വേനൽക്കാലത്ത് കുടിക്കാനും കുളിക്കാനും രാമച്ചം; വിയർപ്പ് നാറ്റത്തിനും ചർമപ്രശ്നങ്ങൾക്കും അതിവേഗം പരിഹാരം...

 മുത്തശ്ശിവൈദ്യത്തിൽ അതിപ്രധാനമാണ് രാമച്ചം. രാമച്ചത്തിന്റെ ഗുണങ്ങൾ അതിനാൽ തന്നെ മലയാളിക്ക് പ്രത്യേകമായി പറഞ്ഞുകൊടുക്കേണ്ട ആവശ്യമേയില്ല. 

കുടിക്കുന്നതിനും കുളിക്കുന്നതിനും രാമച്ചം ഉപയോഗിക്കാറുണ്ട്. കേരളത്തിൽ വേനൽ അതിശക്തമായ സാഹചര്യത്തിൽ രാമച്ചത്തെ ഒട്ടും ഒഴിവാക്കാൻ സാധിക്കില്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം, നിർജ്ജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും രാമച്ചം സഹായകരമാണ്. വേനൽക്കാലത്ത് രാമച്ചവെള്ളം കുടിക്കണമെന്ന നിർദേശമാണ് ആരോഗ്യവിദഗ്ധരും മുന്നോട്ട് വക്കുന്നത്.


ഭക്ഷണത്തിൽ ശ്രദ്ധ നൽകുക എന്നതിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും അനുവാര്യമാണ്. രാമച്ചമിട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇതിന് ഉപയോഗിക്കുന്നതെങ്കിൽ ശരീരത്തിന് ചെറിയ ഗുണങ്ങളൊന്നുമല്ല ലഭിക്കുന്നത്. രാമച്ചം എങ്ങനെ ശാരീരികാരോഗ്യത്തിന് ഗുണകരമാകുമെന്ന് നോക്കാം.


ആയുർവേദ മൂല്യങ്ങളുള്ള രാമച്ചം ശരീരത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു. ഇതു കൂടാതെ, വേനൽക്കാല അസുഖങ്ങളെ പ്രതിരോധിക്കാനും രാമച്ചം ചേർത്ത വെള്ളം പതിവായി കുടിക്കാം.


വേനൽക്കാലത്ത് മൂത്രാശയ സംബന്ധമായ രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നു. ഇതിന് പരിഹാരം ധാരാളം വെള്ളം കുടിക്കുക എന്ന ഒറ്റമൂലി മാത്രമാണ്. രാമച്ചമിട്ട് തിളപ്പിച്ച വെള്ളമാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെങ്കിൽ മൂത്രത്തിലെ അസ്വസ്ഥതയ്ക്ക് ശാശ്വത പരിഹാരമാകുന്നു.

ഇതിന് പുറമെ, നിർജ്ജലീകരണം എന്ന അപകടാവസ്ഥയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ രാമച്ചം ചേർത്ത വെള്ളം കുടിക്കുക. രാമച്ച വേര് മണ്‍കുടത്തില്‍ ഇട്ട് ഈ വെള്ളം കുടിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കും. ഒപ്പം ക്ഷീണം ഇല്ലാതാക്കാനുമാകും.


കുടിക്കാൻ മാത്രമല്ല, രാമച്ചം ഉപയോഗിച്ചുള്ള കുളിയും പലവിധ മേന്മകളാണ് ശരീരത്തിന് നൽകുന്നത്.


സോപ്പ്, ഫേസ് വാഷ്, മറ്റ് ക്രീമുകൾ തുടങ്ങിയ വിവിധ ഹെർബൽ വസ്തുക്കളായി രാമച്ചം ഉപയോഗിക്കാം. ചർമത്തിന് ആരോഗ്യവും ഔഷധവും നൽകാൻ ഇതുകൊണ്ടുള്ള ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ സഹായിക്കും.


കൂടാതെ, രാമച്ചവേര് മഞ്ഞളിനൊപ്പം ചേര്‍ത്ത് പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ വേഗത്തിൽ ശമിപ്പിക്കാം. ശരീരത്തിലുണ്ടാകുന്ന അമിത ദുർഗന്ധം, വിയർപ്പ്, എന്നിവയ്ക്കായാലും രാമച്ചം തേച്ച് പുരട്ടിയാൽ മതി.


രാമച്ചം, മുത്തങ്ങ, ചുക്ക്, പര്‍പ്പടകപ്പുല്ല് എന്നിവ തുല്യ അളവിൽ ചേര്‍ത്ത് കഷായമാക്കി കുടിച്ചാല്‍ പനിക്ക് പരിഹാരമാകും. രാമച്ചവേര് പൊടിയാക്കി അതിലേക്ക് രക്തചന്ദനവും പൊടിച്ച് തുല്യ അളവിൽ ചേർക്കുക. ഇതിലേക്ക് തേന്‍ കൂടി ഒഴിച്ച് കഴിക്കുന്നത് ശരീര രോമകൂപങ്ങളില്‍ നിന്നും രക്തം നഷ്ടമാകുന്നതിനെ തടയും.


കുടിക്കുമ്പോൾ ആന്തരികമായാണ് രാമച്ചം ശരീരത്തിന് ഗുണകരമാകുന്നതെങ്കിൽ, കുളിക്കുമ്പോൾ ത്വക്ക് രോഗങ്ങളെ അകറ്റാൻ രാമച്ചമിട്ട വെള്ളം സഹായിക്കും. സൂര്യാഘാതം മൂലമുണ്ടാവുന്ന അസ്വസ്ഥതകൾ അകറ്റാൻ രാമച്ചത്തിന്റെ വേരുകൾ കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. ചൂടാറുകുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് കുളിക്കാം.


 അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section