ഭക്ഷ്യ സംസ്കരണ മേഖലക്കൊരു കൈത്താങ്ങ്
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് കൈതച്ചക്കയെയാണ്.
10 ലക്ഷം രൂപ വരെയാണ് കൈതച്ചക്കയുടെ മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.
കേരളത്തിന് ഇന്ന് ഏറ്റവുമധികം പണം നല്കുന്ന കാര്‍ഷിക വിളകളിലൊന്നാണ് കൈതച്ചക്ക. ഇന്ന് വിപണിയില്‍ ലഭിക്കുന്ന പഴവര്‍ഗങ്ങളില്‍ ഏറ്റവും ശുദ്ധമായതും കീടനാശിനിയില്ലാത്തതുമായ പഴമാണ് കൈതച്ചക്ക എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഔഷധഗുണങ്ങൾ കൊണ്ടും സമ്പന്നമായ കൈതചക്ക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം കൊണ്ടും ശ്രദ്ധേയമാണ്.
കൈതച്ചക്ക ജ്യുസ്, സ്‌ക്വോഷ്, കൂൾ ഡ്രിങ്ക്സ്, കൈതച്ചക്ക കേക്ക്, പുഡ്ഡിംഗ്, ഹൽവ , കൈതച്ചക്ക അച്ചാർ, പൈനാപ്പിൾ സോസ്, എന്നിങ്ങനെയുള്ള നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ശ്രേണിയുണ്ട് കൈതച്ചക്കക്ക് പെരുമയായി. കൂടാതെ കൈതച്ചക്ക കുക്കീസ്, കൈതച്ചക്ക സ്‌നാക്ക്, കൈതച്ചക്ക ഫ്‌ളേവേര്‍ഡ് സോയാമീറ്റ്, കൈതച്ചക്ക കറി, കൈതച്ചക്ക സിറപ്പ്, കൈതച്ചക്ക വൈന്‍, കൈതച്ചക്ക ജല്ലി, കൈതച്ചക്ക ചീസ്, കൈതച്ചക്ക ഐസ്ക്രീം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും സ്വദേശത്തും വിദേശത്തുമായി വാണിജ്യപരമായി വൻ സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന്) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കോട്ടയം ,എറണാകുളം ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.