ജലക്ഷാമം ഏറെയുള്ള പ്രദശങ്ങളിൽ 'കണിക ജലസേചനം’ ഏറ്റവും ഫലപ്രദവും ലാഭകരവുമാണ്.
ഉപരിതല ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം വളരെയേറെ കുറക്കുവാൻ ഈ മാര്‍ഗ്ഗത്തിലൂടെ ജലസേചനം നൽകുന്നതുവഴി കഴിയും. തെങ്ങുകളിൽ നിന്നുള്ള വിളവ് മൂന്നാം വർഷം മുതൽ ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്നു.
വേനൽ നനക്ക് വേണ്ടത്ര ജലം ലഭ്യമല്ലാത്ത കേരളത്തിലെ വടക്കൻ ജില്ലകളിൽ രൂക്ഷമായി അനുഭവപ്പെടുന്ന വരൾച്ചയുടെ പ്രതികൂലഫലങ്ങൾ ലഘൂകരിക്കുന്നതിന് താഴെ പറയുന്ന പരിചരണമാർഗ്ഗങ്ങൾ അവലംബിക്കാം.
ഗുണമേൻമയുള്ള വിത്തുതേങ്ങ തെരഞ്ഞെടുക്കുകയും, ആരോഗ്യവും വളർച്ചയും കൂടുതലുള്ള തൈകൾ നടുകയും ചെയ്യുക. ആരോഗ്യമുള്ള തൈകൾക്ക് ഒരു പരിധി വരെ വരൾച്ചയെ അതിജീവിക്കാൻ കഴിയും.
നീർവാർച്ച കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒരു മീറ്റർ താഴ്ചയുള്ള കുഴികളിൽ തൈകൾ നടുക. ആഴത്തിൽ നടുന്നത് കൊണ്ട് ശക്തിയേറിയ കാറ്റിന്‍റെ ആഘാതത്തിൽ നിന്ന് രക്ഷനേടാം. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവും കുറവായിരിക്കും.
ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ കിട്ടുന്ന മഴയ്ക്ക് ശേഷം നടാവുന്നതാണ്.
വേനൽ മാസങ്ങളിൽ തെങ്ങിൻ തൈകൾക്ക് തണൽ ആവശ്യമാണ്. ആദ്യത്തെ രണ്ട് വർഷം തണൽ നൽകേണ്ടതുണ്ട്. രണ്ട് തവണ വളപ്രയോഗം നൽകാവുന്നതാണ്. വേനൽമഴക്കു ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മൂന്നിലൊന്നും, സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും നൽകുന്നതാണ് നല്ലത്.
മെയ്-ജൂൺ മാസങ്ങളിലും സെപ്തംബർ-ഒക്ടോബർ മാസങ്ങളിലും ഇടനിലം കിളച്ചിടുകയോ പൂട്ടിയിടുകയോ ചെയ്യാവുന്നതാണ്. വെള്ളത്തിന്‍റെ ഒലിച്ചുപോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ സപ്തംബർ-ഒക്ടോബർ മാസങ്ങളിൽ പൊലി കൂട്ടി ഇടുന്നതും നവംബർ-ഡിസംബർ മാസങ്ങളിൽ അവ നിരത്തിയിടുന്നതും നല്ലതാണ്. ചരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികള്‍ നിർമ്മിച്ച് ജലസംരക്ഷണനടപടികൾ എടുക്കേണ്ടതാണ്.
മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് തടങ്ങളിൽ പുതയിടെണ്ടത് ആവശ്യമാണ്. വരികൾക്കിടയിൽ മൂന്ന് മീറ്റര്‍ നീളത്തിൽ അര മീറ്റർ താഴ്ച്ചയിൽ ചാലുകീറുകയോ, 1.8 മീറ്റര്‍ ചുറ്റളവിൽ തടമെടുത്തോ, 3-4 തട്ടുകളായി അടുക്കി മണ്ണിട്ടു മൂടുക. മണ്ണിലെ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും. ഇതിന്റെ പ്രയോജനം അഞ്ച് മുതൽ ഏഴു വർഷം വരെ കിട്ടുന്നതായി കണ്ടിട്ടുണ്ട്.
തെങ്ങിൻ തടങ്ങളിൽ പച്ചിലവളങ്ങൾ ഇടുന്നതും ആവരണ ചെടികൾ വളർത്തുന്നതും ഈര്‍പ്പനഷ്ടം കറക്കുന്നതിന് സഹായിക്കും. വെള്ളത്തിന്‍റെ ഒലിച്ചുപോക്ക് നിയന്ത്രിക്കുന്നതിനും ഇത് കൊണ്ട് കഴിയുന്നു.
ഒക്ടോബർ മാസത്തിൽ അതാതിടങ്ങളിൽ ലഭ്യമായ ചെടികളുടെ കമ്പും ഇലകളും കൊണ്ട് തെങ്ങിൻ തടങ്ങളിൽ പുതയിടൽ നടത്തുന്നത് നല്ലതാണ്. ഉപരിതല ഊഷ്മാവും ബാഷ്പീകരണവും ഇതുമൂലം കുറയ്ക്കാം.
കാലവർഷം ശക്തിയായി ലഭിക്കുന്ന വടക്കൻ കേരളത്തിൽ തെങ്ങുകളെ ബാധിക്കുന്ന ഒരു മാരകരോഗമാണ് ചെന്നീരൊലിപ്പ്. വരൾച്ചാ വർഷങ്ങളിൽ രോഗം കൂടുതൽ രൂക്ഷമാകും. രോഗബാധിതമായ ഭാഗം മുറിച്ച് നീക്കി ചൂടുള്ള ടാർ പുരട്ടുകയാണ് സാധാരണ ചെയ്യുന്നത്. 25 ലിറ്റർ വെള്ളത്തിൽ 25 മില്ലിലിറ്റർ കാലിക്സിൻ ലായനി വർഷത്തിൽ മൂന്ന് തവണ തെങ്ങിന്‍റെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. തെങ്ങാന്നിന് 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും അഭികാമ്യമാണ്.
സ്വേദനം മൂലമുള്ള ജലനഷ്ടം കുറക്കുവാൻ ഡിസംബർ-ഏപ്രിൽ മാസങ്ങളിൽ തെങ്ങിന്‍റെ ഏറ്റവും താഴത്തെ 3-4 ഓലകൾ വെട്ടിനീക്കാം. ഈ ഓലകൾ തടങ്ങളിൽ പുതയിടാൻ ഉപയോഗപ്പെടുത്താം
വേനൽക്കാലത്ത് തെങ്ങിൻ തടിയുടെ പുറത്ത് കുമ്മായം അടിക്കുന്നത് വഴി സൂര്യാഘാതം മുഖേനയുള്ള ദോഷവശങ്ങളും ചിതൽശല്യവും ലഘൂകരിക്കാം.
തെങ്ങിൻ തടങ്ങളിൽ 2 കി.ഗ്രാം. കറിയുപ്പ് ഇട്ട് കൊടുക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പം ഘനീഭവിക്കുന്നതിനും മണ്ണ് നനവുള്ളതാക്കി സൂക്ഷിക്കുന്നതിനും സഹായിക്കും.
ഈ പരിചരണമാർഗ്ഗങ്ങൾക്കൊപ്പം വേനൽക്കാല ജലസേചനം കൂടി സ്വീകരിച്ചാൽ തെങ്ങിൽ നിന്ന് പരമാവധി കായ്ഫലം ലഭിക്കും. വേനൽകാല നനക്ക് വെള്ളമില്ലാത്ത അവസ്ഥയിൽ, മേൽപറഞ്ഞ പരിചരണ മാർഗ്ഗങ്ങൾ മാത്രം അവലംബിച്ചും താരതമ്യേന മികച്ച വിളവ് ലഭ്യമാക്കാം.