വള പ്രയോഗത്തിന്റെ സമയം, ഇടവേള, പ്രയോഗരീതി ഒരു വര്‍ഷം പ്രായമായ തൈകള്‍ക്ക് മേല്പറഞ്ഞ വളത്തിന്റെ മൂന്നിലൊന്നു ഭാഗവും, രണ്ടുവര്‍ഷം പ്രായമായവക്ക് മൂന്നില്‍ രണ്ടുഭാഗവും നല്‍കണം. മൂന്നാം കൊല്ലം മുതല്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ വളവും നല്‍കേണ്ടതാണ്. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുമ്പോള്‍ മൊത്തം ശുപാര്‍ശചെയ്ത വളം രണ്ട് ഭാഗങ്ങളാക്കി മൂന്നിൽ ഒന്ന് തെക്കു പടിഞ്ഞാറൻ മഴ ലഭിക്കുമ്പോഴും (ഏപ്രിൽ- ജൂൺ) മൂന്നിൽ രണ്ട് സെപ്റ്റംബർ- ഒക്ടോബർ മാസത്തിലും ചേർക്കുക.
ജലസേചനമുള്ള സമയത്ത് വളം മൂന്നോ നാലോ തുല്യഭാഗങ്ങളാക്കി ഏപ്രിൽ-മെയ്, ആഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ,ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ ലഭ്യമാക്കുക. മഗ്നീഷ്യം സൾഫേറ്റ് ആഗസ്റ്റ് സെപ്റ്റംബർ മാസത്തിലും ജൈവ വളം ജൂൺ ജൂലായ് മാസത്തിലും ചേർക്കുക. വളർച്ചയെത്തിയ തെങ്ങിന് 1കിലോഗ്രാം ഡോളോമേറ്റ് അല്ലെങ്കിൽ 1കിലോഗ്രം കുമ്മായം വർഷത്തിൽ ചേർത്തുകൊടുക്കണം. ഒപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റും ആവശ്യമുണ്ട്. 2 മീറ്റർ ആരത്തിലും,10 സെമി ആഴത്തിലും തെങ്ങിന്റെ കടക്കുചുറ്റും വട്ടത്തിൽ തടമെടുത്ത് ജൈവവളവും രാസവളവും ചേർക്കുക. തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭത്തിനു ശേഷമാണ് തടം എടുക്കേണ്ടത്.
വേനൽക്കാലത്ത് ജലസേചനത്തോടൊപ്പം ഘട്ടംഘട്ടമായി വളം ചേർക്കണം വളം ചേർക്കേണ്ട രീതി - ജലസേചിത കൃഷി നടത്തുന്ന സ്ഥലങ്ങളിൽ വളങ്ങൾ മൂന്നോ, നാലോ തവണകളായി ചേർക്കാവുന്നതാണ്. - താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ ഒറ്റ തവണയായോ സാഹചര്യത്തിനനുസരിച്ച് രണ്ടു തവണയായോ ചേർക്കുക. - മണൽ പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും തൈ നട്ട് ആദ്യത്തെ 3 വർഷം തെങ്ങൊന്നിന് 10 കി.ഗ്രാമും പിന്നീട് 15-25 കി.ഗ്രാമും വീതം പച്ചിലവളം, കന്നുകാലിവളം, ചകിരി ച്ചോറ് ഇവയിലേതെങ്കിലും ഒന്ന് ചേർക്കുന്നത് വളർച്ച മെച്ചപ്പെടുത്തുവാൻ സഹായിക്കും. - മണ്ണിൽ ഭാവഹത്തിന്റെ അംശം 10 പി.പി.എം.ൽ കൂടുതലാണെങ്കിൽ ഭാവഹവളങ്ങൾ ഉപയോഗിക്കുന്നത് കുറച്ച് വർഷങ്ങളിലേയ്ക്ക് ഒഴിവാക്കാം. - ഓണാട്ടുകര പ്രദേശത്തും മണൽ കലർന്ന മണ്ണുള്ള പ്രദേശങ്ങളിലും കാറ്റുവീഴ്ച രോഗബാധയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന സങ്കര ഇനങ്ങൾക്കും ഒരു വർഷം തെങ്ങൊന്നിന് 500 ഗ്രാം മെഗ്നീഷ്യം സൾഫേറ്റ്, 500 ഗ്രാം പാക്യജനകം, 300 ഗ്രാം ഭാവഹം, 1000 ഗ്രാം പൊട്ടാഷ് എന്നിവയും ചേർത്തു കൊടുക്കണം. -
അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾക്ക് പൊതുവായി നിർദ്ദേശിച്ചിട്ടുള്ള എൻ.പി.കെ. അനുപാതം വർഷത്തിൽ 100തേങ്ങവരെ കിട്ടുന്ന തെങ്ങുകൾക്കാണ്. 100-ൽ കൂടുതൽ തേങ്ങ കിട്ടുന്ന തെങ്ങുകൾക്ക് അധികം കിട്ടുന്ന ഓരോ തേങ്ങയ്ക്കും എൻ.പി.കെ. 10:5: 15 ഗ്രാം എന്ന തോതിൽ അധികം നൽകണം. - വെട്ടുകൽ മണ്ണിൽ ശുപാർശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നൽകിയാലും മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.