രുചിയിൽ മുമ്പൻ. വിലയിൽ വമ്പൻ. മാമ്പഴ കൂട്ടത്തിലെ 'മധുര രാജ'! ഒളോറിന്റെ രുചിയെ വെല്ലാൻ പോന്ന മാമ്പഴങ്ങളൊന്നും മലയാള മണ്ണിൽ പിറന്നിട്ടില്ല എന്നു പറയാം. കോഴിക്കോടു ജില്ലയിലെ കുരുവെട്ടൂർ ഗ്രാമത്തിൽ ഒളോറ എന്ന തറവാട്ടുകാരുടെ പറമ്പിലാണ് ഇവന്റെ ജനനം. അവിടെ നിന്ന് വിത്തുവിതരണം വഴി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒളോറ പ്രചരിച്ചു. ചെന്നിടത്തൊക്കെ ഒളോർ എന്ന തറവാട്ടുപേരിൽതന്നെ അവൻ അറിയപ്പെട്ടു. മറ്റേതെങ്കിലും സ്ഥലത്ത് മറ്റേതെങ്കിലും പേരിൽ ഈ ഇനം ഉള്ളതായി അറിവില്ല.
(തറവാട്ടു പേർ എളോറ എന്നാണെന്നും മാങ്ങ എളോറ മാമ്പഴം എന്നാണ് അന്നാട്ടിൽ അറിയപ്പെടുന്നതെന്നും കുരുവെട്ടൂർ സ്വദേശിയായ വാസുദേവൻ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ പറയുന്നുണ്ട്. അതാവാം വാസ്തവം. പക്ഷേ ഔദ്യോഗികരേഖകളിൽ 'ഒളോർ 'പതിഞ്ഞുപോയി.)
രുചിയിൽ കേമനാണെങ്കിലും തറവാടിയായ ഇവൻ പൂവിടുന്നതിൽ വിമുഖനാണ്. പത്തിരുപതു വർഷം കഴിഞ്ഞിട്ടും , - മണ്ണിന്റെ പ്രത്യേകതകൊണ്ടാവാം- ഒരിക്കൽപോലും പൂവിടാത്ത ഒളോർ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലുണ്ട്. മരത്തിന് ആരോഗ്യവും കുറവാണ്. പലപ്പോഴും കായ്ഫലം കൂടുതലായാൽ ഇതിന്റെ കൊമ്പുകൾ അടർന്നു വീഴും.
മരത്തിൽ കയറി പറിക്കുന്നത് റിസ്കുള്ള കാര്യംതന്നെയാണ്. കട്ടിയുള്ള വിണ്ടടർന്നടന്നു നിൽക്കുന്ന പുറന്തൊലിയോടുകൂടിയ ഈ മാവിന് മറ്റിനങ്ങളെ അപേക്ഷിച്ച് ആയുസ്സും കുറവാണ്. മരംകേടു വന്ന് കെട്ടു പോവുക പതിവാണ്. ഈ ന്യൂനതകൾക്ക് പരിഹാരം കണ്ടെത്തി പോളിഹോം ഫാമിങ് പോലെയുള്ള ശാസ്ത്രീയ കൃഷിരീതികൾ നടപ്പിലാക്കിയാൽ ജപ്പാനിലെ മിയാ സാക്കിയും ഇന്ത്യയുടെ അൽഫോൺസും പോലെ വിദേശ നാണ്യം ഒഴുകുന്ന വിളയായി ഒളോർ മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.
കച്ചവടത്തിനെത്തിയ അറബികളുടെയും സായിപ്പന്മാരുടെയും ഹൃദയംകവർന്ന രുചിവീരനായിരുന്നു ഒളോർ. ചേലനെപ്പോലെ ഒന്നിടവിട്ട വർഷങ്ങളിൽ മാത്രമേ ഒളോറും പൂവിടുകയുള്ളു. അരൂർ,വടകര, നാദാപുരം കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലൊക്കെ ഒളോർ എന്ന് തെറ്റായി വിശേഷിപ്പിക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങിലും വാർത്തയാവുകയും ചെയ്യുന്നത് സാക്ഷാൽ ചേലൻ മാങ്ങയാണ്. ചാവക്കാട് ഒളോർ, അരൂർ ഒളോർ എന്നൊക്കെ അറിയപ്പെടുന്ന ചേലൻ! ഇത്തവണ വിളവു കുറവായിരുന്നെങ്കിലും നമ്മുടെ ഗ്രൂപ്പിനു വേണ്ടി ഞാൻ കുറച്ച് ഒളോറിനെ സംഘടിപ്പിച്ചിട്ടുണ്ട്. തേടിപ്പിടിച്ച് വലിയ വിലകൊടുത്തു തന്നെ. എല്ലാം തൈകളാക്കണം. പിടിച്ചുകിട്ടിയാൽ ഭാഗ്യം.
FB: നാടൻ മാവുകൾ Naadan Maavukal