കായീച്ചകളെ നിയന്ത്രിക്കാനായി പഴക്കെണി ആണ് സാധാരണ കർഷകർ ഉപയോഗിക്കുന്നത്. പാളയംകോടൻ പഴം 3-4 ഈ പഴങ്ങൾ കഷണങ്ങളായി മുറിച്ച്, മുറിച്ച് ഭാഗങ്ങളിൽ ഫ്യൂറിഡാൻ എന്ന കീടനാശിനിയുടെ തരികൾ വിതറുക. ഈ പഴ കഷണങ്ങൾ ചിരട്ടകളിൽ ആക്കി ഉറി പോലെ തൂക്കിയിട്ടാൽ വിഷലിപ്തമായ പഴച്ചാർ കുടിച്ച് കീടങ്ങൾ ചത്തൊടുങ്ങുന്നു. ശർക്കരക്കെണിയും തുളസി കെണിയും ഇതേ രീതിയിലാണ് കർഷകർ ഉണ്ടാക്കുന്നത്.
ഫിറമോൺ കെണി, വിളക്ക് കെണി തുടങ്ങിയവ കീടങ്ങളെ ആകർഷിച്ച കെണിയിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ ആൺ കീടങ്ങൾ പുറപ്പെടുവിക്കുന്ന ഒരുതരം ഹോർമോണുകൾ ആണ് ഫിറമോൺ. ഈ രാസപദാർത്ഥം ആൺ-പെൺ കീടങ്ങളെ ആകർഷിച്ചു അതിൻറെ ഉറവിടത്തിലേക്ക് നയിക്കുന്നു. തെങ്ങിലെ ചെമ്പൻ ചെല്ലി, കൊമ്പൻചെല്ലി, പച്ചക്കറിയുടെ കായീച്ച വാഴയുടെ മാണവണ്ട് ഇവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ഫിറമോൺ കെണി.
നമ്മുടെ കേരകർഷകർ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ചെമ്പൻചെല്ലി ആക്രമണം. ചെമ്പൻ ചെല്ലി ആക്രമണം ഇല്ലാതാക്കുവാൻ ഫിറമോൺ കെണി ആണ് ഏറ്റവും മികച്ചത്. ഫിറമോൺ കെണി തയ്യാറാക്കുവാൻ ഫിറമോൺ സ്ട്രിപ്പ്, ഏകദേശം പതിനൊന്നു ലിറ്റർ വലിപ്പമുള്ള മൂടിയുള്ള ബക്കറ്റ്. ബക്കറ്റ് തെരഞ്ഞെടുക്കുമ്പോൾ പച്ച, നീല, വെള്ള ഇവയിലേതെങ്കിലും നിറം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരു കിലോഗ്രാം പഴമോ പൈനാപ്പിളോ, 10 ഗ്രാം യീസ്റ്റ്, 10 ഗ്രാം ഫ്യുറഡാൻ തുടങ്ങിയവ കെണി നിർമ്മിക്കുവാൻ ഉപയോഗിക്കുന്നു.
ഫിറമോൺ കെണി എങ്ങനെ നിർമ്മിക്കാം
ബക്കറ്റിന്റെ മൂടിയുടെ നടുഭാഗത്ത് വളഞ്ഞ കമ്പി ഇടണം. ബക്കറ്റിന് വക്കിന് 5 സെൻറീമീറ്റർ താഴെയായി മൂന്ന് ഇഞ്ച് നീളത്തിൽ വിവിധ ദിശകളിലായി നാല് ദ്വാരങ്ങൾ ഇടണം. ബക്കറ്റിൽ ഉണ്ടാക്കിയ നാല് ദ്വാരങ്ങൾക്ക് നടുവിലായി വരത്തക്കവണ്ണം മൂടിയുടെ നടുവിലൂടെ കടത്തിയ കമ്പിയുടെ അറ്റത്ത് ഫിറമോൺ ട്രിപ്പ് തൂക്കിയിടുക. പൈനാപ്പിൾ - യീസ്റ്റ് - ഫ്യുറഡാൻ മിശ്രിതം ബക്കറ്റിന് ഉള്ളിലാക്കി ഫിറമോൺ സ്ട്രിപ്പ് ഘടിപ്പിച്ചു മൂടിക്കൊണ്ട് അടയ്ക്കുക.
ബക്കറ്റിനെ തെങ്ങിൻതടിയോടു ചേർത്ത് അഞ്ചടി ഉയരത്തിൽ ബന്ധിക്കുക. ദ്വാരങ്ങൾ മൂടി പോകാത്ത വിധം കയറുകൊണ്ട് ബക്കറ്റിലെ വശങ്ങൾ ചുറ്റി കൊടുക്കുക. പറന്നുവന്ന് ബക്കറ്റിന് പുറത്തിരിക്കുന്ന ചെല്ലികൾ ദ്വാരങ്ങളിലേക്ക് വീണു നശിക്കുന്നു. മൂന്ന് ദിവസം കൂടുമ്പോൾ ചെല്ലികളെ പെറുക്കി മാറ്റുക. ഫിറമോൺ സ്ട്രിപ്പിനുള്ളിൽ അടങ്ങിയിരിക്കുന്ന ദ്രാവകം പൂർണമായും ബാഷ്പീകരിച്ച് തീരും വരെ ഇത് ഉപയോഗിക്കാവുന്നതാണ്.