മാവിന്റെ ആരോഗ്യം വീണ്ടെടുക്കാം

ഒന്നാന്തരം ക്രാഫ്റ്റാണെങ്കിലും വളരാതിരിക്കുന്ന, വളർന്നാലും കൊമ്പുണങ്ങിയും ഇലകരിഞ്ഞുമുളള മാവുകളാണ് നമ്മുടെ നാട്ടിൽ അധികവും. കൊമ്പുണക്കവും കരിംപൂപ്പും ആന്ത്രക്നോസും, ചൂർണപൂപ്പും, മാമ്പൂഹോപ്പറുകളും, മാമ്പഴ ഈച്ചയും മാവിന്റെ ശത്രുപക്ഷത്തെ കരുത്തുറ്റതാക്കുന്നു.


ഇലകളിൽ തവിട്ടോ കറുപ്പോ നിറത്തിൽ വട്ടത്തിൽ കരിഞ്ഞുതുടങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങി അടർന്നുവീഴുന്നു. ഇല മുഴുവനായി കൊഴിഞ്ഞുപോകുന്നതും കൊമ്പുകൾ കരിയുന്നതും കൊമ്പുണക്കത്തിന്റെ ലക്ഷണങ്ങൾതന്നെ. രോഗംബാധിച്ച ഉണങ്ങിയ കൊമ്പുകൾ രണ്ട് ഇഞ്ച് കീഴെവച്ച് മുറിച്ചുമാറ്റി ബോർഡോകുഴമ്പ് പുരട്ടണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി മാവിൽ തളിക്കുന്നതും കൊമ്പുണക്കത്തെ പിടിച്ചുനിർത്തും.


മാവിന്റെ ഇലകളിലും പൂങ്കുലയിലും മാങ്ങയിലും കറുപ്പുനിറം അതിക്രമിച്ചുകയറുന്നതാണ് കരിംപൂപ്പുരോഗത്തിന്റെ ലക്ഷണം. മുകുളങ്ങളുടെ വളർച്ച നിൽക്കുന്നതും മാവ് തളിരിടാൻവരെ മടിക്കുന്നതും കരിംപൂപ്പിന്റെ ഉച്ചസ്ഥായി. കഞ്ഞിവെള്ളം മാവിന്റെ എല്ലാ ഭാഗങ്ങളിലും വീഴത്തക്കവിധം തളിക്കുന്നത് രോഗനിയന്ത്രണമാകും. കരിംപൂപ്പ് ഉണങ്ങിയ കഞ്ഞിവെള്ളത്തോടൊപ്പം ഇളകിപ്പോകും. രണ്ടാഴ്ചയ്ക്കുശേഷം ഒരുശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കാം.


തളിരിലകളിലും പൂങ്കുലകളിലും വെളുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നതാണ് ചൂർണപൂപ്പ്. പച്ചനിറം നശിച്ച് നരച്ചുതുടങ്ങുന്ന ഇലകൾ കാലക്രമേണ കൊഴിയുന്നു. പൂകൊഴിച്ചലും വികൃതരൂപത്തിലുള്ള മാങ്ങയും, കുറഞ്ഞ കായപിടിത്തവും ചൂർണപൂപ്പിന്റെ അനന്തരഫലം. വെറ്റബിൾ സൾഫർ ആണ് ചൂർണപൂപ്പിൽനിന്നുമുള്ള മാവിന്റെ സംരക്ഷകൻ. മാവ് പൂവിടുന്നതിന് തൊട്ടുമുമ്പും കണ്ണിമാങ്ങ നിരന്നുകഴിഞ്ഞശേഷവും രണ്ടുഗ്രാം വെറ്റബിൾ സൾഫർ ഒരുലിറ്റർ വെള്ളത്തിൽ കലക്കി മാവിൽ തളിക്കണം.


ഇലകളിലും കായകളിലും തവിട്ടുനിറത്തിലുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതാണ് ആന്ത്രാക്നോസിന്റെ പ്രാരംഭലക്ഷണം. പാകമായ കായകൾ അഴുകുന്നതിനും ഇലകൾ ധാരാളമായി പൊഴിയുന്നതിനും ആന്ത്രക്നോസ് കാരണക്കാരനാകുന്നു. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുന്നത് ഗുണംചെയ്യും.


മാവിന്റെ ഇളം നാമ്പിനുള്ളിലും പൂങ്കുലതണ്ടിനുള്ളിലും ഇലയ്ക്കുള്ളിലും മുട്ടകൾ ഇട്ടാണ് മാമ്പൂഹോപ്പറുകൾ മാവിൽ സ്ഥാനം ഉറപ്പിക്കുന്നത്. മൃദുലമായ സസ്യഭാഗങ്ങളിൽനിന്നും നീരുറ്റിക്കുടിക്കുന്നതാണ് പ്രധാന ഹോബി. 


ഇളംതണ്ടുകളും പൂങ്കുലകളും കരിഞ്ഞുണങ്ങുന്നു. ഹോപ്പറുകളുടെ മധുരവിസർജ്യം ഇലകളിൽ പതിക്കുന്നതും അവിടെ കരിംപൂപ്പ് വളരുന്നതും നമ്മുടെ മാവുകളിലെ പ്രധാന പ്രശ്നം. മഞ്ഞുകാലം തുടങ്ങുമ്പോഴാണ് മാവ് പൂവിടുന്നതും ഹോപ്പറുകൾ ക്രമാതീതമായി വംശവർധന നടത്തുന്നതും. വേപ്പെണ്ണ ബാർസോപ്പ് എമൽഷൻ കൃത്യസമയത്തുതന്നെ തളിച്ച് ഹോപ്പറുകളെ നിയന്ത്രിക്കാം. വീര്യംകുറഞ്ഞ കീടനാശിനിയായ മാലത്തിയോൺ രണ്ടുമില്ലി ഒരുലിറ്റർ നേർപ്പിച്ച കഞ്ഞിവെള്ളത്തിൽ കലക്കി തളിക്കുന്നത് നല്ലതാണ്.


മാമ്പഴപ്പുഴുവാണ് മാങ്ങയുടെ പ്രധാന ശത്രു. പെൺ മാമ്പഴ ഈച്ച മാങ്ങയുടെ തൊലിക്കടിയിൽ മുട്ടയിടുന്നു. രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ പുഴുക്കൾ വിരിഞ്ഞുവരികയും ഉൾഭാഗത്തിന് പൂർണവളർച്ച പ്രാപിക്കുന്നതുമാണ് വളർച്ചാരീതി. പുഴുബാധയേറ്റ മാങ്ങ പൊഴിയും. പൊഴിഞ്ഞ മാങ്ങകൾ ശേഖരിച്ച് നശിപ്പിക്കുന്നതാണ് നിയന്ത്രണത്തിലെ ഏറ്റവും പ്രധാന ഭാഗം. 


ഫെറമോൺ കെണി (മീഥൈൽ യുജിനോൾ കെണി) മരത്തിന് ഒന്ന് എന്ന രീതിയിൽ മാവിന്റെശിഖരത്തിൽ തൂക്കിയിട്ട് ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാം. തുളസിയിലച്ചാറും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന തുളസിക്കെണി ഒരു മരത്തിന് നാല് എന്ന കണക്കിൽ ശിഖരങ്ങളിൽ തൂക്കിയിടുന്നതും കായീച്ചകളെ കുടുക്കും. മണ്ണിലെ സമാധിദശയെ തകർക്കേണ്ടത് മാമ്പഴ ഈച്ച നിയന്ത്രണത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. മാവിൻതടത്തിലെ മണ്ണ് ഇളക്കിയശേഷം ബിവേറിയ ബാസിയാന എന്ന മിത്രകുമിൾ 100 ഗ്രാം അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കണം. കരിയില വിരിച്ച് ഉടൻ പുതയിടാനും മറക്കരുത്.


മാവിന്റെ തടം വൃത്തിയായി സൂക്ഷിക്കുന്നതും തടിയിൽ കുമ്മായം പൂശുന്നതും ചില കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. മരത്തിലുണ്ടാകുന്ന മുറിവുകളിൽ കോൾടാറോ, ബോർഡോ മിശ്രിതമോ തേച്ചുപിടിപ്പിക്കുന്നതും നവംബർ, ഡിസംബറിൽ തോട്ടം പുകയ്ക്കുന്നതും പ്രധാനംതന്നെ.


തയ്യാറാക്കിയത്

 Anoop Veloor


pt>

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section