വയനാട്ടിലെ കുളവയലിനടുത്താണ് കർഷകനായ കിരണും കുടുംബവും വെറും ഒന്നരയേക്കർ സ്ഥലത്ത് മനോഹരമായ ഒരു ഫാം തയ്യാറാക്കിയിരിക്കുന്നത്. പുഷ്പങ്ങളും അലങ്കാരച്ചെടികളുമൊന്നും ഈ തോട്ടത്തിലില്ല. മറിച്ച് നൂറു കണക്കിന് വറൈറ്റികളിലുള്ള ഫലവൃക്ഷങ്ങളും ചെടികളുമാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. ജബോട്ടിക്കാബ, മാങ്കോസ്റ്റിൻ, വിയറ്റ്നാം ചെറി, സ്പാനിഷ് ചെറി, പ്ലം, ബ്ലാക്ക് ബെറി, വിവിധയിനം കുള്ളൻ വാഴകൾ, കുരുവില്ലാത്ത ചെറുനാരങ്ങ, റംബൂട്ടാൻ, റൊളീനിയ, ചാമ്പയ്ക്ക, ഓറഞ്ച് എന്നിവയെല്ലാം തോട്ടത്തിലുണ്ട്. പലതും നമ്മുടെ രാജ്യത്ത് തന്നെ ഉള്ളതല്ല. ലാറ്റിൻ അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും മലേഷ്യ, വിയറ്റ്നാം, തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി കിരൺ ഭൂമിയിലെ സസ്യലോകത്തിന്റെ ഒരു പരിച്ഛേദം തന്നെ തന്റെ തോട്ടത്തിൽ സൃഷ്ടിച്ചു വച്ചിരിക്കുകയാണ്. വയനാടിന്റെ സെമി ട്രോപ്പിക്കൽ കാലാവസ്ഥ ഇവക്കെല്ലാം അനുയോജ്യമാണെന്ന് കിരൺ സാക്ഷ്യപ്പെടുത്തുന്നു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ സംഷാദ് മരയ്ക്കാരാണ് തന്റെ ഡിവിഷനിലുള്ള ഇങ്ങനെയൊരു സ്വകാര്യ സംരംഭത്തേക്കുറിച്ച് സൂചിപ്പിച്ചത്. അപ്പോൾത്തന്നെ അവിടം സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങളവിടെയെത്തുമ്പോൾ കിരൺ തോട്ടത്തിൽ പണികളിലാണ്. ഭാര്യ സുവിജ രുചികരമായ പാഷൻ ഫ്രൂട്ട് ജ്യൂസിനൊപ്പം കാര്യങ്ങൾ പ്രാഥമികമായി പറഞ്ഞു തന്നു തുടങ്ങിയപ്പോഴേക്കും കിരണും എത്തിച്ചേർന്നു. കർഷക പാരമ്പര്യമുള്ള കിരൺ ചെറുപ്പം തൊട്ടേ കൃഷിയിൽ താത്പര്യമുള്ളയാളാണ്. സുവിജക്ക് സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദാനന്തര ബിരുദവും നെറ്റുമൊക്കെ ഉള്ളതെങ്കിലും ഇപ്പോൾ ചെടികളുടെ കാര്യത്തിൽ ആധികാരികമായ അറിവ് തന്നെ ആർജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്. തോട്ടത്തിലെ വിവിധ ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ നാമങ്ങളും പ്രത്യേകതകളുമൊക്കെ കൂടുതലായി വിവരിച്ചു തരുന്നതും സുവിജ തന്നെയാണ്. മക്കളായ ഋതുനന്ദയും ഋഷികേശും ഓരോ ചെടികളുടേയും തോഴരാണ്. ചെറിയ പ്രായത്തിൽത്തന്നെ അവരും എല്ലാറ്റിനേയും കുറിച്ച് കൃത്യമായി മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. ഫാം ടൂറിസം എന്ന നിലയിൽ വളർന്നിട്ടില്ലെങ്കിലും തോട്ടം കാണാനെത്തുന്നവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ഗൈഡുകളായി ഇവർ ഇപ്പോഴേ മാറിയിട്ടുണ്ട്.
വ്യാവസായികാടിസ്ഥാനത്തിൽ തന്നെയാണ് കിരൺ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. പഴങ്ങൾ മൊത്തത്തിൽ എടുക്കാൻ പല വൻകിടക്കാരും കിരണിന്റെ കസ്റ്റമേഴ്സായി കടന്നുവരുന്നുണ്ട്. എന്നാലും ലാഭേച്ഛക്കപ്പുറം കുട്ടിക്കാലം തൊട്ടേയുള്ള കൃഷിയോടുള്ള പാഷനാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. ഉള്ള ഭൂമി പരമാവധി ഉപയോഗിച്ചു കഴിഞ്ഞതിനാൽ ഫാമിന്റെ വിപുലീകരണം നടത്താൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം.
വയനാട് പോലൊരു ജില്ലയിൽ ജില്ലാ പഞ്ചായത്തിന് സ്വന്തമായി ഒരു തോട്ടം പോലും ഇല്ല എന്നത് സംഷാദ് മരക്കാർ പറഞ്ഞപ്പോൾ അത് വിസ്മയകരമായി തോന്നി. പാട്ടക്കരാർ കാലാവധി കഴിഞ്ഞതും മറ്റുമായ തോട്ടങ്ങൾ സർക്കാർ ജില്ലാ പഞ്ചായത്തിന് കൈമാറിയാൽ അതുപയോഗിച്ച് ഇതുപോലെ നല്ല കർഷകരുടെ കൂട്ടായ്മകൾക്ക് കൃഷി ചെയ്യാനുള്ള സൗകര്യം ഒരുക്കാവുന്നതേയുള്ളൂ. സർക്കാർ തലത്തിൽ അത്തരമൊരു തീരുമാനമെടുത്താൽ വയനാട്ടിൽ ഒരു കാർഷിക വിപ്ലവം തന്നെ സൃഷ്ടിക്കാനാവും. കൃഷിയിലൂടെയും ഫാം ടൂറിസത്തിലൂടെയും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയും.
പരിമിതമായ സാഹചര്യങ്ങളിലും എങ്ങനെ വിജയകരമായ ഒരു സംരംഭം മുന്നോട്ടു കൊണ്ടുപോകാമെന്നതിന്റെ നല്ല ഉദാഹരണമാണ് ഈ കർഷക കുടുംബത്തിന്റെ പ്രവർത്തനം. 'കീഫാമി'ന് എല്ലാ വിധ വിജയാശംസകളും നേരുന്നു. ഫോൺ നമ്പർ: 9847321500
![]() |
തയ്യാറാക്കിയത് VT Balram |