ഇത് ഗ്രനാഡില്ല.. മധുര പാഷൻ ഫ്രൂട്ട്..
ദശകങ്ങൾക്ക് മുൻപ് തന്നെ കൃഷി വകുപ്പിന്റെ പാലക്കാട് നെല്ലിയാമ്പതിയിൽ ഉള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ഈ പഴങ്ങൾ സ്‌ക്വാഷ് ആക്കി മാറ്റുന്ന പഴ സംസ്കരണ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. 2011 മുതൽ 2014 വരെ അവിടെ കൃഷി ഓഫീസറായി ജോലി ചെയ്യാൻ കഴിഞ്ഞു. ജോയിന്റ് ഡയറക്ടർ ആയി വിരമിച്ച ജോൺ അലക്സ് സാറിന്റെ ഡെപ്യൂട്ടി ആയി അവിടെ ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമായിരുന്നു. അക്കാലത്തു ധാരാളം സംരംഭകർ പാഷൻ ഫ്രൂട്ട് കൃഷിയുടെ സാദ്ധ്യതകൾ മനസ്സിലാക്കാൻ അവിടെ വരുമായിരുന്നു. വിത്തുകളും തൈകളും യഥേഷ്ടം അക്കാലത്തു അവിടെ ഉൽപ്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഉണ്ടാകാം എന്ന് കരുതുന്നു.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാതിരുന്ന പഴമയിരുന്നു പാഷൻ ഫ്രൂട്ട് മരങ്ങളെ ഞെരുക്കി വളർന്നിരുന്ന അവയിൽ പൂർണമായും ജൈവ രീതിയിൽ വിളഞ്ഞിരുന്ന പഴങ്ങളുടെ മുഖ്യ ഗുണഭോക്താക്കൾ വവ്വാലുകൾ ആയിരുന്നു.
ഇന്ന് പാഷൻ ഫ്രൂട്ട് പഴയ പാഷൻ ഫ്രൂട്ട് അല്ല. പഴങ്ങളിൽ അവൻ തങ്കപ്പൻ. VIP കല്യാണങ്ങളിൽ അവൻ വെൽകം ഡ്രിങ്ക്. അതും പൂർണ ജൈവൻ എന്ന ഗമയോടെ. കള്ളുകുടിയന്മാർക്ക് അവൻ നൻപൻ. എന്തെന്നാൽ അവന്റെ ആ മണം ഏത് വീര്യമുള്ള കള്ള്മണങ്ങളെയും കീഴടക്കും. അത് വഴി അടിച്ച സാധനത്തിന്റെ മണം മറയ്ക്കാം. കേരളത്തിൽ പാഷൻ ഫ്രൂട്ടിനു ഒരു വലിയ സാധ്യതയുമാണ്.🤭.
പൊതുവെ പാഷൻ ഫ്രൂട്ട് മൂന്ന് തരം
1. നല്ല തിളങ്ങുന്ന മഞ്ഞ കായ്കൾ ഉള്ള ഗോൾഡൻ യെല്ലോ പാഷൻ ഫ്രൂട്ട്. Passiflora edulis var flavicarpa. മണത്തിൽ കേമൻ. രുചിയിൽ പുളിയൻ. സ്‌ക്വാഷ് നിർമ്മാണത്തിന് ബഹു കേമൻ.
2. പർപ്പിൾ പാഷൻ ഫ്രൂട്ട്. Passiflora edulis മൂത്ത് കഴിയുമ്പോൾ നല്ല പർപ്പിൾ /മെറൂൺ നിറം. മണവും മധുരവും സമാസമം. സ്‌ക്വാഷ് നിർമ്മാണത്തിനും യോഗ്യൻ.
3. അവനെ കുറിച്ചാണ് ഈ ലേഖനം. അവനത്രെ ഗ്രനാഡില്ല അഥവാ മറക്കൂയ (Marakuja, ലാറ്റിൻ അമേരിക്കൻ പേരാണ്). Passiflora ligularis എന്ന് ശാസ്ത്രീയ നാമം. മറ്റ് പാഷൻ ഫ്രൂട്ടിൽ നിന്നും വ്യത്യസ്തമായി ഇലകൾക്ക് ലോബുകൾ ഇല്ല. ലഘു പത്രം (simple leaf) എന്ന് പറയാം. താര തമ്യേനെ വീതി അല്പം കൂടിയ കടും പച്ച നിറത്തിൽ ഉള്ള ഇലകൾ. പച്ച കലർന്ന വെള്ള പ്പൂക്കൾ. ഇളം കായ്കൾക്ക് കടും പച്ച നിറം. പാകമാകുമ്പോൾ പതുക്കെ മഞ്ഞ നിറം കൈ വരിക്കും. നന്നായി പഴുത്താൽ ഓറഞ്ച് കലർന്ന മഞ്ഞ നിറം. അതിൽ നിറത്തിൽ ഉള്ള കുഞ്ഞു കുത്തുകൾ. ചെറിയ മർദ്ദം കൊണ്ട് കായ്കൾ പൊട്ടിച്ചു കഴിക്കാം. കറുത്ത കുരുവിനെ പൊതിഞ്ഞു മാംസളമായ വെളുത്ത കാമ്പ്. മധുരം കലർന്ന പുളി രസം. പഞ്ചസാര ചേർക്കേണ്ട ആവശ്യമേ ഇല്ല.
കഴിഞ്ഞ ആഴ്ച ദേവികുളം അസിസ്റ്റന്റ് ഡയറക്ടർ ആയി ചാർജടുത്തതിന് ശേഷം കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ മാഡം എലിസബേത് പുന്നൂസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ മാഡം സിജി, മാഡം സൈജ, കൃഷി ഓഫീസർ മുരുകൻ എന്നിവരോടൊപ്പം വട്ടവട, കാന്തല്ലൂർ, മറയുർ എന്നിവിടങ്ങൾ സന്ദർശിക്കാൻ ഇടയായി. ഇവിടങ്ങളിൽ ധാരാളമായി, പ്രകൃതി കൃഷിയ്ക്കിണങ്ങുന്ന രീതിയിൽ വളർന്ന് നിൽക്കുന്ന മധുര പാഷൻ ഫ്രൂട്ട് വള്ളികൾ കണ്ടു. ഇതിന്റെ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണ് മൂന്നാറിലെ ഈ പഞ്ചായത്തുകൾ. സ്റ്റേറ്റ് ഹോര്ടിക്കൾച്ചർ മിഷൻ ഇതിന്റെ കൃഷിയ്ക്കു ധന സഹായവും നൽകി വരുന്നുണ്ട്.
15 ഡിഗ്രി മുതൽ 18ഡിഗ്രി വരെയുള്ള ചൂടും സമുദ്രനിരപ്പിൽ നിന്നും 1700മുതൽ 2600 മീറ്റർ വരെ ഉയരമുള്ള തീവ്ര മഴ ഇല്ലാത്ത കാലാവസ്ഥ ഇതിന്റെ ഉൽപ്പാദനത്തിന് ഏറെ അനുയോജ്യം.
ലോകത്ത് ബ്രസീൽ ആണ് ഏറ്റവും കൂടുതൽ പാഷൻ ഫ്രൂട്ട് ഉൾപ്പാദിപ്പിക്കുന്നത്. പിന്നാലെ കൊളമ്പിയ, ഇക്വഡോർ,പെറു, കെനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമുണ്ട്.
ആർക്കെങ്കിലും ഈ മധുര പാഷൻഫ്രൂട് പഴങ്ങൾ വലിയ അളവിൽ ആവശ്യമുണ്ടെങ്കിൽ granadillafarming@gmail.com എന്ന ഇ മെയിൽ ൽ ബന്ധപ്പെടാവുന്നതാണ്. മൂന്നാർ ബ്ലോക്കിലെ പ്രധാന കർഷകരെ അവരുമായി ലിങ്ക് ചെയ്യുന്നതാണ്.
വാൽകഷ്ണം: അനുപമമായ ഔഷധ ഗുണങ്ങളാണ് പാഷൻ ഫ്രൂട്ട് പഴങ്ങൾക്കുള്ളത്. ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ശരീരത്തെ ഇൻഫെക്ഷൻ വരാതെ നോക്കും. പ്രത്യേകിച്ചും യൂറിനറി ഇൻഫെക്ഷൻ.
വിറ്റാമിൻ C യുടെ കലവറ ആയതിനാൽ രോഗ പ്രതിരോധ ശേഷി കൂട്ടും.
ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ സ്ഥിരമായ ഉപയോഗം കാൻസർ സുരക്ഷ നൽകും.
കുരുവിൽ ഉള്ള നാരുകളുടെ ധാരാളിത്തം കൊളസ്റ്റേറോൾ കുറയ്ക്കും. കുരു ചവച്ചരച്ചു കഴിയ്ക്കണം എന്ന് മാത്രം.
മഗ്‌നീഷ്യം കൂടുതൽ ഉള്ളതിനാൽ ആകാംഷ, മാനസിക സമ്മർദം, വിഷാദം എന്നിവ കുറയ്ക്കും. (Anti depressant).
തോട് നല്ല ഒന്നാംതരം കാലിതീറ്റ.
വിത്തിൽ റോസ്മരിനിക് ആസിഡ് ഉണ്ട്. അതിൽ നിന്നും ഉള്ള എണ്ണ ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
പൂക്കൾ ഉണക്കി പൊടിച്ചു ഔഷധ ചായ ഉണ്ടാക്കാം.
ഇലകൾ വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കാം. പച്ചക്കറിയായും.
പഴങ്ങളുടെ സ്ഥിരമായ ഉപയോഗം ശരീരത്തിന്റെ ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടും.
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴമായതിനാൽ പ്രമേഹികൾക്കും കഴിക്കാം.
എന്താ..ഒരു പഴം ഇത്രയൊക്കെ ഗുണങ്ങൾ തന്നാൽ പോരേ?
അപ്പോൾ, വീട്ടിൽ ആരോഗ്യം നില നിൽക്കണം എന്നാഗ്രഹിക്കുന്നവർ പാഷൻ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാതിരിക്കും?
വേഗമാകട്ടെ... ഗ്രനാഡില്ല സമതലക്കാർക്ക് പറ്റില്ല എന്ന് മാത്രം.
എന്നാൽ അങ്ങട്....
പ്രമോദ് മാധവൻ
(അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ)