ഓസ്ട്രേലിയയിൽ വമ്പൻ പെൻഗ്വിൻ പരേഡ്: പങ്കെടുത്തത് 5000 പക്ഷികൾ,അമ്പരന്ന് കാഴ്ചക്കാർ

record-breaking-penguin-parade-australia.jpg.

ഓസ്ട്രേലിയയിലെ ഫിലിപ് ദ്വീപിൽ ഒരു വമ്പൻ പരേഡ് കഴിഞ്ഞ ദിവസം നടന്നു. അയ്യായിരത്തിലധികം പേർ പങ്കെടുത്തു. പക്ഷേ പങ്കെടുത്തത് മനുഷ്യരാരുമല്ല, മറിച്ച് പെൻഗ്വിനുകളായിരുന്നു. ഈഡിപ്റ്റുല മൈനർ എന്ന ശാസ്ത്രനാമമുള്ള ചെറു പെൻഗ്വിനുകളാണ് ഫിലിപ് ദ്വീപിലെ ബീച്ചിൽ രാത്രി അപൂർവ പരേഡ് നടത്തിയത്. മില്ലോൾ എന്നുമറിയപ്പെടുന്ന ഫിലിപ് ദ്വീപിൽ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പെൻഗ്വിൻ കോളനിയാണു സ്ഥിതി ചെയ്യുന്നത്. നാൽപതിനായിരത്തിലധികം ഈഡിപ്റ്റുല പെൻഗ്വിനുകൾ ഇവിടെയുണ്ട്. പെൻഗ്വിൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ പരിസ്ഥിതി സംഘടനയുടെ ശ്രമഫലമായാണ് ഇത്രയധികം പെൻഗ്വിനുകൾ ഇവിടെ പെരുകിയത്. ചെറു പെൻഗ്വിനുകളായ ഇവയ്ക്ക് കൂടിവന്നാൽ 40 സെന്റിമീറ്റർ വരെയൊക്കെയേ ഉയരം വയ്ക്കുകയുള്ളുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.


എല്ലാദിവസവും വൈകുന്നേരമാകുമ്പോൾ ദ്വീപിലെ പെൻഗ്വിനുകൾ കടലിൽ നിന്നു തിരിച്ചുവന്ന് തങ്ങളുടെ പാർപ്പിടങ്ങളിലേക്കു പോകും. കടലിൽ മീൻ, കണവ, കൊഞ്ച് തുടങ്ങിയ ജലജീവികളെ വേട്ടയാടാൻ പോയശേഷമാണ് ഈ മടങ്ങിവരവ്. കടലിൽ നിന്നു കൂട്ടമായി കരയണഞ്ഞശേഷം തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് ഇവ നടന്നുപോകുന്നതിനെ പെൻഗ്വിൻ പരേഡ് എന്നാണ് ഇവിടെ വിശേഷിപ്പിക്കാറുള്ളത്. ഫിലിപ് ദ്വീപിലെ വലിയൊരു വിനോദസഞ്ചാര ആകർഷണമാണ് ഈ പരേഡ്. ഫിലിപ് ഐലൻഡ് നേച്വർ പാർക്കിലേക്ക് ഇതുകാണാനായി നൂറുകണക്കിനു വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇത്തരമൊരു പരേഡിനിടെയാണു കഴിഞ്ഞദിവസം അയ്യായിരത്തിലധികം പെൻഗ്വിനുകൾ പങ്കെടുത്തത് വിസ്മയമുണർത്തിയത്. ഒരു മണിക്കൂറോളം നേരം നീണ്ടു നിൽക്കുന്നതാണ് ഈ പരേഡെന്ന് ഫിലിപ് ഐലൻഡിലെ പരിസ്ഥിതി ഗവേഷകയായ പൗല വാസിയാക് പറയുന്നു.


അൻപതു വർഷമായി ഈ പെൻഗ്വിൻ പരേഡ് ഇവിടെ നടക്കുന്നുണ്ട്. നേരിൽ കാണാൻ ദ്വീപിൽ എത്താൻ പറ്റാത്തവർക്കായി ഫിലിപ് ഐലൻഡ് നേച്ചർ പാർക് അധികൃതർ ഫേസ്ബുക്കിലും യൂട്യൂബിലും ലൈവ് സ്ട്രീം സൗകര്യവും ഒരുക്കിയിട്ടുണ്ട്. പെൻഗ്വിനുകൾ പ്രത്യേക വഴികളിലൂടെയാണ് കടലിലേക്കു പോകുന്നതും തിരിച്ചു തീരമണഞ്ഞ് വീടുപിടിക്കുന്നതും. ഇവയെ ഓരോദിവസവും എണ്ണാൻ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ ദ്വീപിലുണ്ട്. ഇവർ വഴിയരികിൽ കാത്തുനിൽക്കും. അൻപതുവർഷമായി മുടങ്ങാതെ ഈ എണ്ണമെടുപ്പ് തുടരുന്നു. ഇതിനു മുൻപ് ഏപ്രിൽ മാസത്തിൽ 4529 പെൻഗ്വിൻ പക്ഷികൾ പരേഡ് നടത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. നവംബറിലും ഡിസംബറിലുമാണ് സാധാരണഗതിയിൽ പരേഡിൽ ഒട്ടേറെ പെൻഗ്വിനുകൾ പങ്കെടുക്കുന്നത്. എന്നാൽ, ഇത്തവണ മാസങ്ങൾക്ക് മുൻപ് തന്നെ അതു സംഭവിച്ചു. ലാ നിന പ്രതിഭാസം കാരണം ബീച്ചിനു ചുറ്റുമുള്ള കടൽവെള്ളത്തിൽ ഈഡിപ്റ്റുല പെൻഗ്വിനുകളുടെ ഇഷ്ടഭക്ഷണമായി ആൻചോവിസ് എന്ന ചെറുമത്സ്യം കുടിയതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section