക്കൊന്ന താരമാകുന്നത്. ചെറിയ മരത്തിൻ്റെ രൂപം പ്രാപിക്കുന്ന കുറ്റിചെടിയാണ് ശീമക്കൊന്ന.
മധ്യ അമേരിക്കയാണ് ശീമക്കൊന്നയുടെ ജന്മദേശം.4.5 മുതൽ 6.2 വരെ പി എച്ച് മൂല്യമുള്ള മണ്ണിൽ ശീമക്കൊന്ന നന്നായി വളരുകയും ചെയ്യും. ശീമക്കൊന്ന മികച്ച ജൈവവളമാണെന്ന് കേരളത്തിലെ എല്ലാ കർഷകർക്കുമറിയാം.കേരളത്തിൽ പച്ചില വളത്തിനായി കൃഷിയിടങ്ങളിലും പറമ്പിന്റെ അതിരുകളിൽ , വേലികളായി കൊമ്പുകൾ കുത്തി നട്ടുവളർത്തുന്ന ശീമക്കൊന്നയുടെ ഇല നല്ലൊരു പച്ചില വളമാണ്. സമ്പുഷ്ടമായ നൈട്രജന്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും, തെങ്ങിൻ തോട്ടങ്ങളിലും പച്ചില വളമായി ശീമക്കൊന്ന ഇല ഉപയോഗിക്കുന്നു.
കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷി ചെയ്യുമ്പോൾ അടിവളമായി ശീമക്കൊന്ന ഇല ഉപയോഗിക്കാം. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്. ശീമക്കൊന്ന പച്ചില വളത്തിനായി വളർത്തുമ്പോൾ കൊമ്പുകൾ വെട്ടുകയും ,കൊമ്പുകൾ കോതി ഒതുക്കിയും 2-3 മീറ്റർ ഉയരമാക്കി നിർത്തുന്നതാണ് നല്ലത്. ബീൻസിനോടു സാദൃശ്യമുള്ള അല്പം കൂടി പരന്ന കായ്കൾ ധാരാളം ഉണ്ടാകുമെങ്കിലും ഭക്ഷ്യയോഗ്യമല്ല .
ശ്രീമക്കൊന്നയുടെ വിത്തുകൾ നട്ടാൽ മുളയ്ക്കുമെങ്കിലും രണ്ട് മീറ്റർ നീളമുള്ള വിളഞ്ഞ കമ്പ് നടുന്നതാണ് നല്ലത്. 4.5 മുതൽ 6.2 pH ഉള്ള അസിഡിറ്റി ഉള്ള മണ്ണിൽ മരം നന്നായി വളരുന്നു. മധ്യ അമേരിക്കയിലെയും മെക്‌സിക്കോയിലെയും അഗ്നിപർവ്വത മണ്ണിലാണ് ഈ വൃക്ഷം കാണപ്പെട്ടിരുന്നത്. എന്നിരുന്നാലും, ഇത് മണൽ, കളിമണ്ണ്, എന്നിവയിലും നന്നായി വളരും.ഒരു വർഷം ഒരു ശീമക്കൊന്നയിൽ നിന്ന് 10 മുതൽ 20 കിലോ പച്ചില ലഭിക്കും.
കാർഷിക വിളകൾക്ക് ഏറെ പോഷണം നൽകുന്ന പച്ചില വളമാണ് ശീമക്കൊന്ന. ജൈവ വളക്കൂട്ടുകൾ നിർമ്മിക്കുമ്പോൾ ശീമക്കൊന്നയുടെ ഇല കൂടെ ചേർത്താൽ ഗുണം ഇരട്ടിയാവും.Gliricidia എന്ന പൊതുനാമത്തിന്റെ അർത്ഥം "എലിയെ കൊല്ലുന്നവൻ" എന്നാണ്. അതിന്റെ വിഷ വിത്തുകളും പുറംതൊലിയും എലിനാശിനികളായി ഉപയോഗിക്കുന്നത്.
എലി കഴിക്കുന്ന ധാന്യങ്ങൾ ശീമക്കൊന്നയുടെ, വിത്തും ഇലയും ,തണ്ടിലെ തൊലിയും ഇട്ട് തിളപ്പിച്ച് ആ ദാന്യങ്ങൾ എലികൾ വരുന്ന സ്ഥലങ്ങളിൽ വച്ചാൽ അത് എലികൾ ഭക്ഷിച്ച് ചത്തൊടുങ്ങും. ചെടികളുടെ വേരുപടലങ്ങളെ ആക്രമിക്കുന്ന നിമ വിരകൾക്കെതിരെ പ്രവർത്തിക്കുവാനും ശീമക്കൊന്നക്കു കഴിയും.