ചരിത്രമുറങ്ങും സൽമാനുൽ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം

   മദീനയിൽ സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്ന ഈത്തപ്പനത്തോട്ടം


  അറബ് നാട്ടില്‍ കാണുന്ന പല ഈത്തപ്പനത്തോട്ടങ്ങള്‍ക്കും ചരിത്രങ്ങള്‍ പറയാനുണ്ടാവും. മുഹമ്മദ് നബിയുടെ നഗരിയായി അറിയപ്പെടുന്ന മദീനയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച അത്തരമൊരു തോട്ടമുണ്ട്.


മസ്ജിദുന്നബവിയുടെ പടിഞ്ഞാറുവശത്ത് അധികം അകലെയല്ലാതെ 'സല്‍മാനുല്‍ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം' എന്ന പേരില്‍ അറിയപ്പെടുന്നതാണ്​ അത്​. മദീനയിലേക്കും പുറത്തേക്കുമുള്ള ചന്തകളിലേക്ക്​ഈത്തപ്പഴങ്ങള്‍ ഇന്നും ധാരാളമായി ഈ തോട്ടത്തില്‍ നിന്ന് എത്തുന്നു. പ്രവാചകനഗരം ഈത്തപ്പഴകൃഷിക്കും ശ്രേഷ്ടതയാര്‍ന്ന വില കൂടിയ അജ്‌വ ഈത്തപ്പഴത്തിനും പേര് കേട്ട നാടു കൂടിയാണ്.


മുഹമ്മദ് നബിയുടെ വലംകൈയായ അനുചരന്‍ പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസിയെ സമ്ബന്നനായ ജൂത​ന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രവാചകന്‍ മേല്‍നോട്ടം വഹിച്ച്‌ നിര്‍മിച്ച തോട്ടമാണിത്. വലിയ തലയെടുപ്പുള്ള ഈത്തപ്പനകള്‍ നിറഞ്ഞ ഈ തോട്ടത്തിന്​ നല്ല ജലസമൃദ്ധിയും നൂറുമേനി വിളവുമുണ്ട്​. പഴമ നിലനിര്‍ത്തി സംരക്ഷിച്ചുവരുന്ന ഈ ചരിത്രത്തോട്ടം മദീനയിലെത്തുന്നവരെല്ലാം സന്ദര്‍ശിക്കുക പതിവാണ്​.


ഒരു പ്രവാചകന്‍ വരാനുണ്ട് എന്ന് കൃസ്ത്യന്‍ പാതിരിമാരില്‍ നിന്ന് കേട്ടറിഞ്ഞ സല്‍മാനുല്‍ ഫാരിസി അതി​ന്റെ അടയാളങ്ങള്‍ തേടിയാണ് ത​ന്റെ യജമാനന്‍ അറിയാതെ ഈത്തപ്പനകളുടെ നാട്ടിലെത്തിയത്. ഒരുപാട് ദുരിതങ്ങള്‍ താണ്ടിയാണ് ജൂത​ന്റെ തോട്ടത്തിലെ അടിമയായിരുന്ന സല്‍മാനുല്‍ ഫാരിസി ഇന്ന് മദീന എന്നറിയപ്പെടുന്ന അന്നത്തെ യസ്‌രിബിലെത്തിയത്. പ്രവാചക​ന്റെ ആഗമനത്തിനായി മറ്റുള്ള പലരെയും പോലെ അദ്ദേഹവും കാത്തിരുന്നു. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ സല്‍മാനുല്‍ ഫാരിസി അദ്ദേഹത്തില്‍ വിശ്വസിച്ച ഉത്തമ അനുചരനായി മാറി. അടിമയായ സല്‍മാനെ മോചിപ്പിക്കാന്‍ 300 ഈന്തപ്പനതൈകളുള്ള തോട്ടം വേണമെന്ന്​ ജൂത യജമാനന്‍ ആവശ്യപ്പെട്ടു. പ്രവാചക​ന്റെ നേതൃത്വത്തില്‍ സ്ഥലമൊരുക്കി മുന്നൂറോളം ഈത്തപ്പന തൈകള്‍ നട്ടു പിടിപ്പിച്ചു.


പ്രവാചകന്‍ ത​ന്നെ നേരിട്ട്​ ഇവിടെ തൈകള്‍ നടുകയായിരുന്നു. പില്‍ക്കാലത്ത് മദീനയുടെ ഭരണം ഇസ്‌ലാമിനായതോടെ ഈ തോട്ടം വിശ്വാസികള്‍ക്ക് സ്വന്തമായി. തോട്ടത്തി​ന്റെ ഉടമസ്ഥത ഇന്ന് മദീനയിലെ ഔഖാഫ്​ മന്ത്രാലയത്തിനാണ്​. സല്‍മാന്‍ ഫാരിസിയുടെ വിമോചനത്തിന് വഴി തെളിയിച്ച ഈ തോട്ടം 14 നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെട്ടുകിടക്കുന്നു.


പ്രവാചകന്റെ പ്രഗത്ഭനായ ശിഷ്യന്‍ കൂടിയായിരുന്നു സല്‍മാനുല്‍ ഫാരിസി. മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്ക നിവാസികളുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തി​ന്റെ നിര്‍ദേശമാണ് 'ഖന്ദഖ്' യുദ്ധത്തിലെ വിശ്വാസികളുടെ വിജയത്തിന് നിമിത്തമായ പല കരണങ്ങളില്‍ ഒന്ന്.


മുഹമ്മദ് നബിയുടെ കൂടെ സമര യോദ്ധാവും ത്യാഗിയുമായി അദ്ദേഹം ജീവിച്ചു. ഭൗതിക വിജ്ഞാനവും അനുഭവ പാഠവവും ഒത്തിണങ്ങിയ സല്‍മാന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടി. ഖലീഫമാരുടെ കാലമായപ്പോള്‍ മുസ്‍ലിംകള്‍ക്ക് സമൃദ്ധിയുണ്ടായെങ്കിലും സല്‍മാന്‍ ലളിത ജീവിതം നയിച്ചു. സമ്ബദ് സമൃദ്ധിയുടെയും ഐശ്വര്യത്തി​ന്റെയും പ്രതാപകാലത്ത് വയോധികനായ സല്‍മാനുല്‍ ഫാരിസി കുനിഞ്ഞിരുന്ന് ഈത്തപ്പന നാരുപിരിച്ച്‌ കുട്ടയുണ്ടാക്കി ഉപജീവനം കഴിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


പൊതുഖജനാവില്‍ നിന്ന് അദ്ദേഹത്തിന് അക്കാലത്ത് കിട്ടിയിരുന്ന സഹായത്തില്‍ നിന്ന് സ്വന്തം ആവശ്യത്തിന് ഒരു വെള്ളിത്തുട്ട് പോലും എടുക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അവ മുഴുവനും നിര്‍ധനരായ ആളുകള്‍ക്ക് ദാനം ചെയ്യുകയായിരുന്നു. മദാഇനില്‍ പില്‍ക്കാലത്ത് ഗവര്‍ണറായി നിയമിതനായപ്പോഴും ഈ ലളിതജീവിതം അദ്ദേഹം കൈവിട്ടില്ല. ഖലീഫ ഉസ്മാ​ന്റെ കാലത്ത് ഹിജ്റ വര്‍ഷം 35 ലാണ് (ക്രി. 655) സല്‍മാനുല്‍ ഫാരിസി മരിച്ചത്. ജോര്‍ദനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. മദീനയിലെ സല്‍മാനുല്‍ ഫാരിസിയുടെ ഈ ചരിത്രത്തോട്ടം സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ക്ക് അദ്ദേഹത്തി​ന്റെ ത്യാഗോജ്വലമായ ജീവിത കഥകള്‍ മനസിലേക്ക് ഓടിയെത്തും.

BY
അനീസുദ്ദീൻ ചെറുകുളമ്പ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section