വേനല്‍ക്കാലം പച്ചക്കറി കൃഷിക്ക് പറ്റിയ കാലം കൂടിയാണ്. വീട്ടു വളപ്പിലും ടെറസിലും ഒരുപോലെ കൃഷിചെയ്യാവുന്ന വിളയാണ് ചീര.
നഗരവാസികളില്‍ പലര്‍ക്കും കൃഷി ചെയ്യാന്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതൊന്നും തന്നെ കൃഷി ചെയ്യാതിരിക്കാനുള്ള കാരണമല്ല. എന്ത് കൊണ്ട് കൃഷി ചെയ്യണം എന്നുള്ളതിന് ഉത്തരം ലളിതമാണ്. ജൈവരീതിയില്‍ കൃഷി ചെയ്തു കഴിക്കുമ്ബോള്‍ ഉണ്ടാകുന്ന രുചി ഒന്നു വേറെ തന്നെആണ്. ഒപ്പം , ആരോഗ്യകരമായ ഒരു ജീവിത രീതികൂടിയാണ് ഈ കൃഷി. നല്ല ഭക്ഷണം നല്ല ആരോഗ്യത്തിലേക്കു നയിക്കുന്നു.
ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലവര്‍ഗങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ചീരകള്‍. ചെഞ്ചീര, പച്ചച്ചീര, വേലിച്ചീര അഥവാ മധുരച്ചീര എന്നു തുടങ്ങി പലവര്‍ണത്തിലും പല വിധത്തിലും ചീരകള്‍ നമ്മുടെ വീട്ടുവളപ്പിലും കടകളിലും ലഭ്യമാണ്. ധാരാളം ആന്റിഓക്സിഡന്റ്, വിറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ്.
ഊര്‍ജം കുറഞ്ഞ് നാരുകള്‍ ധാരാളമുള്ള ചീരകള്‍ ദഹനത്തിന് നല്ലതാണ്. വിറ്റമിനുകളായ എ, സി, കെ, ഫോളിക് ആസിഡ് എന്നിവ ചീരകളില്‍ നല്ലതോതിലുണ്ട്. ചീരകളുടെ വ്യത്യാസം അനുസരിച്ച് ഇവയുടെ അളവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ആന്റിഓക്സിഡന്റ് ധാരാളമുള്ള ചീര കാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാണ്‍ ശേഷിയുള്ളതാണ്. . ആന്റിഓക്സിഡന്റിനൊപ്പം വിറ്റമിന്‍ എയുടെ കൂടെ സ്വാധീനം കാഴ്ച ശക്തിക്ക് പ്രത്യേകിച്ച് പ്രായമായവരിലെ കാഴ്ച ശക്തിക്ക് ഉത്തമമാണ്. മിക്ക ചീരകളിലും നിട്രാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു.
ചീരകളില്‍ പ്രത്യേകിച്ച് പച്ചചീരയിലും മധുരച്ചീരയിലും കാല്‍സ്യം, വിറ്റമിന്‍ കെ ഇവ നല്ലതോതില്‍ ഉണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ ഉപകരിക്കുന്നവയാണ്. മധുരച്ചീര ചില പ്രദേശങ്ങളില്‍ മുലപ്പാല്‍ കൂട്ടാനായി ഉപയോഗിച്ചുവരുന്നു. രോഗപ്രതിരോധശക്തി കൂട്ടാന്‍ ചീരകള്‍ക്ക് കഴിയും എന്നും പഠനങ്ങളില്‍ പറയുന്നു.ഒട്ടുമിക്ക വിറ്റമിനുകളും നാരുകളും ഉള്ള ചീരകള്‍ ഗര്‍ഭിണികള്‍ക്കും പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഇത് വരെ കൃഷി ചെയ്യാത്തവര്‍ക്ക് ഇനി വലിയ ആയാസമില്ലാതെ ചീര കൃഷി ചെയ്യാം. തുടക്കം ലളിതമായി മതി. അതുകൊണ്ട് തന്നെ ചീരയില്‍ തുടങ്ങാം. ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും.
ചീര കൃഷി നേരിടാവുന്ന പ്രശ്നം, പരിഹാരം
ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്ബോള്‍ അതിനുള്ളിലേക്ക് ഉറുമ്ബു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്ബുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും.
പ്രധാന രോഗം /കീടം
ഇലചുരുട്ടി പുഴുവിനെ കണ്ടാല്‍ എടുത്തുകളയുക.
ഇലപുള്ളി അഥവാ മൊസൈക് രോഗം (ഇലകളില്‍ മൊസയ്ക് പോലെ പാടുവരുന്ന രോഗം ) വരാതിരിക്കാന്‍ ജലസേചനം ചെയ്യുമ്ബോള്‍ ഇലയില്‍ വീഴാതെ ചുവട്ടില്‍ വെള്ളം ഒഴിക്കണം ,രോഗം വന്നാല്‍ 2ഗ്രാം സോഡാപൊടിയും ,10 ഗ്രാം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തയാറാക്കുന്ന മിശ്രണം 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുക , വരുന്നതിന്റെ മുന്നേ തളിക്കുന്നതാണ് ഉത്തമം,പച്ച ചീരയില്‍ ഈ രോഗം വരാത്തതിനാല്‍ ഇടകലര്‍ത്തി നട്ടാലും രോഗം തടയാം
വള പ്രയോഗം
നാട്ടില്‍ ലഭിക്കുന്ന ഏതു ജൈവ വളവും ഉപയോഗിക്കാം (ചാണക പൊടി ,കോഴിവളം എന്നിവ ) നഗരത്തില്‍ ചില പരിമിതികള്‍ ഉള്ളതിനാല്‍ ജൈവ സ്ലറി ഉണ്ടാക്കി ഉപയോഗിക്കാം
ജൈവ സ്ലറി തയ്യാറാക്കുന്ന വിധം
ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് , കറുത്ത ശര്‍ക്കര 250 ഗ്രാം എന്നിവ 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റില്‍ , കലക്കുക 5 ദിവസം വെയില്‍ കൊള്ളാതെ വെക്കുക , എല്ലാ ദിവസവും രണ്ടു നേരം ഇത് ഇളക്കി കൊടുക്കുക അഞ്ചു ദിവസത്തിന് ശേഷം ഇതിന്റെ തെളി എടുത്തു 5 ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിക്കാം, പത്തിരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിക്കാം