ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു | പ്രമോദ് മാധവൻ


നിഘണ്ടുവിൽ കാബേജിന്റെ അർത്ഥം തിരഞ്ഞിട്ടുണ്ടോ?
ഒരു പച്ചക്കറി എന്നും വിരസമായ ജീവിതം നയിക്കുന്ന ആൾ എന്നും അർത്ഥം കാണാം.
അത്ര മോശക്കാരനാണോ കക്ഷി?.
ആവോ.. ഈ ലേഖനം വായിച്ചിട്ട് സ്വയം തീരുമാനിച്ചു കൊള്ളുക.
പച്ചക്കറികളുടെ ചരിത്രമെടുത്താൽ കാബേജ്, മുതുമുത്തശ്ശി.
നാലായിരം കൊല്ലത്തിലധികം മുൻപുള്ള പരാമർശങ്ങൾ ഉണ്ട് കാബേജിനെ കുറിച്ച്, അങ്ങ് റോമിലും ഈജിപ്തിലും ചൈനയിലും മെസൊപ്പൊട്ടോമിയയിലും ഒക്കെ. സസ്യശാസ്ത്ര പിതാവായ തിയോഫ്രാസ്ടസ് (371-287 BC)ന്റെ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. തത്വചിന്തകനായിരുന്ന ഡയോജെനിസ് കാബേജും പച്ചവെള്ളവും മാത്രമേ കഴിക്കുമായിരുന്നുള്ളൂ എന്നും കേട്ടിട്ടുണ്ട്. പുരാതന ഈജിപ്തിലെയും റോമിലെയും കള്ള് കുടിയന്മാർ അർമാദരാത്രികൾക്കു മുന്നേ വലിയ അളവിൽ കാബേജ് അകത്താക്കുമായിരുന്നുവത്രെ.
ഹാങ്ങ്‌ ഓവർ മാറ്റാനുള്ള തന്ത്രം.
അങ്ങനെ, യൂറോപ്പിൽ നിന്നും പറങ്കികൾ വഴി ഈ പച്ചക്കറി മുത്തശ്ശി പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലും എത്തി എന്ന് നിഗമനം.
പതിനെട്ടാം നൂറ്റാണ്ടു വരെ ജപ്പാനിൽ കാബേജ് പരിചിതമല്ലായിരുന്നുവത്രേ. അമേരിക്കയിൽ ക്യാബേജ് എത്തിയത് ഫ്രഞ്ച് കാരനായ ഴാക് കാത്തിയെ വഴി 1541ൽ. അതിൽ പിന്നെ കടൽ യാത്രികർക്ക് സ്കർവി എന്ന മോണരോഗം വരാതിരിക്കാൻ ഉപ്പിലിട്ട ക്യാബേജ് (sauerkraut )കഴിക്കുന്നത് പതിവായി.
ഇന്ന് ചൈനയും ഇന്ത്യയും റഷ്യയുമാണ് ഏറ്റവും കൂടുതൽ ക്യാബേജ് വിളയിക്കുന്നതു്.
ഏറ്റവും കൂടുതൽ ക്യാബേജ് തിന്നുന്നത് റഷ്യക്കാരാണ്. ഒരാൾ ഒരു വർഷം ഏതാണ്ട് 20കിലോ വരെ.
കൊറിയക്കാരന് ക്യാബേജിൽ നിന്നും ഉണ്ടാക്കുന്ന കിംചി എന്ന പുളിപ്പിച്ച സലാഡ് ഇല്ലാതെ അന്നം ഇറങ്ങില്ല. അതിന്റ ബോട്ടിൽ തുറന്ന തീന്മേശയിൽ കഴിക്കാൻ ഇരുന്നാൽ നമുക്കും അന്നം ഇറങ്ങില്ല. അത്ര (ദുർ )ഗന്ധമാണ്.
പക്ഷെ പ്രൊ -ബയോട്ടിക്‌ സമ്പുഷ്ടമാണ് കിംചി .
അതിനെക്കുറിച്ച് വിശദമായി പിന്നീടൊരിക്കൽ എഴുതാം.
ഇനി കാബേജ് കൃഷിയിലേക്ക് വരാം.
സാധാരണ ഗതിയിൽ ക്യാബേജ് ഒരു ശീതകാല വിളയാണ്.
തണുപ്പ് നിറഞ്ഞ പർവതനിരകളുടെ താഴ്‌വാരങ്ങളിൽ വർഷം മുഴുവൻ കൃഷി ചെയ്യാം.വട്ടവട, കാന്തല്ലൂർ മേഖലകളിൽ.
എന്നാൽ ഇന്ന് സമതല പ്രദേശങ്ങളിലും നന്നായി വളരുന്ന ഇനങ്ങൾ ഉണ്ട്.
പക്ഷെ ഹൈറേഞ്ചിൽ കിട്ടുന്ന വിളവ് സമതലത്തിൽ കിട്ടില്ല എന്നു മാത്രം.NS 160, 183, 43 എന്നിവ കേരളത്തിലെ സമതലങ്ങൾക്കു യോജിച്ച ഇനങ്ങൾ ആണ്. (NS എന്നാൽ Naamdhari Seeds എന്ന കമ്പനിയുടെ ചുരുക്കപ്പേര് ആണ് ).
ദൈർഘ്യമാർന്ന പകലും തണുപ്പ് നിറഞ്ഞ രാത്രികളുമാണ് സമതലകൃഷിയ്ക്ക് പഥ്യം. ആയതിനാൽ നവംബർ മുതൽ ജനുവരി അവസാനം വരെ അനുയോജ്യം. അതായത് മലയാളിയുടെ മനസ്സിൽ മഞ്ഞു കോരിയിടുന്ന വൃശ്ചിക, ധനു, മകരമാസങ്ങൾ.
സെപ്റ്റംബർ മാസം അവസാനം തൈകൾ ഉണ്ടാക്കാൻ തുടങ്ങിയാൽ കൃത്യം നവംബർ ഒന്നിന് തൈകൾ നടാം.
കടുകിന്റെ കുടുംബത്തിലാണ് (Brassicaceae) ജനനം എന്നുള്ളതിനാൽ വിത്തും കടുക് പോലെ തന്നെ. വേഗം മുളയ്ക്കുകയും ചെയ്യും. ഒരു കിലോ സങ്കര വിത്തിന് കിലോയ്ക്ക് 36000 മുതൽ മേലോട്ടാണ് വില.
3:1എന്ന അനുപാതത്തിൽ ചകിരി ചോറ് പൊടിയും പൊടി രൂപത്തിൽ ഉള്ള മണ്ണിര കമ്പോസ്റ്റും ചേർന്ന മിശ്രിതം പ്രൊ ട്രേകളിൽ നിറച്ചു തൈകൾ ഉണ്ടാക്കാം. മുളച്ച് ഒരാഴ്ച കഴിഞ്ഞ്, ഓരോ ആഴ്ച ഇടവിട്ട്, രണ്ടോ മൂന്നോ തവണ 19:19:19, 1മുതൽ 2 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ വേഗം വളരും. നല്ല കരുത്തോടെ നിവർന്നു നിൽക്കുന്ന നാലാഴ്ച പ്രായമുള്ള, 5-6 ഇലകൾ ഉള്ള തൈകൾ വേണം നടാൻ എടുക്കാൻ.
മണ്ണൊരുക്കേണ്ടതെങ്ങനെ?
6-8 മണിക്കൂർ സൂര്യ പ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലം തെരഞ്ഞെടുക്കണം.
മഴക്കാലം അല്ലാത്തത് കൊണ്ട് ഒരടി വീതിയിലും മുക്കാലടി ആഴത്തിലും ആവശ്യത്തിന് നീളത്തിലും ഉള്ള ചാലുകൾ എടുക്കണം. മണ്ണ് കട്ടകൾ നന്നായി ഉടയ്ക്കണം. സെന്റിന് (40sq m) 2കിലോ കുമ്മായം /ഡോളോമൈറ്റ് ചാലുകളിൽ വിതറി നന്നായി ഇളക്കി രണ്ടാഴ്ച ഇടണം.
സെന്റിന് 100 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, 2കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്, 2കിലോ എല്ലുപൊടി എന്ന അളവിൽ അടിസ്ഥാന ജൈവ വളങ്ങൾ ചേർക്കണം.
അത് കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി നന്നായി കൂട്ടി കലർത്തി 45 cm (ഒന്നരയടി ) അകലത്തിൽ ഓരോ തൈകൾ നടണം.
തൊട്ടടുത്ത ചാൽ രണ്ടടി ഇടയകലം കൊടുത്തു വേണം എടുക്കാൻ.
ഇങ്ങനെ ചെയ്താൽ ഒരു സെന്റിൽ (40 sq m ൽ 148 തൈകൾ നടാം.
മറ്റു നടീൽ രീതികളും ഉണ്ട്.
വൈകുന്നേരങ്ങളിൽ നടുന്നതാണ് നല്ലത്. മൂന്ന് നാല് ദിവസം ചെറിയ തണൽ കൊടുത്താൽ നന്ന്.
ആദ്യത്തെ പത്തു ദിവസം വേര് പിടിക്കാൻ ഉള്ള സമയമാണ്.
അടുത്ത മുപ്പത് ദിവസം കായിക വളർച്ച കമയമാണ്.
നട്ട് പതിനൊന്നാം ദിവസം ചെടിയൊന്നിന് 7ഗ്രാം ഫാക്റ്റം ഫോസും 4ഗ്രാം പൊട്ടാഷും നൽകണം.
35 ദിവസം കഴിഞ്ഞ് ഇതേ പ്രയോഗം ആവർത്തിക്കണം.
അതിന് ശേഷം 15ദിവസം കഴിഞ്ഞ് വീണ്ടും 7 ഗ്രാം ഫാക്റ്റം ഫോസ് മാത്രം നൽകാം.
ഈ മൂന്ന് വളത്തിനുമൊപ്പം മണ്ണ് രണ്ട് വശങ്ങളിലും കൂട്ടികൊടുക്കണം. ക്യാബേജിന്റെ വേരുകൾ വളരെ ആഴങ്ങളിൽ പോകാറില്ല. ആയതിനാൽ വളരുന്നതിനനുസരിച്ചു മറിഞ്ഞു വീഴാതിരിക്കാൻ വശങ്ങളിൽ മണ്ണ് കയറ്റണം.
ജൈവ രീതിയിൽ ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മണ്ണിൽ ജീവാമൃതം, വളച്ചായ, ബയോ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവ മാറിമാറി നൽകണം.
കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളിയും നേർപ്പിച്ച ഗോമൂത്രവും നൽകാം. ക്യാബേജിന് നൈട്രജൻ സമ്പുഷ്ടമായ വളങ്ങൾ ആണ് കൂടുതൽ പഥ്യം.
'നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും' എന്ന് പറയുന്ന പോലെ ഇലതീനി പുഴുക്കളുടെ ഒരു കുംഭമേളയായിരിക്കും ക്യാബേജിൽ.
മാംസളമായ ഇലകളും തണുപ്പോടു കൂടി ഒളിച്ചിരിക്കാൻ പറ്റിയ ഇലയിടുക്കുകളും ഉള്ളപ്പോൾ ആരെ പേടിക്കാൻ?
ആയതിനാൽ ദിവസവും പോയി ഇലകൾ നിരീക്ഷിച്ചില്ലെങ്കിൽ, തമിഴൻ പത്തു തവണ മരുന്നടിച്ച ക്യാബേജ് വാങ്ങിക്കഴിച്ച് വീരമൃത്യു വരിക്കുക മാത്രമാണ് ക്യാബേജ് സ്നേഹികൾക്ക് പോംവഴി.
അതേ സമയം കീടങ്ങൾ വന്നു പറ്റാതിരിക്കാൻ തോട്ടത്തിന്റെ വൃത്തിയും കള നിയന്ത്രണവും നിർബന്ധം.
തുടക്കം മുതൽ തന്നെ രണ്ടാഴ്ചയിൽ ഒരിക്കൽ ഉള്ള വേപ്പെണ്ണ വെളുത്തുള്ളി ബാർസോപ്പ് മിശ്രിത പ്രയോഗവും വേണം.
'No pain, No gain' എന്ന കാര്യം മറക്കേണ്ട. ഇലപ്പുള്ളി രോഗം, കരിങ്കാൽ (Black leg disease ) രോഗം ഒക്കെ കൂടപ്പിറപ്പ് ആണ്.
രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിൽ ഒഴിക്കണം. ഇലകളിലും തളിക്കണം.
രോഗ കീടങ്ങൾ ഭേദമാകുന്നില്ല എങ്കിൽ കൃഷിശാസ്ത്രം അറിയുന്ന ആളോട് ചോദിച്ചു പറ്റിയ മരുന്ന് ചെയ്യണം.
അവൻ (ആര്? ഇതര സംസ്ഥാനക്കാരൻ ) പത്ത് തവണ മരുന്നടിച്ച്‌ കൊണ്ട് തരുന്നത് തിന്നുന്നതിനേക്കാൾ നല്ലത് നമ്മൾ നോക്കീം കണ്ടും, ശരിയായ മരുന്ന്, വേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് തന്നെയല്ലേ ഉത്തമാ...
പറിച്ചു നട്ട് 75-85 ദിവസമാകുമ്പോൾ മുകൾ ഇലകൾ കൂടിവരുന്നതായി കാണാം. ഓരോ ദിവസവും തല (Head)വലുതായി ഒരു ഘട്ടം എത്തുമ്പോൾ ആ വളർച്ച നിലച്ചതായി കാണാം. ഈ സമയത്ത് തല പിടിച്ച് നോക്കുമ്പോൾ നല്ല ഘനം അനുഭവപ്പെടും. അപ്പോൾ വിളവെടുക്കാം.നട്ട് ഏകദേശം 90-95 ദിവസം കഴിയുമ്പോൾ.(പല ഇനങ്ങൾക്കും പല കാലാവസ്ഥയ്ക്കും പരിചരണ രീതികൾക്കും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം )
ക്യാബേജ് നടുന്നതിന് ഒരാഴ്ച മുൻപ് തോട്ടത്തിനു ചുറ്റും ഒരു വേലി പോലെ കടുക് നടുകയാണെങ്കിൽ പല കീടങ്ങളും അതിൽ വന്നു പറ്റും. (രണ്ടും ഒരു കുടുംബക്കാർ ആയതിനാൽ കുടുംബശത്രുക്കളും ഒരു പോലെ ).അപ്പോൾ അവിടെ(കടുകിൽ ) മരുന്ന് ചെയ്ത് കീടങ്ങൾ ക്യാബേജിൽ പറ്റാതെ നോക്കുകയും ആകാം.
(കടുക് നമ്മൾ കഴിക്കാതെ ഇരുന്നാൽ മതിയല്ലോ 🙄 ).
അത് പോലെ തോട്ടത്തിൽ ഇടയ്ക്കിടെ ചോളം, ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവ നടുന്നതും കീടങ്ങളെ തുരത്തുന്ന മിത്രകീടങ്ങൾ താവളമുറപ്പിക്കാൻ സഹായിക്കും.
കൂടാതെ മഞ്ഞ, നീല നിറത്തിലുള്ള പശക്കെണികളും ചെടിയുടെ അല്പം മുകളിൽ വരത്തക്ക രീതിയിൽ സ്ഥാപിക്കണം. അത് നീരൂറ്റികളായ പ്രാണികളെ നശിപ്പിക്കാൻ ഉപകരിക്കും.
വൈവിധ്യമാർന്ന രീതികളിൽ ക്യാബേജ് കഴിക്കാം.പച്ചയ്ക്ക്, ആവി കയറ്റി, വഴറ്റി, അച്ചാർ ഇട്ട്, മൈക്രോ വേവ് ചെയ്ത്, വെറും ഉപ്പ് വെള്ളത്തിൽ ഇട്ട്. അങ്ങനെയങ്ങനെ...
ക്യാബേജിൽ വലിയ അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.അത് കോശ വളർച്ചയെ സഹായിക്കും.
പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ എല്ലുകൾക്കു നല്ലതാണ്.
ക്യാബേജ് നീര് കുടിക്കുന്നത് വയറ്റിലെ അൾസറിന് നല്ലതാണ്. (വീട്ടിൽ വിളയിച്ചതാണെങ്കിൽ 😜).
പൊണ്ണത്തടി കുറയ്ക്കാനും കേമം. കലോറി കുറഞ്ഞ ഭക്ഷണം ആകയാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകും.
സൾഫർ സംപുഷ്ടമായാതിനാൽ ഗ്യാസ് രൂപം കൊള്ളാനും അധോവായു ബഹിർഗമിക്കാനും സാധ്യത കൂടും.
വാൽകഷ്ണം::
ക്യാബേജിന്റെ സവിശേഷ ഗന്ധം അതിൽ സമൃദ്ധമായ ഗന്ധകത്തിന്റേതാണ്. ആയതിനാൽ തന്നെ ക്യാബേജ് കേടായാൽ ദുർഗന്ധവും. എന്നാൽ ഇതേ സൾഫർ അണുനാശകവുമാണ്. ക്യാബേജ് നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയാൻ നന്ന്.
ക്യാബേജിൽ ഗോയ്റ്ററോജൻ വിഭാഗത്തിൽ പെട്ട ചില വസ്തുക്കൾ ഉള്ളതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ ഉള്ളവർ അളവ് കുറച്ചു കഴിച്ചാൽ മതി. ക്യാബേജ് ധാരാളം കഴിക്കുന്ന ചൈന, പോളണ്ട് എന്നിവിടങ്ങളിലെ സ്ത്രീകളെ നിരീക്ഷിച്ചപ്പോൾ അവരിൽ സ്തന കാൻസർ കുറവായിക്കണ്ടു എന്നും ഗവേഷകർ. എല്ലാം ഗന്ധകത്തിന്റെ കളിയത്രേ... എന്റെ ഗന്ധകഭാഗവാനേ സ്വസ്ഥി..
ഇനി ക്യാബേജിന്റെ നിഘണ്ടു അർത്ഥം, അർത്ഥ രഹിതം എന്ന് പറഞ്ഞു കൂടേ സൂർത്തുക്കളേ ..
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section