ഉത്തമാ.. അരുത്, കരിയിലകൾ കത്തിക്കരുത്...
ഋതു ഭേദങ്ങൾ പ്രകൃതിയിൽ, പ്രത്യേകിച്ച് വൃക്ഷങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ രസാവഹമാണ്.
വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം, ശിശിരം, വർഷം എന്നിങ്ങനെ നമുക്ക് കാലങ്ങൾ ആറെണ്ണം.
ശ്രീകുമാരൻ തമ്പി എഴുതിയ പോലെ 'വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും പെയ്തൊഴിയും വർഷ സംഘർഷണത്തിലും...'
ഒക്കെ അവയോട് സമരസപ്പെട്ടുവേണം ചെടികൾ നിൽക്കാൻ. നമുക്ക് പാർക്കാൻ രമ്യ ഹർമ്യങ്ങൾ ഉണ്ടല്ലോ...
*ഏപ്രിൽ -മെയ് മാസങ്ങളിലെ കൊടും ചൂടുമായി ഗ്രീഷ്മം,
*കാലവർഷപെയ്ത്തുമായി വർഷകാലം,
*പിന്നെ മഞ്ഞുകാലത്തിന്റെ മുന്നോടിയായി ഹേമന്തം (fall)
*ശേഷം,'കുളിരിൽ മുങ്ങുമാത്മരാഗ മൃദുവികാരങ്ങൾ' സമ്മാനിക്കുന്ന ശിശിര (മഞ്ഞു) കാലം,,
*പൂക്കളുടെ ചിരികൾ സമ്മാനിക്കുന്ന വസന്തകാലം,
ഈ ഭേദങ്ങൾ ചെടികളിലേൽപ്പിക്കുന്ന ഭേദ്യം ചില്ലറയല്ല. മനുഷ്യനീൽ ഋതുഭേദങ്ങൾ വാത -പിത്ത -കഫ ദോഷങ്ങൾ ഉണ്ടാക്കുന്നത് പോലെ ചെടികളിലും നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ എന്നിവ ഇവ ഉണ്ടാക്കുന്നു.
വേനൽക്കാലങ്ങളിൽ നീരൂറ്റികളായ പ്രാണികളുടെ ശല്യം, വർഷകാലത്തു മണ്ണിൽ നിറഞ്ഞു നിൽക്കുന്ന ഈർപ്പം മൂലം വേരുകൾക്ക് ശ്വസനതടസ്സം, ഹേമന്തത്തിൽ ഇല കൊഴിച്ചിൽ, വസന്താഗമനത്തോടെ പൂക്കൾ കൊഴിച്ചിൽ,
മഞ്ഞു കാലത്ത് ഇലകളിൽ മൃദുരോമപ്പൂപ്പ്.. എന്നിങ്ങനെ പോകുന്നു ആരോഗ്യ പ്രശ്നങ്ങൾ.
മരങ്ങളെ പൊതുവെ രണ്ടായി വർഗീകരിച്ചിരിക്കുന്നു. ഇലപൊഴിയും മരങ്ങൾ എന്നും (Deciduous) നിത്യഹരിത (Evergreen) മരങ്ങൾ എന്നും. ഇവയിൽ ഇലപൊഴിയും മരങ്ങളുടെ ഇലകൾ പൊതുവെ വീതി കൂടിയവയും നിത്യഹരിത മരങ്ങളുടെ ഇലകൾ സൂചി പോലെ ഉള്ളവയുമാണ്.
വർഷകാലം കഴിയുന്നതോടെ ജല സമൃദ്ധി കഴിഞ്ഞു എന്ന് ചെടികൾ മനസിലാക്കുന്നു. മാത്രമല്ല വറുതിയുടെ കാലം വിദൂരമല്ല എന്ന തിരിച്ചറിവ് മരങ്ങൾക്കുണ്ട്. ആ ദുരന്ത നിവാരണത്തിനായി അവർ വലിയ തോതിൽ തയ്യാറെടുക്കുന്നു.
പുഷ്കല കാലങ്ങളിൽ ഇലകൾ ചെടികൾക്ക് ഒരു ശക്തിയാണ്. എന്നാൽ പഞ്ഞകാലത്തു അത് ഒരു ബാധ്യതയുമാണ്. ആയിരക്കണക്കിനായ ഇലകളിലൂടെ സംഭവിക്കാൻ പോകുന്ന ഭീമമായ ജല നഷ്ടം മുൻകൂട്ടിക്കണ്ട് , ഈ ഇലകളെ ശരീരത്തോട് ചേർത്ത് നിർത്താൻ ചെലവഴിക്കേണ്ടി വരുന്ന ഊർജ നഷ്ടം മനസ്സിലാക്കി ,ഇത്രയും ഇലകളിൽ ശക്തമായി കാറ്റ് വന്ന് തട്ടുമ്പോൾ സംഭവിച്ചേക്കാവുന്ന ഒടിവുകൾ ഓർത്ത് , മഞ്ഞു കാലത്ത് ഈ ഇലകളിൽ എല്ലാം വന്ന് പറ്റി ഇരിക്കാവുന്ന മഞ്ഞുതുള്ളികളുടെ ഭാരം മൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ ഒക്കെ മുൻകൂട്ടി കണ്ട് ചെടി ഒരു വലിയ ദുരന്ത നിവാരണ തയ്യാറെടുപ്പ് തന്നെ നടത്തുന്നു.
അതിപ്രകാരമൊക്കെയാണ്.
1. ആയിരക്കണക്കിനായ ഇലകൾ വഴി വലിയ അളവിൽ വെള്ളം സ്വേദനം വഴി നഷ്ടപ്പെടും എന്നതിനാൽ ആ വഴിയുള്ള ജലനഷ്ടം കുറയ്ക്കുന്നതിനു ഇലകൾ കൊഴിയ്ക്കാൻ തയ്യാറെടുക്കുന്നു.
ശിഖരത്തിൽ നിന്നും ഇലത്തണ്ട് ചേരുന്ന ഭാഗത്ത് ഒരു തടസ്സം സ്വയം ഉണ്ടാക്കുന്നു. (Abscission layer ). അവിടെ ഉള്ള നാളികൾ (vessels )ചെടി സ്വയം ബ്ലോക്ക് ചെയ്യുന്നു. ഒപ്പം ശരീരത്തിൽ ആക്സിൻ (auxin)എന്ന വളർച്ച ഹോർമോണിന്റെ ഉൽപ്പാദനം കുറയ്ക്കുന്നു. അങ്ങനെ വളരെ ആസൂത്രിതമായ രീതിയിൽ ഇലകൾ കൊഴിയ്ക്കുന്നു.
2. ഇലകളിൽ ഉള്ള ഹരിതകം (chlorophyll )രാസമാറ്റം നടന്ന് മറ്റു വർണകങ്ങൾ ആയ ആന്തോസയാനിൻ ആക്കി മാറ്റി ഇലകളുടെ വാർദ്ധക്യം ത്വരിതപ്പെടുത്തുന്നു.
3. വറുതിക്കാലയളവിൽ സ്വയം അതിജീവനത്തിനായി ഇലകളിൽ നിന്നും വേരുകളിൽ നിന്നും പരമാവധി പോഷകങ്ങളെ വലിച്ചെടുത്തു തണ്ടുകളിൽ സംഭരിക്കുന്നു
4. കൊഴിച്ചുവീഴ്ത്തിയ ഇലകളെ തന്റെ വേര് പടലങ്ങളെ സംരക്ഷിക്കാനായി വിതറിയിടുന്നു. അതുവഴി മണ്ണിൽ നിന്നുമുള്ള ജല ബാഷ്പീകരണ നഷ്ടം കുറയ്ക്കാൻ ഒരുങ്ങുന്നു. വേരുകളുമായി സഹവസിക്കുന്ന മൈക്കോറയ്സായെയും PGPR (Plant Growth Promoting Rhizobacteria)കളെയും സംരക്ഷിക്കാൻ ഒരുങ്ങുന്നു. ഈ കരിയിലകൾ കാല ക്രമത്തിൽ അഴുകി മണ്ണിന്റെ ഹ്യൂമസ്, ജൈവ കാർബൺ (Soil Organic Carbon, SOC) എന്നിവ സമ്പുഷ്ടമാക്കുന്നു. അതായത് ഇല കൊഴിച്ചിൽ കാർബൺ സങ്കലനത്തിനു (Carbon Sequestration )കാരണമാകുന്നു.
അങ്ങനെ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ പരക്കാതെ തടയുന്നു.
എത്ര സർഗാത്മകമായ, ഉദാത്തമായ ഇടപെടൽ. ഇതൊന്നും അറിയാത്ത ഒരേ ഒരു ജീവി മനുഷ്യൻ മാത്രം...
ഇങ്ങനെ വീണു കിടക്കുന്ന കരിയിലകൾ കണ്ടാൽ നമ്മുടെ ഉത്തമന്മാർക്കും മോഹനവല്ലിമാർക്കും പിന്നെ ഇരിക്കപ്പൊറുതി ഇല്ല. ഉടൻ തന്നെ ഒരു ചൂലുമായി ഇറങ്ങി പ്രകൃതിയോടും ആ മരത്തോടും യുദ്ധത്തിനിറങ്ങുന്നു. കരിയിലകൾ എല്ലാം പെറുക്കി കത്തിച്ചു കാർബൺ മോണോക്സ്യി ഡ്, കാർബൺ ഡയോക്സയ്ഡ് എന്നിവയയുണ്ടാക്കി അന്തരീക്ഷ മലിനികരണത്തിനും കാലാവസ്ഥ വ്യതിയാനത്തിനും വെടിമരുന്നിടുന്നു. മാ നിഷാദ... മഹാ കഷ്ടം...
ആയതിനാൽ എന്റെ പ്രബുദ്ധ സഹോദരങ്ങളേ.. ചെടികൾ മണ്ടന്മാരല്ല. അവർ ഓരോ കാര്യം ചെയ്യുന്നതിനും ഓരോ കാരണങ്ങൾ ഉണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കുക. കരിയിലകൾ കത്തിക്കാതിരിക്കുക. അവ കമ്പോസ്റ്റ് ആക്കുകയോ അല്ലെങ്കിൽ കുംഭമാസത്തിൽ ചെയ്യാൻ പോകുന്ന കിഴങ്ങ് വർഗ വിളകൾക്കു പുതയിടാനായി കരുതി വയ്ക്കുകയോ അല്ലെങ്കിൽ തെങ്ങിൻ തടങ്ങളിൽ പുതയിടുകയോ ചെയ്യുക.
സ്വയം അപഹാസ്യരാകാതിരിക്കുക. പ്രകൃതി വിരുദ്ധരാകാതിരിക്കുക.
കേരളം, കാർബൺ തൂലിത കൃഷി (Carbon Neutral Agriculture, CNA) യിലേക്കിറങ്ങാൻ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഏത് പേരിട്ടു വിളിച്ചാലും വേണ്ടില്ല, ഹരിത ഗൃഹ വാതക ബഹിർഗമനം കുറയ്ക്കാതെ ഇനി ഈ തലമുറയ്ക്ക് തന്നെ നിവൃത്തിയില്ല. പിന്നെയല്ലേ അടുത്ത തലമുറയുടെ കാര്യം!!!
എന്റെ തന്നെ ഒരു കവിതാ ശകലം ഓർത്തുപോകുന്നു.
നിലമുഴുതിടാൻ കാലിയും നുകവുമായ്
കാലമൊട്ടിനി തിരികെയില്ലെങ്കിലും
നമ്മുടെ കുഞ്ഞു മക്കൾക്ക് പാർക്കുവാൻ
ഭൂമിയൊന്നിനി വേറെയുണ്ടാകുമോ?
പ്രമോദ് മാധവൻ (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ)