ഭക്ഷ്യോൽപാദന രംഗത്ത് മികച്ച സാധ്യതയും വളർച്ചയും നൽകുന്ന സുഭിക്ഷ കേരളം പദ്ധതി മുതൽ കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎസ്എസ് ) വരെ നടപ്പിലായത് ഈ കോവിഡ് കാലത്താണ് . കേരളത്തിൽ ശുദ്ധജല മത്സ്യക്കൃഷിക്ക് ഏറെ സ്വീകാര്യത ലഭിച്ച നാളുകൾ.
മത്സ്യോൽപാദനം നടന്നെങ്കിലും വിൽപന പ്രതിസന്ധിയിലായ ഘട്ടത്തെ ഒട്ടേറെ കർഷകർക്ക് നേരിടേണ്ടി വന്നു.
വീട്ടുമുറ്റത്ത് വളർത്തുന്ന ടൺ കണക്കിന് മത്സ്യങ്ങളെ അവിടം തന്നെ വിൽക്കുക പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് തൃശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള ഒരു കൂട്ടം കർഷകർ പുതിയ സംരംഭം ആരംഭിക്കുന്നത്. കേരള ഫിഷറീസ് വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചതോടെ പദ്ധതിക്ക് വേഗതയും ആശ്വാസവും കൈവന്നു.
ചാലക്കുടി മത്സ്യഭവന്റെ പരിധിയിലെ, വിൽപനയിൽ കാര്യമായ പുരോഗതിയില്ലാതിരുന്ന 12 കർഷകർ ചേർന്ന് രൂപീകരിച്ച ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കർഷകർ മത്സ്യങ്ങൾക്കുള്ള വിപണി തേടാനിറങ്ങിയത്. മത്സ്യബന്ധനം മാത്രമല്ല, പൊരിച്ചും വിൽക്കാം എന്ന ചിന്താഗതിയോടെ ഈ 12 അംഗ സംഘം രൂപീകരിച്ച 'മീൻചട്ടി' എന്ന റസ്റ്ററന്റാണ് ഇന്ന് വ്യത്യസ്തമാകുന്നത് . വളർത്തുമത്സ്യങ്ങളുടെ രുചി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വളർത്തുമത്സ്യങ്ങളോട് പൊതുവെ ആളുകൾക്കുള്ള അകൽച്ചയെ അതിന്റെ യഥാർഥ രുചി അനുഭവേദ്യമാക്കുകയാണ് പദ്ധതി.
വാള, തിലാപ്പിയ, കാളാഞ്ചി, ചെമ്പല്ലി, പൂമീൻ, വരാൽ തുടങ്ങിയ മത്സ്യങ്ങളെ ഗ്രിൽ ചെയ്ത് അൽഫാം ആക്കി നൽകുന്നതാണ് മീൻചട്ടിയിലെ പ്രധാന വിഭവം. ഉപഭോക്താക്കൾക്ക് അവരുടെ കൺമുന്നിൽവച്ച് മത്സ്യങ്ങളെ പിടിച്ച് വൃത്തിയാക്കി പാകം ചെയ്തു നൽകുന്ന രീതിയാണ് ജനങ്ങളുടെ ആകർഷണീയം. രുചി ഇഷ്ടപ്പെട്ട് മത്സ്യങ്ങൾ വാങ്ങിപ്പോകുന്നവരുടെ എണ്ണം
ഉയർന്നിട്ടുണ്ടെന്ന് 'മീൻചട്ടി'യുടെ അമരക്കാർ പറയുന്നു.
ജീവനുള്ളതും വൃത്തിയാക്കിയതും ഇഷ്ടാനുസരണം മത്സ്യം ലഭിക്കും.
2022 ജനുവരി പകുതിയോടെയാണ് മീൻചട്ടിയുടെ ഔദ്യോഗിക പ്രവർത്തനം ആരംഭിക്കുന്നത്. ചാലക്കുടി പോട്ടയിൽ ദേശീയപാതയോടു ചേർന്ന സ്ഥലത്താണ് ഈ നവ സംരംഭം. റസ്റ്റോറന്റ് കൂടാതെ മത്സ്യഫാമുമുണ്ട്.
സർക്കാർ സഹായങ്ങൾ കർഷകർക്കുണ്ടെന്ന് ചാലക്കുടി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന പറഞ്ഞു. റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് മൂന്നു പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്.
○ പിഎംഎസ്എസ് വൈ പദ്ധതി
കർഷകർ തങ്ങളുടെ വീടുകളിൽ ബയോഫ്ളോക് ടാങ്കുകളിൽ മത്സ്യക്കൃഷി നടത്തുന്നു.
○ സുഭിക്ഷകേരളം
പടുതക്കുളത്തിലെ വരാൽ മത്സ്യക്കൃഷി, ബയോഫ്ളോക് വനാമി ചെമ്മീൻ കൃഷി..
○ മത്സ്യ വിപണന കേന്ദ്രം
ഇതിന്റെ ഭാഗമായി മൊബൈൽ മത്സ്യവിൽപന യൂണിറ്റുമുണ്ട്.
ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് 'മീൻചട്ടി' പ്രവർത്തിക്കുന്നത്. മത്സ്യവിഭവങ്ങൾ കൂടാതെ മറ്റു വിഭവങ്ങളും ലഭ്യമാണ്. ഉച്ചയ്ക്കുള്ള 'ചട്ടിച്ചോറ്' ജനപ്രീതി നേടിയ വിഭവമാണ്. അഞ്ചിലധികം മത്സ്യവിഭവങ്ങൾ
ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചട്ടിച്ചോറിന് ആവശ്യക്കാരേറെയുണ്ട്.
ദിവസം നൂറിലധികം ചട്ടിച്ചോർ ചെലവാകുന്നുവെന്ന് കർഷകർ പറയുന്നു. 100 ചട്ടിച്ചോർ ചെലവായാൽ 100 മത്സ്യം ചെലവായി എന്നാണ്. അത് ലാഭകരവും നേട്ടവുമാണെന്ന് പങ്ക് വെക്കുന്നു.
12 പേരിൽ നാലു പേർക്കാണ് റസ്റ്റോറന്റിന്റെ ചുമതല. സമയം ഭാഗിച്ച് പ്രവർത്തനം സുഗമമാക്കി. മുഴുസമയ മേൽനോട്ടത്തിനും ആളെ നിയമിച്ചിട്ടുണ്ട്. കർഷകർ തങ്ങളുടെ തോട്ടത്തിൽ വിളയിക്കുന്ന മറ്റ് ഉൽപന്നങ്ങളും മീൻചട്ടിയുടെ അടുക്കളയിൽ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
കാഴ്ചയും പഠനവും രുചിയും ഒരുമിച്ച മത്സ്യക്കൃഷി കണ്ടും കേട്ടും പഠിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. മീൻചട്ടിയുടെ സാരഥികൾ തന്നെ സംശയങ്ങൾ തീർത്ത് തരും. കാഴ്ചാസ്വാദനത്തിന് വേണ്ടി ചില്ലുടാങ്കുകളിൽ അലങ്കാര മത്സ്യങ്ങൾ ഒരുക്കിയിരിക്കുന്നു.
സഹായങ്ങൾ ലഭിച്ചെങ്കിലും പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെന്ന് കർഷകർ പറയുന്നു. ചെറിയ രീതിയിലുള്ള ട്രയൽ ആൻഡ് എറർ എല്ലാം പരിഹരിച്ച് മികച്ച രീതിയിലുള്ള ഉൽപാദനം സാധ്യമായപ്പോഴാണ് വിൽപന പ്രതിസന്ധി വരുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യങ്ങൾ സുലഭമായി കുറഞ്ഞ വിലയ്ക്ക് ഇവിടേക്ക് എത്തിയപ്പോൾ മികച്ച തീറ്റ നൽകി വളർത്തിവന്ന ഇവിടുത്തെ മത്സ്യങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു. നിശ്ചിത മാസത്തെ വളർച്ച കഴിഞ്ഞാൽ തിലാപ്പിയ പോലുള്ള മത്സ്യങ്ങളുടെ വളർച്ചയുടെ തോത് കുറയും. തുടർന്നു നൽകുന്ന തീറ്റയുടെ അളവനുസരിച്ച് ശരീര തൂക്കം ഉയരില്ല. അപ്പോൾ തീറ്റ ചെലവ് ഉയരും. അതുകൊണ്ടുതന്നെ വിൽപനയ്ക്ക് മാർഗം തേടി കർഷകർ ഫിഷറീസുമായി നിരന്തരം ബന്ധപ്പെടുകയും വകുപ്പ് പുതുതായി കൊണ്ടുവന്ന 'മത്സ്യവിപണനകേന്ദ്രം' എന്ന പദ്ധതി ഇവർക്ക് ലഭിക്കുന്നത്. അതോടെ വിൽപന പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമായി എന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
വൈദ്യുതി ബില്ലും പ്രശ്നമാണ്.
7 ടാങ്കുകളുള്ള ഒരു കർഷകന് മാസം ശരാശരി 10000 രൂപയ്ക്ക് അടുത്ത് ചെലവ് വരുന്നു. ഇതിന്റെ നല്ലൊരു ഭാഗവും വൈദ്യുതിച്ചെലവാണ്. വൈദ്യുതി തടസ്സമുള്ള ദിവസങ്ങളിൽ ഡീസൽ വാങ്ങിയും നല്ലൊരു തുക ചെലവാകുന്നു. മത്സ്യക്കൃഷിക്കുള്ള വൈദ്യുതിക്ക് പ്രയോജനമാകും വിധം ഇളവു ലഭിച്ചെങ്കിൽ മാത്രമേ കേരളത്തിലെ മത്സ്യക്കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ.
● സാരഥികൾ
എ.വൈ. ജയ്സൺ (പ്രസിഡന്റ്), സി.ജെ. കുര്യാക്കോസ് (സെക്രട്ടറി), ആന്റു ജോസ് (ട്രഷറർ), ജോസ് തോമസ്, പി.എം.ജോബി, ആന്റോ മൂത്തേടൻ, പി.എ.സുമോദ്, എ.എ. ബുഷി, ജോസ് മാവേലി, മനോഹരൻ കണ്ണോളി, എൻ.വി. ജോഷി, എം.ജെ.നെൽസൺ എന്നീ കർഷകരാണ് ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയിലെ അംഗങ്ങളും 'മീൻചട്ടി'യുടെ ഉടമകളും.
ഇവർക്ക് എല്ലാവിധ സഹായങ്ങളുമായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിനയും അക്വാകൾച്ചർ പ്രൊമോട്ടർ റെന്റീന വർഗീസുമും കൂടെയുണ്ട്.