തക്കാളിയും മുളകും നന്നായി കായ്ക്കാന്‍ തൈരും പാല്‍ക്കായവും പ്രയോഗിക്കാം...
അടുക്കളത്തോട്ടത്തില്‍ എല്ലാവരും സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളാണ് മുളക്, തക്കാളി, വഴുതന എന്നിവ. നല്ല ആരോഗ്യത്തോടെ ചെടികള്‍ വളര്‍ന്നാലും ചിലപ്പോള്‍ തക്കാളിയും മുളകുമെല്ലാം കായ്പിടിക്കാന്‍ മടിക്കുന്നതു കാണാം. കീടങ്ങളുടെ ആക്രമണമോ മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഇവയില്‍ കായ്പിടിക്കാത്തത് വലിയ നിരാശയായിരിക്കും നമ്മളിലുണ്ടാക്കുക. തൈരും പാല്‍ക്കായവും ചേര്‍ത്ത് ഇതിനു പരിഹാരം കണ്ടെത്താം. പൂക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനും ഇത് ഉപയോഗിക്കാം.
തൈരും പാല്‍ക്കായവും
ഒരു ലിറ്റര്‍ വെള്ളം, രണ്ടു ടേബിള്‍ സ്പൂണ്‍ തൈര്, അഞ്ച് ഗ്രാം പാല്‍ക്കായം എന്നിവയാണ് ആവശ്യം. വെള്ളത്തില്‍ തൈര് നന്നായി അടിച്ചു ചേര്‍ക്കുക. ഇതിലേക്ക് പാല്‍ക്കായം ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക. തൈരും പാല്‍ക്കായവും വെള്ളത്തില്‍ നന്നായി അലിഞ്ഞു ചേര്‍ന്നതിനു ശേഷം വേണം ലായനി ചെടികളില്‍ പ്രയോഗിക്കാന്‍.
പ്രയോഗിക്കേണ്ട രീതി
ആഴ്ചയില്‍ രണ്ടു തവണയാണ് ഈ ലായനി ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇലകളിലും തണ്ടുകളിലും വേണം ലായനി തളിക്കാന്‍. ഈ ലായനി തളിച്ചു തുടങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികളില്‍ പൂവിട്ട് കായ്പിടിക്കാന്‍ തുടങ്ങും.