നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹില്‍ സ്റ്റേഷനാണ് കൂനൂര്‍. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ ഇടമാണ് ഇത്.
കാഴ്ചകള്‍ മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ് മുതലായ വിനോദങ്ങള്‍ക്കും അനുയോജ്യമായ സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. നീലഗിരി തേയില ഉല്‍പ്പാദിപ്പിക്കുന്നതിന് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്ടിലെ കുനൂര്‍. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുനൂര്‍, ഊട്ടിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കൂനൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര അനുഭവങ്ങള്‍ പരിചയപ്പെടാം.
സിംസ് പാര്‍ക്ക് കൂനൂര്‍
റെയില്‍വേ സ്‌റ്റേഷന്‍റെ വടക്കുഭാഗത്തുള്ള മലയിടുക്കിലാണ് ഒരുനൂറ്റാണ്ട് പഴക്കമുള്ള ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 12 ഹെക്ടര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍, ബീഡ് ട്രീ, ക്വീന്‍സ്‌ലാന്‍ഡിലെ കാരി പൈന്‍ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന അസാധാരണമായ 1,000-ലധികം സസ്യജാലങ്ങളുണ്ട്. 1874 ഡിസംബറില്‍ ഒരു ഉല്ലാസകേന്ദ്രം എന്ന നിലയിലാണ് ഇത് ആരംഭിച്ചതെങ്കിലും, പ്രാധാന്യമുള്ള വിവിധ വിദേശസസ്യങ്ങള്‍ക്കായുള്ള ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനായി ഇപ്പോള്‍ പാര്‍ക്ക് വികസിപ്പിച്ചിരിക്കുന്നു. വാര്‍ഷിക പച്ചക്കറി-ഫല പ്രദര്‍ശനത്തിനുള്ള വേദി കൂടിയാണ് സിംസ് പാര്‍ക്ക്.
ടോയ് ട്രെയിന്‍ റൈഡ്
കൂനൂരിന്‍റെ മനോഹാരിത ശരിക്കും അനുഭവിച്ചറിയാനാകുന്ന ഒരു യാത്രയാണ് ടോയ്ട്രെയിന്‍ റൈഡ്. കൂനൂരിനെ മേട്ടുപ്പാളയം, ഊട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന ടോയ് ട്രെയിനില്‍ കയറിപ്പോകുമ്ബോള്‍ കാണുന്ന നീലഗിരി മലനിരകളുടെ അതിമനോഹരമായ കാഴ്ചകള്‍ ആരുടേയും മനംകവരും. ട്രെയിന്‍ സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
ഡ്രൂഗ് കോട്ട
കൂനൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡ്രൂഗ് കോട്ട. പശ്ചിമഘട്ടത്തിലെ അതിമനോഹരമായ കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട, സഞ്ചാരികള്‍ക്കും ചരിത്രസ്‌നേഹികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട മുമ്ബ് ടിപ്പു സുല്‍ത്താന്‍ ഒരു ഔട്ട്‌പോസ്റ്റായി ഉപയോഗിച്ചിരുന്നു. കോട്ടയില്‍ അടിയന്തിര സാഹചര്യങ്ങളിലോ യുദ്ധസമയത്തോ ശത്രുക്കളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് ഒളിഞ്ഞിരിക്കാവുന്ന തുരങ്കങ്ങളുണ്ട്. കോട്ടയിലേക്കുള്ള ട്രെക്കിങ് വളരെ ആസ്വാദ്യകരമായ ഒരു അനുഭവമാണ്.
സെന്റ് ജോര്‍ജ് പള്ളി
മനോഹരമായ പെയിന്റിംഗ് ശേഖരങ്ങള്‍ക്ക് പേരുകേട്ട പള്ളിയുടെ ഗോഥിക് ഘടന ആരെയും ആകര്‍ഷിക്കും. വാസ്തുവിദ്യയുടെ തനിമയും സൗന്ദര്യവും ചരിത്രപരമായ നിര്‍മ്മിതികളുടെ ആധികാരികതയും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
ലോസ് വെള്ളച്ചാട്ടം
കുന്നൂരില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികള്‍ക്കും ഫോട്ടോഗ്രാഫി പ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലത്ത് ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു കണക്കുമില്ല. കൂനൂരിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. കൂടാതെ, പച്ചപ്പ് നിറഞ്ഞ മഴക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടം പിക്നിക്കിനും വേനല്‍ക്കാല യാത്രയ്ക്കും പറ്റിയ സ്ഥലമാണ്.
ഡോള്‍ഫിന്‍സ് നോസ്
കൂനൂരിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡോള്‍ഫിന്‍റെ മൂക്കിന്‍റെ ആകൃതിയിലുള്ള ഡോള്‍ഫിന്‍സ് നോസ്. കൂനൂരില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഡോള്‍ഫിന്‍സ് നോസ്, പ്രകൃതി ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു അദ്ഭുതകരമായ സ്ഥലമാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1,550 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലത്ത് നിന്നും, അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം 180-ഡിഗ്രി വിസ്തൃതിയില്‍ കാണാം. പക്ഷിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അനുയോജ്യമായ സ്ഥലമാണിത്.
കൂനൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം
വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് കൂനൂരില്‍. എന്നിരുന്നാലും, സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നു. അധികം മഴയില്ലാത്ത ഈ സമയത്ത് യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല.