സവാള - അടുക്കള തോട്ടത്തിൽ വളർത്തിയെടുക്കാം
നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ നാലു മാസത്തോളമാണ്. നടുമ്പോള്‍ തണുപ്പും വിളവെടുക്കാറാകുമ്പോള്‍ ചൂടുമാണ് ഇവയ്ക്കു ആവശ്യം. സവാളയുടെ വിത്ത് പാകി പറിച്ചു നടുന്നതാണ് അഭികാമ്യം. ഉത്തരേന്ത്യയില്‍ കൃഷി ചെയ്യുന്ന 'അഗ്രിഫൗണ്ട് ഡാർക്ക് റെഡ്' എന്ന ഇനമാണ് നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം. വിത്തുകള്‍ മിക്ക കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും ലഭിക്കും. വിത്ത് പാകി 10 സെന്റീ മീറ്റർ ഉയരമാകുമ്പോഴേക്കും തൈകൾ പറിച്ചു നടാൻ പാകമാകും. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം സവാളത്തൈകള്‍ നടാന്‍. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയ അടിവളമായി നൽകണം. ഒരടി അകലത്തിൽ വരമ്പെടുത്ത് 10 സെന്റീമീറ്റർ അകലത്തിൽ ചെടികൾ നടാം. ഗ്രോ ബാഗുകളില്‍ ടെറസിലോ അടുക്കള മുറ്റത്തോ ഇത് നടാവുന്നതാണ്. ബാഗില്‍ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. നല്ല നീർവാർച്ചയുള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം. അല്ലെങ്കില്‍ അഴുകല്‍ ഉണ്ടാവും. നല്ല ഇളക്കമുള്ള മണ്ണാണ് കൂടുതല്‍ അനുയോജ്യം. അതിനാൽ ഇളക്കം കുറവുള്ള മണ്ണിൽ ചകിരിച്ചോറും പൂഴി മണലും ചേർത്ത് നല്ല ഇളക്കമുള്ളതാക്കണം എങ്കിൽ മാത്രമേ വിളവ് കിട്ടൂ. സാധാരണ ഗ്രോ ബാഗില്‍ നാലു തൈകള്‍ വരെ ആവാം.
നടീൽ രീതി
വളരെ നേരിയ വേരുപടലമായതിനാൽ വിത്ത് അതാതിടങ്ങളിൽ പാകിയിട്ട് നല്ല ആരോഗ്യമുള്ള ഓരോ തൈ മാത്രം നിലനിർത്തി കൂടുതലുള്ളവ പിഴുതു കളയുകയാണ് നല്ലത് എന്ന് അനുഭവസ്ഥരായ കർഷകർ അഭിപ്രായപ്പെടുന്നു.
നനക്കേണ്ട രീതി
നനയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. ഉള്ളിയാകുന്ന സമയത്ത് നനവ് അത്യാവശ്യമാണ്. നനകുറഞ്ഞാൽ വിളവിനെ ബാധിക്കും. കൂടിയാൽ അഴുക്കൽ രോഗത്തിനുള്ള സാധ്യത കൂടുകയും ചെയ്യും. വിളവെടുപ്പിന് മുമ്പായി നന കുറയ്ക്കാവുന്നതാണ്.
വളം നൽകേണ്ട രീതി
മണ്ണിരക്കമ്പോസ്റ്റോ പുളിപ്പിച്ച പിണ്ണാക്കോ കാലിവളമോ മറ്റേതെങ്കിലും ജൈവവളമോ സമൃദ്ധമായി നൽകാം. ആഴ്ചയിൽ രണ്ടു തവണ പുളിപ്പിച്ച് നേർപ്പിച്ച പിണ്ണാക്ക് ലായനി ഒഴിച്ചു കൊടുക്കാം. മഗ്നീഷ്യം, ബോറോണ്‍, സൾഫര്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ സൂക്ഷ്മവളക്കൂട്ടുകള്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. അഴുകലാണ് പ്രധാന രോഗം. അതിനാല്‍ത്തന്നെ വെള്ളം നനയ്ക്കുന്നത് ശ്രദ്ധിച്ചു ചെയ്യുക. ഇലകരിച്ചില്‍, കട അഴുകല്‍ എന്നിവയൊഴികെ കാര്യമായ കേടുകളൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്യൂഡോ മോണാസ് 10 ദിവസം ഇടവിട്ട് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ തളിച്ച് കൊടുത്താൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താം.
വിളവെടുക്കേണ്ട രീതി
തൈകൾ നട്ട് മൂന്നര നാലു മാസം പ്രായം ആകുമ്പോൾ വിളവെടുക്കാം. ഇലകൾ വാടി കരിയുമ്പോൾ പറിച്ചെടുത്ത് തണലിൽ ഉണക്കുക.അതിനുശേഷം തണ്ട് മുറിച്ചുമാറ്റി ഉണക്കിഉപയോഗിക്കാം. ഒരു സെന്റിൽനിന്ന് ഏകദേശം 25-30 കിലോഗ്രാം വിളവ് പ്രതീക്ഷിക്കാം.