വരൂ, നമുക്ക് മുന്തിരി നടാം.... Come on, let's plant grapes ....

ചലചിത്ര ഗാനരംഗങ്ങളില്‍ മാത്രം കണ്ടിരുന്ന മുന്തിരിതോട്ടങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വീട്ടുമുറ്റത്തും കാണുന്നുണ്ട്.

തണുപ്പിടങ്ങളിലെ മുന്തിരി ഇപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും തരക്കേടില്ലാത്ത വിളവ് നല്‍കുന്നുണ്ട്. കൗതുകത്തിന് മുറ്റത്ത് മുന്തിരി വളര്‍ത്തി നല്ല വിളവ് ലഭിച്ചവരും നിരവധിയാണ്. നല്ല ശ്രദ്ധകൊടുത്ത് പരിപാലിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും മുന്തിരി കൃഷി ചെയ്യാം.


അറിയാം, നടുന്ന രീതി

രണ്ടരയടി ചതുരത്തിലും ആഴത്തിലും ടെറസിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ട് ഭാഗം മണലും ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ നിക്ഷേപിക്കാം.


ഇതില്‍ കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നടുക. ശേഷം താങ്ങ് കമ്ബ് നാട്ടണം. മിതമായ് ദിവസവും നനക്കണം.ടെറസിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസില്‍ നിന്ന് ആറടി ഉയരം വരെ വളര്‍ത്താം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടണം. വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുണ്ടെങ്കില് ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കണം. ഈ തണ്ട് അഞ്ചര ആറ് അടി ഉയരത്തില്‍ എത്തുമ്ബോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ പടര്‍ത്തുക.


പ്രൂണിംഗ് നിര്‍ബന്ധം

പൂവിടാനും കായ്പിടിക്കാനുമായി വളര്‍ന്നു കൊണ്ടിരിക്കുന്ന വള്ളികളുടെ തലപ്പ് മുറിച്ച്‌ മാറ്റുന്ന രീതിയാണ് പ്രൂണിംഗ്. ചെടി വളരുന്നതിനോടൊപ്പം ഇലകള്‍ക്കടുത്ത് വരുന്ന പറ്റുവള്ളികളേയും നീക്കം ചെയ്യണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്ബോള്‍ തലപ്പ് വീണ്ടും നുള്ളിവിടണം. പന്തല്‍ മുഴുവന്‍ വള്ളി പടരുന്നത് വരെ ഈ പ്രക്രിയ തുടരണം. പത്ത് മാസം അടുക്കുന്നതോടെ ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. ഈ ഘട്ടത്തില്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ചു മാറ്റി ഇലകളെ അടര്‍ത്തി മാറ്റണം. 15 ദിവസത്തിന് ശേഷം പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മുഴുവനായി ഇളംപച്ച നിറത്തിലുളള പൂക്കളും വന്നുതുടങ്ങും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നതായി കാണാം. ഈ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുളള മൂന്ന് ഇലകളും അടര്‍ത്തി മാറ്റണം. ഇതോടൊപ്പം സ്പ്രിംഗ് പോലുളള ചുറ്റുവള്ളികളും നീക്കണം. ശരിയായി പ്രൂണിംഗ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തലില്‍ വള്ളി മാത്രമായി കാണണം.


വിളവെടുക്കാം

പ്രൂണിംഗിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്ബോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. എന്നാല്‍ നല്ല മധുരമുളള മുന്തിരി ലഭിക്കും. മറ്റു പഴങ്ങളെപോലെ മുന്തിരി പറിച്ചുവച്ചല്ല പഴുപ്പിക്കുന്നത്.


വളപ്രയോഗം

എല്ലാതരം ജൈവവളങ്ങളും മുന്തിരിക്ക് പഥ്യമാണ്. വളപ്രയോഗ സമയത്ത് നന്നായി നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്ത് മാസം പ്രൂണിങ് നടത്തുമ്ബോള്‍ പൂര്‍ണമായും നന നിര്‍ത്തുക. ഒരു മാസത്തിനു ശേഷം വീണ്ടും നനകൊടുത്ത് വളപ്രയോഗം നടത്തുക.

കാല്‍കിലോ കടലപ്പിണാക്ക് വെള്ളത്തിലിട്ട് രണ്ട് ദിവസം വെച്ച്‌ പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ച്‌ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചുവട്ടില്‍ ഒഴിച്ച്‌ കൊടുക്കാം. അല്ലെങ്കില്‍ ഫിഷ് അമിനോ ആസിഡ് നേര്‍പ്പിച്ച്‌ നല്‍കാം.



ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച്‌ മണ്ണിട്ട് മൂടേണ്ടതാണ്. മാസത്തില്‍ ഒരു തവണ ഇങ്ങനെ ചെയ്യണം. അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച്‌ മണ്ണില്‍ വിതറുന്നത് ഉറുമ്ബിനെ അകറ്റാം. രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും കൂടെ എല്ലുപൊടിയും നല്‍കണം.


മണ്ണിര കമ്ബോസ്റ്റ് നിര്‍മിക്കുമ്ബോള്‍ ലഭിക്കുന്ന വെര്‍മി ടീ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് ഇലച്ചുരുളല്‍ രോഗത്തെ അകറ്റാന്‍ നല്ലതാണ്. ഇലമുരടിപ്പ്, പൂപ്പല്‍രോഗം എന്നിവയെ തടുക്കാന്‍ ഇടയ്ക്ക് നേര്‍പ്പിച്ച വെര്‍മി കംപോസ്റ്റ് ടീയോ ബോര്‍ഡോമിശ്രിതമോ ഇലകളില്‍ തളിക്കണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതെയും മണ്ണ് തറഞ്ഞു പോകാതെയും നിലനിര്‍ത്തണം


Content Highlights: Growing grapes in the home garden

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section