വെറും ‘മാവില'യല്ല ഇനി
ചട്ടുകപാറ: മാമ്പഴം കൊണ്ട് പെരുമ കേട്ട കുറ്റ്യാട്ടൂരിലെ മാവിന്റെ ഇലകളും പെരുമയിലേക്ക്. ടൂത്ത് പൗഡർ നിർമാണത്തിനു കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ശേഖരിച്ച് കൊണ്ടു പോകുന്ന പ്രവർത്തനത്തിനു തുടക്കമായി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ നീലേശ്വരത്തു പ്രവർത്തിക്കുന്ന ഇനോ വെൽനെസ് നിക്ക് എൽ എൽപി നീലേശ്വരം, കാസർകോട് എന്ന കമ്പനിയാണ് മാവിന്റെ ഇല ഉപയോഗിച്ച് ടൂത്ത് പൗഡർ നിർമിക്കുന്നത്. മാസങ്ങൾക്കു മുൻപ് കമ്പനി അധികൃതർ കുറ്റ്യാട്ടൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്നു.
തുടർന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരെ അറിയിക്കുകയും കുടുംബശ്രീയുടെ നേതൃത്വത്തിൽ പഴുത്തതും ഉണങ്ങിയതുമായ നല്ല മാവില ശേഖരിച്ചു.
രണ്ട് ഘട്ടങ്ങളിലായി പഞ്ചായ ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മാവില കിലോയ്ക്ക് 150 രൂപ വച്ച് കമ്പനി വാങ്ങിക്കുകയും ചെയ്തു.
ഏകദേശം ഒന്നര ലക്ഷം രൂപ മാവില പെറുക്കി വിൽപന നടത്തി കൈപ്പറ്റിയതായി പഞ്ചായ ത്ത് അധികൃതർ പറയുന്നു. പ്രസ്തുത കമ്പനിയുടെ പ്രവർത്തനം കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ആരംഭിക്കാനുള്ള ആലോചനയുണ്ട്.
മാവില കൊണ്ടുള്ള വരുമാനം പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുമെന്ന് പഞ്ചായ ത്ത് പ്രസിഡന്റ് പി.പി. റെ.ജി അഭിപ്രായപ്പെട്ടു.