മണ്ണിന്റെ നിറത്തിനുമൊണ്ടൊരു കഥ പറയാൻ..| പ്രമോദ് മാധവൻ


ഈ ഭൂമിയിൽ ജീവൻ നില നിൽക്കുന്നതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം ഫലഭൂയിഷ്ഠി ഉള്ള മേൽമണ്ണാണ്. അതിലാണ് ചെടികൾ നിലയുറപ്പിക്കുന്നത്. പിന്നെയാണ് കാർബണും ഓക്സിജനും ഹൈഡ്രജനും ചേർന്ന് സൗരോർജ്ജത്തിന്റെ മാധ്യസ്ഥത്തിൽ C6 H12 O6 എന്ന തന്മാത്രയുടെ രൂപത്തിൽ അന്നജം ഉണ്ടാക്കി നമ്മളെ ഊട്ടുന്നത്.
മണ്ണില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം?
അടിസ്ഥാനമുറച്ചാലേ ആരൂഢവും ഉറയ്‌ക്കൂ..
The nation which destroys its soil, destroys itself എന്ന് Franklin. D. Roosewelt.
'മണ്ണായാലും പൊന്നായാലും സൂക്ഷിച്ചവർക്കുണ്ട്' എന്ന് പഴമൊഴി.
ജൈവ കൃഷിയോ രാസ കൃഷിയോ സമ്മിശ്ര കൃഷിയോ എന്തുമാകട്ടെ അതിലെ ഒന്നാം പാഠം മണ്ണ് സംരക്ഷണം തന്നെ.
ഒരു നിറത്തിനെന്തു പ്രസക്തി?
ഉണ്ടല്ലോ കല്യാണപെണ്ണിനെ, ചെറുക്കനെ തേടുമ്പോൾ വെളുത്ത നിറം തന്നെ വേണം.
കുഞ്ഞുണ്ടാകുമ്പോൾ വെളുത്തതല്ലെങ്കിൽ സങ്കടം പറയാവതല്ല.
പക്ഷെ ലോകത്തിലെ ഏറ്റവും സുന്ദരന്മാരിൽ ഒരാളായ സാക്ഷാൽ ശ്രീ കൃഷ്ണൻ കാർമേഘവർണ്ണൻ ആണല്ലോ.
ലോകത്തിലെ ഏറ്റവും വലിയ സുന്ദരിമാരിൽ ഒരാളായ പാഞ്ചാലി (കൃഷ്ണ )കറുത്തിട്ടാണല്ലോ?
അപ്പോൾ കറുപ്പിന് ഏഴഴകും ഒരു കുളിരുമാണ്. മണ്ണിന്റെ കാര്യത്തിലും അതേ. മണ്ണ് കറുത്തതോ ഇരുണ്ടതോ തവിട്ട് നിറമുള്ളതോ ആയിരിക്കണം. എങ്കിലേ അതിൽ മണ്ണിന്റെ ഉയിരായ humus ഉണ്ടാകുകയുള്ളൂ. എങ്കിലേ, അവിടെ വളങ്ങളെ സൂക്ഷ്മ രൂപത്തിലുള്ള അയോണുകളാക്കി(ions ) മാറ്റി വേരിൽ കടത്തി വിടുന്ന സൂക്ഷ്മജീവികൾ വളരുകയുള്ളൂ.
ആ മണ്ണ് സംരക്ഷിക്കാതെ ഉള്ള ഒരു കൃഷിയും ശാശ്വതമല്ല.
മണ്ണ് മരിച്ചുകൊണ്ടിരിക്കുന്നു. അല്ല കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രകൃതി ദത്തമായ കാരണങ്ങളും മനുഷ്യനാൽ ഉള്ള (Anthropogenic ) കാരണങ്ങളും ഉണ്ട്.
ആരോഗ്യമുള്ള മണ്ണിൽ അഞ്ച് ശതമാനം ജൈവാംശം (Soil organic matter )ഉണ്ടാകണം.
കാർബൺ നായകനുമാണ് പ്രതിനായകനുമാണ്. സസ്യങ്ങളുടെ ആഹാരനിർമ്മാണത്തിന് കാർബൺ നിർണായകം.
പക്ഷെ അവൻ പുറത്തിറങ്ങി അന്തരീക്ഷത്തിൽ കറങ്ങിനടന്നാൽ ക്ഷുദ്രവാതകം. ഭൂമിയെ വേവിച്ചുകൊന്ന് കളയും.
പാറ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നത്. ഭൗതിക -രാസ -ജൈവ പ്രവർത്തനങ്ങൾ കൊണ്ട് നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരിഞ്ച് മണ്ണുണ്ടാകുന്നത്. പക്ഷെ അത് ഒലിച്ചു പോകാൻ നിമിഷങ്ങൾ മതി.
മണ്ണിൽ പ്രധാനമായും ഉള്ളത് ധാതുക്കൾ (പാറയിൽ ഉള്ള minerals ), ജൈവാശം, വായു, ഈർപ്പം (വെള്ളം ), ജീവജാലങ്ങൾ (Macro & Micro Organisms )എന്നിവയാണ്.
തരി വലിപ്പം കൂടിയ ധാതുക്കളെ sand എന്നും ഏറ്റവും വലിപ്പം കുറഞ്ഞവയെ clay എന്നും ഇടത്തരം വലിപ്പമുള്ളവയെ silt എന്നും പറയുന്നു. ഇത് മൂന്നും സമാസമം അടങ്ങിയിരിയ്ക്കുന്ന മണ്ണിലാണ് പൊന്ന് വിളയുന്നത്.. അത്തരം മണ്ണിനെ പശിമരാശി മണ്ണ് അഥവാ Loamy soil എന്ന് പറയും. ഗ്രോ ബാഗ് മിശ്രിതം ഉണ്ടാക്കുമ്പോൾ 1:1:1എന്ന golden ratio (മണ്ണ് :മണൽ :ജൈവവളം )പാലിക്കണം എന്ന് പറയുന്നത് ഈ loamy texture കിട്ടാനാണ്.
പ്രകൃതിയിൽ കറുത്ത മണ്ണ്, തവിട്ട് മണ്ണ്, വെളുത്ത മണ്ണ്, ചുവന്ന മണ്ണ്, ചുവപ്പും വെളുപ്പും ഇടകലർന്ന മണ്ണ്, നീല മണ്ണ്, മഞ്ഞ മണ്ണ് ഇങ്ങനെ പല നിറത്തിൽ ഉള്ള മണ്ണുകൾ കാണാം. അതിനനുസരിച്ചു അവയെ വർഗീകരിച്ചിട്ടുണ്ട്. Munsell Colour Chart ഉപയോഗിച്ച് നിറത്തിന്റെ Hue, Chroma, Value എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിട്ടുണ്ട്.
ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രം നോക്കുക. ചെന്തീക്കനാലിനെ വെല്ലുന്ന ചുവപ്പ്. നല്ലതാണെന്നു കരുതുന്നുണ്ടോ?
അല്ലേയല്ല.
ആത്മാവും ചൈതന്യവും ഓജസ്സും തേജസ്സും എല്ലാം പോയ മണ്ണാണ് അത്. ജൈവാംശം ഇല്ലേയില്ല.
പുളിപ്പിന്റെ ആധിക്യം.
ഇരുമ്പ് (Fe) അതിന്റെ ഒക്‌സൈഡുകളിലൂടെ ഉണ്ടാക്കുന്ന കലാപമാണ് ഈ ചുവപ്പ് നിറത്തിന് പിന്നിൽ.
കാർബൺ, നൈട്രജൻ, ഫോസ്ഫറസ്, സൾഫർ, കാൽസ്യം എല്ലാം കഷ്ടി.
ഇത്തരം മണ്ണിൽ കുമ്മായം വിധിയാം വണ്ണം പ്രയോഗിക്കാതെയും വേണ്ടത്ര ജൈവവളങ്ങൾ ചേർക്കാതെയുമിരുന്നാൽ അതിൽ നടുന്ന വിളകൾ ശരിയായ സമയത്ത് വിളവെടുക്കാൻ കഴിയാതെ വരും. മാത്രമല്ല അത്തരം മണ്ണിൽ വിളയുന്ന ഉത്പന്നങ്ങൾ പൂർണത (wholesomeness )ഉണ്ടാകില്ല.
മണ്ണിലുണ്ടെങ്കിലേ മരത്തിലും ഉണ്ടാകൂ...അവിടെ നിന്നാണല്ലോ മേദസ്സിലേക്ക് വരുന്നത്..
മണ്ണാണ് ജീവൻ
മണ്ണിലാണ് ജീവൻ
Know Soil, Know Life
No soil, No Life
മണ്ണറിഞ്ഞ് കൃഷി ചെയ്യണം
മണ്ണറിഞ്ഞ് വളം ചെയ്യണം.
വാൽകഷ്ണം :How much land does a man require? എന്ന വിശ്വ പ്രസിദ്ധമായ ലിയോ ടോൾസ്റ്റോയ് കഥയിലെ പാഹോം നമ്മളെ പഠിപ്പിക്കുന്നുണ്ട്, മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ആറടി മണ്ണ് മതി എന്ന്.
പക്ഷെ ആരോഗ്യത്തോടെ നമ്മൾ ജീവിച്ചിരിക്കാൻ മണ്ണിനെ പൊന്നിനെ പോലെ കാക്കണം.
എന്നാൽ അങ്ങട്..
പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section