വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ് എന്നയിനത്തെ പ്രിയങ്കരമാക്കുന്നു. ചട്ടിയിലും ഡ്രമ്മിലും വരെ ഈയിനത്തെ നട്ടുപരിപാലിക്കാം. എല്ലാ വര്‍ഷവും മാമ്പഴം കിട്ടുന്ന ഈയിനം ശ്രീലങ്കയില്‍ നിന്നാണ് കേരളത്തിലെത്തിയത്.
പുഴു ശല്യം കുറവ്
പഴത്തില്‍ പുഴുശല്യം കുറവാണ് കൊളമ്പിന്. നല്ല കട്ടിയുള്ള തോലുകളാണ് മറ്റൊരു പ്രത്യേകത. വാഴപ്പഴം പോലെ തോല്‍ ഉരിഞ്ഞു കഴിക്കാം. പഴുത്താലും ഏകദേശം പച്ചയും ചെറിയ തോതില്‍ മഞ്ഞ കളറുമായിരിക്കും മാങ്ങ. പല ഘട്ടങ്ങളായിട്ടാണ് മാവ് പൂക്കുക. നവംബറില്‍ ആദ്യം പൂത്തുകഴിഞ്ഞാല്‍ ജനുവരിയോടെ മൂപ്പാകും. ജനുവരിയില്‍ വീണ്ടും നന്നായി പൂക്കും, ഈ സമയത്താണ് കൂടുതല്‍ മാങ്ങകള്‍ ഉണ്ടാകുക. കുലകളായി ധാരാളം മാങ്ങ ഈ സമയത്തുണ്ടാകും. നാര് തീരെയില്ലാത്തതിനാല്‍ ആസ്വദിച്ച് കഴിക്കാം.
പരിപാലന രീതി
സാധാരണ ഫലവൃക്ഷ തൈകള്‍ നടുന്ന രീതിയില്‍ തന്നെ കൊളമ്പും നടാം. ആദ്യത്തെ മുന്നു വര്‍ഷം നല്ല പരിചരണം നല്‍കണം. വളങ്ങളും നനയും നിര്‍ബന്ധമാണ്. ആദ്യ മൂന്നു വര്‍ഷം പൂക്കള്‍ ഉണ്ടായാലും കളയുകയാണ് നല്ലത്. ചെടി ആരോഗ്യത്തോടെ വളരാനിതു സഹായിക്കും. തൈ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം കൊളമ്പ് ഇനമാണെങ്കില്‍ ഇല ചാല്‍ രൂപത്തിലായിരിക്കും. കേരളത്തിലെ മിക്ക നഴ്‌സറികളിലും കൊളമ്പ് തൈകള്‍ ലഭിക്കും.