ഗ്രോബാഗ് നിറയ്ക്കുമ്പോള്‍



വീടിന്റെ ടെറസില്‍ കൃഷി ചെയ്യുന്നതിന് ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം. അടുക്കളമുറ്റത്തെ കൃഷിക്കും പലരും പോളിബാഗുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. സൂര്യപ്രകാശം വീഴുന്ന സ്ഥലത്തേക്ക് എടുത്തു മാറ്റിവയ്ക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനമെച്ചമായി കണക്കാക്കുന്നത്. ചെടികളുടെ പരിചരണം പ്രായോഗികമായി വളരെ എളുപ്പവുമാണ്.

ചെടികള്‍ നടുന്നതിനു ഗ്രോബാഗുകള്‍ക്കു പുറമെ പഴയ നൈലോണ്‍ ചാക്കുകളും ബക്കറ്റുകളും ചെടിച്ചട്ടികളുമൊക്കെ ഉപയോഗിക്കാം. ഗ്രോബാഗായാലും ചെടിച്ചട്ടിയായാലും എങ്ങനെ നിറയ്ക്കണമെന്നതാണിവിടെ പറയുന്നത്. 
നിറയ്ക്കാനുപയോഗിക്കുന്ന മിശ്രിതത്തെ പോട്ടിങ് മിക്‌സ്ചര്‍ അല്ലെങ്കില്‍ ചട്ടിമിശ്രിതം എന്നാണു വിളിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ മൂന്നും തുല്യ അളവുകളിലെടുത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്.

 ഇവ മൂന്നിന്റെയും പ്രയോജനം എന്താണെന്നു തുടക്കത്തില്‍ തന്നെ മനസ്സിലാക്കണം. ചെടികള്‍ക്കു വേരുപിടിക്കാനും അവയെ ഉറപ്പിച്ചു നിര്‍ത്താനുമാണ് മണ്ണ് ചേര്‍ക്കുന്നത്. സിലിക്ക പോലെയുള്ള ഘടകങ്ങള്‍ മണ്ണിലാണ് അടങ്ങിയിരിക്കുന്നത്. മണ്ണ് തറഞ്ഞു പോയാല്‍ ചെടികളുടെ വേരോട്ടം ശരിയാകില്ല. അങ്ങനെ തറഞ്ഞു പോകാതിരിക്കാനാണ് മണല്‍ ചേര്‍ക്കുന്നത്. ചെടിയുടെ വേരുകള്‍ക്ക് ആദ്യത്തെ പോഷണം ലഭിക്കാനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. 


മണലിനു തീവിലയായിരിക്കുമ്പോള്‍ മണല്‍ ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല. പകരം ചകിരിച്ചോര്‍,.തടി ചിന്തേരിടുന്നതിന്റെ പൊടി(അറക്കപ്പൊടിയല്ല), കാപ്പിത്തൊണ്ട് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. ചാണകപ്പൊടിക്കു പകരം കമ്പോസ്‌റ്റോ വെര്‍മികമ്പോസ്‌റ്റോ ഉപയോഗിക്കുകയുമാകാം. 

ഈ മിശ്രിതം നിറയ്ക്കുന്നത് ചട്ടിയിലോ ബക്കറ്റിലോ മറ്റോ ആണെങ്കില്‍ ചുവടു ഭാഗത്തായി കുറച്ച് ഓടിന്‍കഷണങ്ങള്‍ അടുക്കുന്നതു നല്ലതാണ്. അധികമുള്ള വെള്ളത്തെ മണ്ണുമായി ചേര്‍ന്നു കുഴഞ്ഞു പോകാതെ നോക്കാനാണിത്. ഗ്രോബാഗിലോ ചാക്കിലോ കൃഷി ചെയ്യുമ്പോള്‍ ഇതിന്റെ ആവശ്യമില്ല. ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗം വരെയേ മിശ്രിതം നിറയ്ക്കാവൂ. അതിനുശേഷം മുകളില്‍ നിന്ന് അധികമുള്ള ഭാഗം മടക്കി മണ്‍നിരപ്പിന്റെ രണ്ടിഞ്ചു മുകളില്‍ വരുന്നതുപോലെ നിര്‍ത്തണം. സൗകര്യത്തെ പ്രതിയാണ് ഇങ്ങനെ ചെയ്യുന്നത്. 

വിത്ത് നടുന്നതിനു മുമ്പ് നനയ്ക്കരുത്. ഒരു ഗ്രോബാഗില്‍ മൂന്നു വിത്ത് വീതം നടുന്നതില്‍ തെറ്റില്ല. പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ചേര്‍ത്തു പിടിച്ച് വിത്തെടുത്ത് വിരലിന്റെ ആദ്യ മടക്കിന്റെ വരയുടെ അത്രമാത്രം മണ്ണിലേക്കു താഴ്ത്തി വിത്ത് അവിടെ സ്ഥാപിക്കണം. അതിനു ശേഷം അതിന്റെ മുകളില്‍ നേരിയ തോതില്‍ മണ്ണ് തൂളിക്കൊടുക്കണം. ഇനി നന ആവാം. ഗ്രോബാഗ് നനയ്ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ചെറിയ തോതില്‍ മാത്രമേ വെള്ളം ഒഴിച്ചുകൊടുക്കാവൂ എന്നതാണ്. രാവിലെ വൈകുന്നേരവും നനയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ തിരിനന രീതി പിന്തുടരാം. അപ്പോള്‍ സ്ഥിരമായി ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കും. 

പാകി കിളിര്‍പ്പിച്ച പച്ചക്കറി തൈയാണ് നടുന്നതെങ്കില്‍ അതിന്റെ വേരുഭാഗം പൂര്‍ണമായി മണ്ണിനടിയില്‍ ആയിരിക്കണം. അതിനും നടീല്‍ രീതി ഇങ്ങനെ തന്നെ. പെരുവിരലിനും ചൂണ്ടുവിരലിനുമിടയിലായി തൈ ഉറപ്പിച്ചു പിടിച്ച് ഇരുവിരലുകൊണ്ടും മണ്ണു കുഴിച്ച് തൈ നടണം. അതിനു ശേഷം ചുവട്ടിലേക്ക് മണ്ണു കൂട്ടിക്കൊടുക്കണം. 
പ്രോട്രേകളില്‍ കിളിര്‍പ്പിച്ച തൈയാണ് നടുന്നതെങ്കില്‍ വേരിനോടു ചേര്‍ന്ന പോട്ടിങ് മിശ്രിതത്തിന്റെ കട്ട ഉടയാതെ വേണം കൂടയ്ക്കുള്ളിലേക്കു മാറ്റാന്‍. ഇതിനായി ഗ്രോബാഗിലെ പോട്ടിങ് മിശ്രിതത്തിന്റെ ഒത്തനടുവില്‍ ചെറിയൊരു പിള്ളക്കുഴിയെടുത്ത് അതിലേക്ക് തൈയും മിശ്രിതത്തിന്റെ കട്ടയും സഹിതം ഇറക്കിവയ്ക്കുക. ചുറ്റിനും നിന്ന് മണ്ണ് അടുപ്പിച്ച് ഉറപ്പിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section