ഈ വർഷം (2022 ) പല കാരണങ്ങൾ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 കൊല്ലം തികയുന്നു. കൃഷിഭവൻ രൂപീകരണത്തിന് ശേഷം 35കൊല്ലം പൂർത്തിയാകുന്നു . കേരളത്തിൽ വികേന്ദ്രീകൃത ആസൂത്രണ രീതിശാസ്ത്രം തുടങ്ങിയതിന് ശേഷം 25കൊല്ലം കഴിഞ്ഞിരിക്കുന്നു.
മുൻപില്ലാത്ത വിധം കേന്ദ്ര -സംസ്ഥാന -പ്രാദേശിക സർക്കാരുകൾ കാർഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം (ഒരു മികച്ച വില സ്ഥിരമായി കിട്ടത്തക്ക തരത്തിൽ ) ഉരുവം കൊണ്ട് വന്നിട്ടില്ല എന്നത് ഒരുസങ്കടക്കാഴ്ചയാണ്.
1990 കളുടെ മധ്യത്തോടെ, യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ ( European Economic Community ) സാമ്പത്തിക സഹായത്തോടെ കേരള സർക്കാർ, KHDP (കേരള ഹോർട്ടികൾച്ചർ ഡെവലപ്പ്മെന്റ് പ്രോഗ്രാം ) എന്ന പദ്ധതി കൊണ്ടുവന്നു.
വാണിജ്യാടിസ്ഥാനത്തിൽ പഴം പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരെ ഉൾപ്പെടുത്തി സ്വാശ്രയ സംഘങ്ങൾ (Self Help Group )കൾ ഉണ്ടാക്കി അവർക്ക് ഉത്പാദനം, ഗവേഷണം, വിജ്ഞാന വ്യാപനം, വായ്പ, വിള ഇൻഷുറൻസ്, വിപണനം എന്നീ കാര്യങ്ങളിൽ പങ്കാളിത്തരീതിയിൽ ഒരു സുസ്ഥിര സംവിധാനം കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് KHDP ചെയ്തത്.
പിൽക്കാലത്ത് ഡിജിപി ആയി വിരമിച്ച കൃഷി ശാസ്ത്ര ബിരുദ ധാരിയും കൂടിയായിരുന്ന ശ്രീ. ജേക്കബ് തോമസ് IPS ആയിരുന്നു അതിന്റെ ആദ്യ പ്രോഗ്രാം ഡയറക്ടർ. അതിന് ശേഷം ഈയിടെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആയി വിരമിച്ച കാർഷിക ബിരുദധാരി കൂടിയായ ശ്രീ. P. K. കേശവൻ IFS ആയിരുന്നു പ്രോഗ്രാം ഡയറക്ടർ. ഇവരുടെ കാലത്താണ് കർഷകർക്ക് പ്രാമുഖ്യം ലഭിച്ച ആദ്യ വിപണന മാതൃക ആയ സ്വാശ്രയ കർഷക വിപണികൾ (SKV )കേരളത്തിൽ രൂപം കൊണ്ടത്.
ഏതാണ്ടിതേ കാലത്താണ് യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ കേരളത്തിൽ ആറ് മൊത്ത വ്യാപാര വിപണികൾ രൂപപ്പെട്ടത്. മൂന്ന് നഗര വിപണികളും (മരട്, ആനയറ, വെങ്ങേരി )മൂന്ന് ഗ്രാമ വിപണികളും (നെടുമങ്ങാട്, സുൽത്താൻ ബത്തേരി, മൂവാറ്റുപുഴ ).
അതിന് ശേഷം KHDP 2001 ൽ സർക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തം ഉള്ള ഒരു കമ്പനി ആയി (Vegetable &Fruit Promotion Council Keralam, VFPCK) രൂപാന്തരപ്പെട്ടു.
എന്തൊക്കെ അപൂർണതകൾ ഉണ്ടെങ്കിലും,കേരളത്തിൽ കാർഷിക വിപണനത്തിൽ കർഷകന് ആത്മാഭിമാനം നൽകിയത് KHDP /VFPCK ആണെന്ന് നിസ്സംശയം പറയാം.
ഈ കാലയളവിൽ (1998 മുതൽ 2004വരെ )KHDP /VFPCK യിൽ ജോലി ചെയ്യാനും എനിക്ക് സാധിച്ചു. പാലക്കാട് ജില്ലയിൽ ആയിരുന്നു ഈ ആറ് വർഷവും ഞാൻ പ്രവർത്തിച്ചത്.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് ചരിത്രത്തിൽ എന്തുകൊണ്ടാണ് കാർഷിക മേഖലയിൽ സ്ഥായിയായ കർഷകസൗഹൃദ വിപണന സംവിധാനങ്ങൾ രൂപപ്പെടാഞ്ഞത് എന്നത് പഠന വിധേയമാക്കേണ്ടതാണ്.
ഞാനിത് പറയാൻ കാരണം കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ ആണ്. തൃശ്ശൂരിലെ ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ പെരിങ്ങാവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നാട്ടുചന്തയെ കുറിച്ചായിരുന്നു അത്.
ഒരു പ്രദേശത്തെ കർഷകർക്കും കാർഷിക സംരംഭകർക്കും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും ഉപഭോക്താക്കൾക്ക് അവിടെ എത്തി ഉത്പന്നങ്ങളുടെ സ്രോതസ്സും നിലവാരവും മനസ്സിലാക്കി അത് വാങ്ങാനും ഉള്ള അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ഒരുക്കുകയായിരുന്നു അച്ചനും കൂട്ടരും ചെയ്തത്.
നാടൻ പച്ചക്കറികളും ജീവ ജന്തുക്കളും മൂല്യ വർധിത ഉത്പന്നങ്ങളും എല്ലാം തന്നെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാൻ പൊതു സമൂഹത്തിന് കഴിയുന്നു. അതോടൊപ്പം കുറഞ്ഞ നിരക്കിൽ ഭക്ഷണ പദാർത്ഥങ്ങളും (രണ്ട് രൂപയ്ക്കു ഇഡ്ഡലി )അടക്കം അവിടെ കിട്ടുന്നു. വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന നല്ല വസ്ത്രങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ ഒരു Cloth shop അതോടൊപ്പം പ്രവർത്തിക്കുന്നു. അത് ഒരു നല്ല മാതൃകയായി തോന്നി.
കൃഷി ഓഫീസർ ആയി പല ഗ്രാമ പഞ്ചായത്തുകളിലും ജോലി ചെയ്തപ്പോൾ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനു ഗ്രാമ പഞ്ചായത്തുകളിലെ ഷോപ്പിംഗ് കോംപ്ലക്സ് കളിലെ കണ്ണായ ഒരു മുറി കർഷകർക്ക് ലഭ്യമാക്കണം എന്നൊക്കെ പല വേദികളിലും ആവശ്യപ്പെട്ടു എങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടു കണ്ടില്ല . അത് തന്നെയാണ് സ്ഥായിയായ വിപണന സംവിധാനങ്ങൾ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും രൂപപ്പെട്ടു വരാത്തതിന്റെ ഒരു കാരണം. എന്നാൽ എല്ലാ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അങ്ങനെ ആയിരുന്നു എന്ന് പറയാനും ഞാൻ തുനിയുന്നില്ല.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾക്ക് ഒരു ഡോക്ടറുടെയോ വക്കീലിന്റെയോ പോലിസ് ഓഫീസറുടെയോ സേവനം ആവശ്യമായി വന്നേക്കാം. എന്നാൽ ദിവസത്തിൽ കുറഞ്ഞത് മൂന്ന് നേരമെങ്കിലും ഒരു കർഷകന്റെ സേവനം നിങ്ങൾക്ക് അനിവാര്യമാണ് എന്ന് ആരും മറക്കാൻ പാടില്ല. (ഇത് ഞാൻ പറഞ്ഞതല്ല🤪 ).
ഇതോടൊപ്പം കൊടുക്കുന്ന ചിത്രം ശ്രദ്ധിക്കുക. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിന്റെ വിപണന കേന്ദ്രം ആണ്. എംസി റോഡിന്റെ വശത്തായി KSRTC ബസ് സ്റ്റാൻഡിനടുത്തു പ്രവർത്തിക്കുന്നു.ഈ മാതൃകയിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കർഷകർക്ക് പാൽ -പച്ചക്കറി -മത്സ്യം -മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ വിൽക്കാൻ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ എത്തുന്ന പൊതു ഇടങ്ങളിൽ സ്ഥലസൗകര്യങ്ങൾ ലഭിക്കണം. അത് ഒരു വിൻ -വിൻ (കർഷകനും ഉപഭോക്താവും വിജയിക്കുന്ന) സാഹചര്യം രൂപപ്പെടുത്തും.
കർഷക ക്ഷേമം വാക്കുകളിൽ മാത്രം ഒതുങ്ങാൻ പാടില്ല.
അന്നദാതാ സുഖീ ഭവ :
എന്നാൽ അങ്ങട്..
പ്രമോദ് മാധവൻ