പ്രമേഹികൾക്ക് മധുരം കഴിയ്ക്കണോ? വീട്ടിൽ മിറാക്കിൾ പഴം വളർത്തുക

miracle fruit benefits malayalam


 രു ദിവസം പ്രിയ സുഹൃത്ത്  കൃഷി ഫീൽഡ്  ഓഫീസർ ആയി വിരമിച്ച ശ്രീ. അനിൽകുമാറിന്റെ (അമ്പിളി ) വീട്ടിൽ പോയപ്പോഴാണ് ആദ്യമായി മിറക്കിൾ പഴം കഴിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അരവിന്ദ് നഴ്സറി എന്ന ഒരു  സ്ഥാപനം നടത്തുന്നുണ്ട്. എല്ലാ തരത്തിൽ ഉള്ള നടീൽ വസ്തുക്കളും പ്രത്യേകിച്ച് കൊട്ടൂർകോണം മാവ്, കർപ്പൂര മാവ്, N8 നെല്ലിക്ക എന്നിവയുടെ മികച്ച തൈകൾ കിട്ടുന്ന ഒരിടം കൂടിയാണ് അവിടം. 

വീട്ടുമുറ്റത്തു മുഴുത്ത നെല്ലിക്കകൾ നിറയെ പിടിച്ച് കിടക്കുന്ന ഒരു N8 ഇനം നെല്ലിമരമുണ്ട്. ആ വഴിക്കു പോകുന്ന ആരും ഒന്ന് നോക്കി നിന്ന് പോകും. ഞാൻ മടങ്ങാൻ നേരം ഒരു സഞ്ചി നിറയെ മുട്ടൻ നെല്ലിക്കയും പറിച്ചു തന്നു. അപ്പോഴാണ് ഒരു അദ്‌ഭുതം കാട്ടിത്തരാമെന്നു പറഞ്ഞു ചട്ടിയിൽ വളർന്നു നിന്ന മിറക്കിൾ പഴച്ചെടിയിൽ നിന്നും പഴുത്ത ഒരു കായ പറിച്ചു തന്നിട്ട് അതിന്റെ നീര് വായിൽ മുഴുവൻ (നാക്കിലും മേലണ്ണാക്കിലും) പുരട്ടി മൂന്ന് മിനിറ്റ് കഴിഞ്ഞ് അവിടെ നിന്ന ചൈനീസ് ഓറഞ്ച് ചെടിയുടെ കൊടും പുളിയുള്ള ഒരു കായ പറിച്ചു തിന്നാൻ പറഞ്ഞു. എന്തദ്‌ഭുതം !!!!

ആ പുളി നാരങ്ങയും പിന്നാലെ രണ്ട് മുട്ടൻ നെല്ലിയ്ക്കയും നല്ല വിളഞ്ഞ മൂവാണ്ടൻ മാങ്ങ തിന്നുന്നത് പോലെ ഞാൻ തിന്ന് തീർത്തു. അപ്പോഴാണ് ഇതിനെ കുറിച്ച്  കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. കുറച്ച് പഴങ്ങൾ വാങ്ങി വീട്ടിൽ വന്ന് എല്ലാവരെയും അദ്‌ഭുത പരതന്ത്രരാക്കി. 

ചരിത്രം

പടിഞ്ഞാറൻ ആഫ്രിക്കകാരനായ Syndespalum dulciferum എന്ന മിറക്കിൾ ബെറി യുടെ ചരിത്രം രസകരമാണ്. പ്രമേഹ രോഗികൾക്കും കീമോ തെറാപ്പി കഴിഞ്ഞ് രുചി മുകുളങ്ങളുടെ സംവേദന ക്ഷമത കുറഞ്ഞവർക്കും ഒക്കെ മധുരത്തെ ഭയക്കാതെ മധുരം കഴിക്കാൻ ഇവനെ ഒരെണ്ണം വായ്‌ക്കകത്താക്കി അല്പനേരം കഴിഞ്ഞ് പുളിയുള്ള എന്തെങ്കിലും കഴിച്ചാൽ മതി. മധുരം ചേർക്കാതെ നാരങ്ങ വെള്ളമോ സോഡയോ ചെറു നാരങ്ങാ തന്നെയോ കഴിക്കുക. നിങ്ങൾ ശരിക്കും അദ്‌ഭുതപ്പെടും. ഇതൊരെണ്ണം കൊടുത്ത് കുട്ടികളെക്കൊണ്ട് നെല്ലിയ്ക്ക രണ്ടെണ്ണം കഴിപ്പിക്കുകയും ചെയ്യാം. മധുരമുള്ള ഓറഞ്ച് കൂടുതൽ മധുരതരമായി അനുഭവപ്പെടും. ഒരു പത്തു പതിനഞ്ച് മിനിറ്റ് നേരം ഈ പ്രതിഭാസം നില നിൽക്കും. 

ഇതിന്റെ പഴത്തിൽ ഉള്ള മിറക്കുലിൻ എന്ന പ്രൊട്ടീൻ ആണ് ഈ അത്ഭുതത്തിന് കാരണം.  നാവിലെ പുളിരസം അറിയുന്ന കോശങ്ങളെ അവ മറയ്ക്കുന്നു. പകരം മധുരം അനുഭവവേദ്യമാക്കുന്നു. ഒരു മായാജാലം. 

വിദേശങ്ങളിൽ ചില റെസ്റ്ററന്റ് കളിൽ ഈ പഴം കഴിക്കാൻ കൊടുത്തതിനു ശേഷം മധുരമില്ലാത്ത ഐസ് ക്രീം, പുഡിങ്, ലെമൺ ഡ്രിങ്ക് എന്നിവ കൊടുക്കും (Flavour tripping ). അപ്പോൾ അവ കലോറി കുറഞ്ഞ ഭക്ഷണമായി. എന്നാൽ നല്ല മധുരം തോന്നുകയും ചെയ്യും. ഡയറ്റിങ് ചെയ്യുന്നവർക്കും ഇത്  നന്ന്.

1725ൽ ഫ്രഞ്ച് കാരനായ റെയ്നാഡ് ദേ മാർചങ്, പടിഞ്ഞാറൻ ആഫ്രിക്കൻ വർഗക്കാർ  പലരും മധുരം കുറഞ്ഞ അല്പം പഴകിയ ബ്രെഡ് ഈ പഴത്തിന്റെ സഹായത്തോടെ രുചിയോടെ കഴിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. 

1960 ൽ റോബർട്ട്‌ ഹാർഡി എന്ന സംരംഭകൻ ഈ പഴത്തെ പഞ്ചസാരയുടെ പകരക്കാരൻ ആയി ചില ഭക്ഷ്യോൽപ്പന്നങ്ങളിൽ സന്നിവേശിപ്പിച്ചു ഒരു വിപ്ലവത്തിനൊരുങ്ങി. സംഗതി ക്ലെച് പിടിക്കുമെന്നായപ്പോൾ കരുത്തരായ അമേരിക്കൻ പഞ്ചസാര ലോബി FDA യുടെ സഹായത്തോടെ ഹാർഡിയുടെ മിറാലിൻ കമ്പനിയെ  തേച്ചൊട്ടിച്ചു. അത് ഒരു സേഫ് അല്ലാത്ത food additive ആണെന്ന് റിപ്പോർട്ട്‌ ഉണ്ടാക്കി ഷുഗർ ലോബിയെ കാത്തു. ഇന്നും miraculin ചേർത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ വിൽക്കാൻ FDA തയ്യാറായിട്ടില്ല. അമേരിക്കയ്ക്ക് പുറത്ത് ആകാം എന്നാണ് അവരുടെ  നിലപാട്. പഞ്ചസാര ലോബിയുടെ തിണ്ണ മിടുക്ക്. 

 എന്തായാലും 'അർമാദപ്പഴം' തിരിച്ചു വരികയാണ്.  കലോറി കുറഞ്ഞ മധുരം ജനിപ്പിക്കാൻ  ഉള്ള കഴിവിനെ പ്രയോജന പ്പെടുത്തി ഡയറ്റ് ഉൽപ്പന്നങ്ങൾ ഇറക്കാൻ ആണ് ചില സംരംഭകരുടെ ശ്രമം. 

വീടുകളിൽ ചട്ടികളിൽ വളർത്താൻ ഇത് വളരെ അനുയോജ്യം. വിത്ത് വഴി തൈകൾ ഉണ്ടാക്കാം. നാല് കൊല്ലം പ്രായമുള്ള ഒരു ചെടിയിൽ നിന്നും 800പഴങ്ങൾ വരെ ലഭിക്കും. ഇതിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന Miraculin ഗുളികകളും വിദേശ വിപണിയിൽ  ലഭ്യമാണ്. പഴത്തിന്റെ നീര് വായിലും നാവിലും മേലണ്ണാക്കിലും പുരട്ടി 2-3 മിനിറ്റ് കാത്തതിന് ശേഷം മാത്രം പുളിയുള്ള പഴങ്ങൾ കഴിക്കുക. അദ്‌ഭുതത്തിന് കാക്കുക. 




കൂടുതൽ വിവരങ്ങൾക്കും തൈകൾക്കും ബന്ധപ്പെടുക. 

അനിൽ കുമാർ. Retd അഗ്രി ഫീൽഡ് ഓഫീസർ, അരവിന്ദ് നഴ്സറി, MLA Jn, നെടുങ്ങോലം. 94470 81222.


എന്നാൽ അങ്ങട്... 


തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)




മിറാക്കിൾ ഫ്രൂട്ട് കായ്ക്കാത്തവർക്കുവേണ്ടി കൂടുതൽ കായ് പിടിക്കാൻ ഇങ്ങനെ ചെയ്യു വീഡിയോ പൂർണ്ണമായി കാണുക


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section