ഇന്ത്യയുടെയും വിയറ്റ്നാമിൻ്റെയും ദേശീയ പുഷ്പ്പമാണ് താമര. ജലാശയങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെ താമരകൾ സമൃദ്ധമായി വളർന്ന് പുഷ്പ്പിച്ചു നിൽക്കുന്നത് നാം കണ്ടിട്ടുണ്ട്.
താമരകൾ ജലാശയങ്ങളിൽ മാത്രമാണ് നാം കണ്ടിരുന്നതെങ്കിൽ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലുമൊക്കെ മനോഹരമായ താമരപ്പൂക്കൾ വിരിയുകയാണ്.
നമ്മുടെ ദേശീയ പുഷ്പമായ താമരയെ ചെടിച്ചട്ടികളിൽ വളര്‍ത്തുന്നതിന് ഇന്ന് നമുക്ക് കഴിയുന്നു. താമര കൃഷി വിജയിക്കണമെങ്കിൽ കുളങ്ങളിലേയും
ജലാശയങ്ങളിലേയും ആവാസ വ്യവസ്ഥ വീട്ടുമുറ്റങ്ങളിൽ ലഭ്യമാക്കണം എന്നു മാത്രം. താമരകൾ നമ്മുടെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തി ,പല നിറത്തിലുള്ള പൂക്കൾ വിരിയിച്ച് കൂടുതൽ വരുമാനം നേടുവാനും കഴിയും. ആയിരം ഇതളുകളുള്ള സഹസ്രദള പത്മം വരെ ഇന്ന് വീട്ടുമുറ്റങ്ങളിൽ വിരിയുകയാണ്.
വീടുകളിൽ താമര കൃഷി ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർ .
കുറഞ്ഞത് 15 മുതൽ 20 ലിറ്റർ വെള്ളം കൊള്ളാവുന്ന മൺചട്ടിയോ അല്ലെങ്കിൽ സിമ്മെൻ്റ് ചട്ടിയോ പ്ലാസ്റ്റിക് ഡ്രമ്മോ, ടാങ്കുകളോ ഉപയോഗിക്കാവുന്നതാണ്.താമരയുടെ ഇനം തിരിച്ചറിഞ്ഞ് ചട്ടിയുടെ വലുപ്പം ക്രമീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹൈറ്റ് കൂടിയ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ ഉൾ ആഴം കൂടിയ ചട്ടികളിലാണ് നടേണ്ടത്. വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചെടുത്ത അധികം പൊക്കം വക്കാത്ത ഹൈബ്രിഡ് ഇനങ്ങൾ വിപണികളിൽ ലഭ്യമാണ്. ഹൈറ്റ് കുറഞ്ഞ ഇനങ്ങൾ വലിപ്പം കുറഞ്ഞ ചട്ടിയില്‍ നട്ടുവളർത്താവുന്നതാണ് നല്ലത്.കർഷകൻ താമരയുടെ ഓരോ ഇനങ്ങളും തിരിച്ചറിയണം എന്നു മാത്രം. എന്നാൽ ഇനം തിരിച്ചറിയാൻ കഴിയാതെ വന്നാൽ സാധാ ചട്ടിയില്‍ നടാവുന്നതാണ്.
സിമന്‍റ് ചട്ടിയിലോ, ഡ്രമ്മിലോ പോർട്ടിംഗ് മിശ്രിതവും വെള്ളവും നിറച്ച് താമരകൾ നടാവുന്നതാണ്.ചട്ടിയുടെ ഏറ്റവും അടിയിലായി അഞ്ച് സെന്റിമീറ്റര്‍ ഘനത്തിൽ കരികഷ്ണം നിരത്തുന്നത് നല്ലതാണ്. അതിനു ശേഷം പുഴയിലേയോ ,കുളത്തിലേയൊ ജൈവാംശമുള്ള ചെളി. കരയിലെ മണ്ണ്. പുഴ മണൽ ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യമായ അളവിലെടുത്ത് മിക്സ് ചെയ്ത് ചട്ടിയിൽ നാൽപ്പത്തഞ്ച് സെന്റീമീറ്റർ ഘനത്തിൽ നിറക്കണം. ഒരു ചട്ടിയിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്കും ,25 gm കുമ്മായവും ചേർക്കുന്നത് നല്ലതാണ്. മണ്ണിൻ്റെ PH ക്രമീകരിക്കുവാനാണ് കുമ്മായം ചേർക്കുന്നത്. ചെറിയ ചട്ടിയാണെങ്കിൽ മുപ്പത് സെന്റിമീറ്റര്‍ നിറച്ചാൽ മതിയാകും. ഈ മിശ്രിതത്തില്‍ മുളപ്പിച്ച വിത്ത് പാകുകയോ വേരോടെ അടർത്തിയെടുത്ത തൈകൾ നടുകയോ ,കിഴങ്ങ് പാകുകയോ ,റണ്ണേഴ്സ് നടുകയോ ചെയ്യാം
വിത്ത് നേരിട്ടും പാകിയും, വള്ളി ചെളിയിൽ നട്ടും മുളപ്പിക്കാവുന്നതാണ്. വള്ളിയാണ് നടുന്നതെങ്കില്‍, ഇല വെള്ളത്തിന് മുകളില്‍ നില്‍ക്കുംവിധം നടാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൈകൾ നട്ടതിനു ശേഷം പോട്ടിoഗ് മിശ്രിതത്തിൽ വെള്ളം ഒഴിക്കണം. ചട്ടിയിൽ നിറച്ച പോട്ടിംഗ് മിശ്രിതം വെള്ളത്തിൽ കലങ്ങാത്ത വിധത്തിലാണ് വെള്ളം ഒഴിക്കേണ്ടത്. വിത്താണ് പാകിയതെങ്കിൽ പോട്ടിoഗ് മിശ്രിതത്തിൽ വെള്ളം കെട്ടി നിർത്താതെ, നനച്ചു കൊടുക്കണം. താമര തൈകളുടെ വളർച്ചാ ഘട്ടത്തിൽ , ഇലയും തണ്ടും മുളച്ച് വരുന്നതിനനുസരിച്ച് വെള്ളം ഒഴിക്കുകയും ചെയ്യണം. തൈയാണ് നട്ടതെങ്കിൽ ഇലകള്‍ ജലനിരപ്പിന് മുകളില്‍ നില്‍ക്കുംവിധം വെള്ളം ഒഴിക്കാവുന്നതാണ്.. വളരുന്നതിനനുസരിച്ച് ചട്ടിയിൽവെള്ളത്തിൻ്റെ അളവ് കൂട്ടി കൊടുക്കാം. താമര ചെടികളുടെ ശരിയായ വളർച്ചയ്ക്ക് നല്ല സൂര്യപ്രകാശം ആവിശ്യമാണ്.. നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താകണം തൈകൾ നട്ട ചട്ടികൾ വക്കേണ്ടത്. ഇഷ്ട്ടിക ഉപയോഗിച്ചോ ,ഹോളോബ്രിക്സ് ഉപയോഗിച്ചോ ചെറിയ ടാങ്ക് ഉണ്ടാക്കി അതിലും താമര വളർത്താവുന്നതാണ്. വീട്ടുവളപ്പിപ്പിൽ പടുതാകുളം ഉണ്ടെങ്കിൽ അതിലും താമര കൃഷി ചെയ്യാം. ഒപ്പം മത്സ്യവും വളർത്താം. താമര കൃഷിയായി ചെയ്യുമ്പോൾ ജൂൺ മാസമാണ് താമര നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം . വേനല്‍ കാലത്താണ് കൂടുതൽ പൂക്കൾ ഉണ്ടാകുന്നത്. എന്നാൽ മഴക്കാലത്താണ് താമര പൂക്കൾക്ക് കൂടുതൽ വില കിട്ടുന്നത്. മഴക്കാലത്ത് വിരിയുന്ന പൂക്കൾ മഴയുടെ ശക്തിയാൽ വേഗത്തിൽ കൊഴിഞ്ഞു പോകാനിടയുണ്ട്. വിപണിയിൽ ഒരു താമര പൂവിന് 10 രൂപ മുതൽ 100 രൂപ വരെ വിലയുണ്ട്.
വിത്ത് മുളപ്പിക്കൽ
ശുദ്ധജലം തിളപ്പിച്ച് ആറ്റിയെടുത്ത് ഒരു കുപ്പി ഗ്ളാസിലോ , ഭരണിയിലോ ഒഴിച്ച് അതിൽ താമര വിത്ത് മുളപ്പിക്കുവാനായി ഇടാവുന്നതാണ്. താമര വിത്തുകളുടെ, പുറം തോട് കടുപ്പമേറിയതാണ്. പുറംതോടിൻ്റെ കട്ടി കുറയ്ക്കുവാനായി ഉള്ളിലെ പരിപ്പിന് ക്ഷധം വരാത്ത രീതിയിൽ കല്ലിൽ സാവധാനം ഉരച്ചോ. അരം ഉപയോഗിച്ച് ഉരച്ചോ ,പരുക്കൻ പ്രതലത്തിൽ ഉരച്ചോ താമര വിത്തിൻ്റെ പുറം തോടിന്റെ കനം കുറച്ച് വെള്ളത്തിൽ ഇട്ടാൽ, വിത്തുകൾ വളരെ വേഗം മുളയ്ക്കും. . അഞ്ച് ദിവസം കഴിയുമ്പോൾ മുള ഉണ്ടാകും എന്നാൽ വീണ്ടൂം അഞ്ച് ദിവസം കൂടി കാത്തിരിക്കണം മുളപൊട്ടി പുറത്തു വരാൻ . എകദേശം മുളക്ക് ആറിഞ്ച് വലുപ്പമാകുമ്പോൾ മാറ്റി നടാം . മുളച്ച താമര വിത്തുകൾ തയാറാക്കിവെച്ചിരിക്കുന്ന ചട്ടിയിലോ ഡ്രമ്മിലോ പാകാവുന്നതാണ്.
പാകുമ്പോൾ വിത്തോളം ആഴത്തിൽ മാത്രമെ താഴ്ത്തുവാൻ പാടുള്ളു. താമര ചെടികളുടെ വളർച്ചാ ഘട്ടത്തിൽ
സൂര്യ പ്രകാശം നന്നായി ലഭ്യമാക്കണം.
ചട്ടിയിലാണെങ്കിൽ മൂന്ന് മാസം കുടുമ്പോഴും ഡ്രമ്മിലാണെങ്കിൽ ആറുമാസം കൂടുമ്പോഴും ചാണകം കലക്കി ഒഴിക്കാം. ഒപ്പം വേപ്പിന്‍ പിണ്ണാക്കും, കടലപിണ്ണാക്കും ചേർക്കാം. താമര കൃഷിക്ക് പൊതുവേ ജൈവ കാർഷിക മുറകളാണ് അവലംബിക്കുന്നത്.
ഇലകളില്‍ ഫംഗൽ ബാധ ഉണ്ടാവാതിരിക്കുവാനായി 20 gm സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കുക.ലിക്യുഡ് സ്യൂഡോമോണസ് ആണെങ്കിൽ 5 ML 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാം.. താമരയെ പ്രധാനമായും ആക്രമിക്കുന്നത് ഒച്ചുകളാണ് ഇവയെ നശിപ്പിക്കുവാന്‍ നേര്‍പ്പിച്ച തുരിശ്ശ് ലായനി ഉപയോഗിക്കാവുന്നതാണ്. ഇല തിന്നി പുഴുക്കൾ, മുഞ്ഞ ഇവയ്ക്കെതിരെ ബിവേറിയ ഉപയോഗിക്കാവുന്നതാണ്. അഴുകുന്ന തണ്ടും ഇലകളും മുറിച്ച് മാറ്റണം. ഡ്രമ്മിലെയും ,ചട്ടിയിലേയും പഴകിയ വെള്ളം ഇടക്ക് മാറുന്നത് നല്ലതാണ്. ടാങ്കിലോ ഡ്രംമിലോ ആണ് വളർത്തുന്നതെങ്കിൽ ചെറിയ അലങ്കാര മത്സ്യവും അതിലിടാം. കൊതുകു മുട്ടകൾ മീനുകൾ തിന്നു നശിപ്പിക്കും.
ജലാശയങ്ങളിൽ പ്രകൃതി ദത്തമായി വളരുന്ന താമരപ്പൂക്കൾ, ഇതളുകൾ കൊഴിഞ്ഞ് ക്രമേണ അല്ലിക്കയായി മാറും (നാട്ടിൻ പുറങ്ങളിൽ ഇതിനെ കൊട്ടിക്ക എന്നു വിളിക്കും.) അല്ലിക്കൾ ഹോൺ റേഡിയോയുടെ ആകൃതിയാണ്. അല്ലിക്കയുടെ ഉള്ളിലെ മൂക്കാത്ത താമര വിത്തുകൾ കഴിക്കുവാൻ നല്ല രുചിയാണ്. മുത്ത വിത്തുകൾ കഴിച്ചാൽ മത്തുപിടിക്കും. താമര വിത്തുകൾ കഴിക്കുവാനായി കൂട്ടത്തോടെ പക്ഷികൾ ജലാശയങ്ങളിലേക്ക് എത്താറുണ്ട്. ഓരോ വർഷവും ആയിരക്കണക്കിനു താമര വിത്തുകളാണ് ജലാശയത്തിൻ്റെ അടിത്തട്ടിലെ ചെളിയിലേക്ക് വീഴാറുള്ളത്. ചില വിത്തുകൾ ഉടനടി മുളയ്ക്കുകയും ,കുറെ വിത്തുകൾ മൽസ്യങ്ങൾ ഭക്ഷിക്കുകയും ,ബാക്കിയുള്ളവ ദീർഘനാളത്തേക്ക് മണ്ണിനടിയിൽ സുഷുപ്തിയിലാണ്ടിരിക്കുകയും ചെയ്യും . ചിലപ്പോൾ ജലാശയം വറ്റിവരണ്ട് താമര ചെടികൾ ഉണങ്ങിപ്പോയേക്കാം. എന്നാലും താമര വിത്തുകൾ മണ്ണിനടിയിൽ സുരക്ഷിതമായിരിക്കും. മഴക്കാലത്ത് ജലാശയങ്ങളിൽ വെള്ളമെത്തുമ്പോൾ ഈ വിത്തുകൾ മുള പൊട്ടി താമര കോളനികളായി മാറുന്നു. അനുകൂല സാഹചര്യങ്ങളിൽ ജീവൻ്റെ ഉറവ വറ്റാതെ വർഷങ്ങളോളം താമര വിത്തുകൾ മണ്ണിനടിയിലിരിക്കും. ചൈനയിലെ വരണ്ട തടാകത്തിൽ നിന്നും 1300 വർഷം പഴക്കമുള്ള താമര വിത്തുകൾ കണ്ടെടുത്തിട്ടുണ്ട്. അതിനാൽ ചൈനാക്കാർ താമരയെ ദീർഘായുസിൻ്റെ പ്രതീകമായി കണക്കാക്കുന്നു.
ഭക്ഷ്യയോഗ്യമായ വിത്തുകൾക്കായി താമര കൃഷി ചെയ്തിരുന്ന പഴയകാല ചരിത്രവുമുണ്ട്.ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുള്ള പുഷ്പ്പമാണ് താമര . ഇത് ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഒരു പുണ്യ പുഷ്പമാണ് താമര. ഈ പുഷ്പ്പം ആത്മീയ ഉണർവിലേക്കും പ്രബുദ്ധതയിലേക്കുമുള്ള പാതയെ പ്രതിനിധീകരിക്കുന്നു. ക്രിസ്റ്റ്യാനിറ്റിയിൽ താമരപ്പൂവ് അപ്പോസ്തലനായ തോമസിനോടും അദ്ദേഹം ഇന്ത്യയിലേക്കുള്ള വരവുമായും ബന്ധപ്പെട്ടിരിക്കുന്നു. പുരാതന ഈജിപ്തിലെ ഒരു പ്രധാന ചിഹ്നം കൂടിയായിരുന്നു താമര .
വളരെ ഔഷധഗുണമുള്ള താമര വിത്തും കിഴങ്ങും ഭക്ഷ്യ യോഗ്യമാണ്.പൂക്കൾ പൂജക്കും വീടിനുള്ളിലും ഓഫീസിലും ആഘോഷങ്ങൾക്കും അലങ്കാരത്തിന് ഉപയോഗിക്കുന്നു. ഇല ഭക്ഷണം പൊതിയാനും ,പൂക്കൾ പൊതിയാനുമാണ് ഉപയോഗിക്കുന്നത്. താമരപൂക്കൾക്ക് നല്ല വിലയുണ്ട്. താമരയിതൾ പനിനീര് ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
താമരയുടെ റൈസോമുകൾ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നു.
ശ്രീലങ്കയിലെ ഒരു ജനപ്രീയ പച്ചക്കറിയാണ് ലോട്ടസ് റൂട്ട് .ഇന്ത്യയിൽ ലോട്ടസ് റൂട്ട് കമൽ കക്ടി എന്നറിയപ്പെടുന്നു.ഫ്രഷ് താമര വിത്തുകൾ വളരെ പോഷണമുള്ളവയാണ്.
താമരയുടെ വിത്തുകൾ കേക്ക്, താമര വിത്ത് നൂഡിൽസ്, ഐസ്ക്രീം, പോപ്കോൺ (ഫൂൽ മഖാന) തുടങ്ങിയ രൂപങ്ങളിൽ, ഭക്ഷണമായി ഉപയോഗിക്കുന്നു. ലോട്ടസ് സീഡ് റ്റീ കൊറിയയിലും, താമര വിത്ത് ചായ ചൈനയിലും വിയറ്റ്‌നാമിലും ഉപയോഗിക്കുന്നു. താമരയുടെ തണ്ടും ഇന്ത്യയിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. കൊറിയയിൽ വെളുത്ത താമര പൂവിൻ്റെ ഇതളുകൾ ഉണക്കി ചായ നിർമ്മിക്കുന്നു.
താമരപ്പൂവ് വളരെ ജനപ്രിയമായ ഒരു പ്രതീകമാണ്. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജീവിതത്തിന്റെ ആത്മീയ യാഥാർത്ഥ്യത്തിലേക്കുള്ള ഉണർവിന്റെ പ്രതീകമായാണ് കാണുന്നത്..
SK. ഷിനു കൃഷി അസിസ്റ്റൻ്റ്