ലോകത്തിലെ ഏറ്റവും വലിയ വിത്ത് ആയ കൊക്കോ ഡെമെർ | ഇന്ത്യയില്‍ ഒന്നുമാത്രം

 വിശുദ്ധവിത്ത്. (കൊക്കോ ഡി മെർ)

 പണ്ട് കടൽ സഞ്ചാരികളെ ആകർഷിച്ചൊരു വിത്തുണ്ടായിരുന്നു, തെങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യത്തെ ഇരട്ടത്തെങ്ങെന്നും വിളിക്കുന്നു. ഇംഗ്ലീഷിൽ ഇതിനു പറയുന്ന പേര് കൊക്കോ ഡി മെർ എന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരിൽ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലിൽ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും വിറ്റഴിച്ചു.

ഈ കായയാണ് പിന്നീട് യൂറോപ്യൻ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നൽകുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയിൽ പ്രസിദ്ധമായത്. പലരും തങ്ങളുടെ വീടുകളിൽ ഈ കായ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്നു വിശ്വസിച്ചിരുന്നു. ലൊഡൊ ഐസീയേമാൾഡിവിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഇതിനെ കടൽത്തെങ്ങ് എന്നും വിളിക്കുന്നു.


ഇന്ത്യയിൽ ഒന്നുമാത്രം

അപൂർവ സസ്യങ്ങളിൽ ഒന്നാണ് കൊക്കോ ഡി മെർ. ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെഷൽസ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവുമുള്ളത്. ലോകത്താകമാനം ഏകദേശം 4000 വൃക്ഷങ്ങൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. സീഷെൽസ്, ശ്രീലങ്ക, മാലി ദ്വീപ്, തായ്ലാൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്.

ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ്. മുമ്പ് ലോകം കരുതിയിരുന്നത് കടലിനടിയിൽ വളരുന്ന ഏതോ ദിവ്യവൃക്ഷത്തിന്റെ കായ്കളാണ് ഇരട്ടത്തേങ്ങയെന്നാണ്. എന്നാൽ, 1768-ൽ സീഷെൽസിലെ പ്രാസ്ലിൻ ദ്വീപിൽ കൊക്കോ ഡി മെർ വൃക്ഷം കണ്ടെത്തിയതോടെ ഇതിന്റെ പേരിൽ നിലനിന്നിരുന്ന പല കെട്ടുകഥകളും ഇല്ലാതായി.


ആണും പെണ്ണും വെവ്വേറെ

കായ്ക്കാനും മൂക്കാനും മുളയ്ക്കാനും വർഷങ്ങൾ എടുക്കുന്ന ഇരട്ടത്തെങ്ങിന്റെ ആണു പെണ്ണും മരങ്ങൾ വെവ്വേറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിത്ത് മുളയ്ക്കാൻ രണ്ടു വർഷവും പെൺമരങ്ങൾ കായ്ക്കാൻ ഏകദേശം 50 വർഷത്തിലധികവും തേങ്ങ മൂക്കാൻ 6-7 വർഷവും വേണം.
ഇരട്ടത്തെങ്ങിന്റെ തേങ്ങയ്ക്ക് 15-30 കിലോഗ്രാം ഭാരമുണ്ടാകും. സസ്യലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലങ്ങളിലൊന്നാണ് ഇരട്ടത്തേങ്ങ. രണ്ടുതേങ്ങകൾ ഒട്ടിച്ചുവെച്ചതു പോലെയാണ് രൂപം. വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സീഷെൽസ് ദ്വീപിൽ പ്രത്യേകം സംരക്ഷിക്കുകയാണ്.

പണ്ടുകാലത്ത് ഇരട്ടത്തെങ്ങുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ സിഷെൽസിലെ പ്രസ്ലിൻ, ക്യൂരിയോസ് ദ്വീപുകളിൽ മാത്രമാണ് വളർന്നിരുന്നത്. ആൾതാമസമില്ലാത്ത ഈ ദ്വീപുകളിലെ മരങ്ങളിൽനിന്നു കായകൾ കടലിലേക്കു വീണിരുന്നു. വിത്തിന്റെ ഭാരം കാരണം ഇവ കടലിന്റെ അടിത്തട്ടിലേക്കുപോകും. അവിടെക്കിടന്ന് ചകിരി അഴുകി വിത്ത് പുറത്തുവരും. പിന്നീട് മുകൾത്തട്ടിൽ പൊങ്ങുന്ന വിത്തുകൾ ആർക്കെങ്കിലും ലഭിച്ചാൽ മാലദ്വീപിലെ സുൽത്താന് നൽകണമെന്നായിരുന്നു അന്നത്തെ നിയമം. ആരെങ്കിലും അനധികൃതമായി അത് കൈവശംവെച്ചാൽ അവർക്ക് വധശിക്ഷയാണ് നൽകിയിരുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ വളരുന്ന അദ്ഭുതശക്തിയുള്ള വിത്തായാണ് കൊകോ ഡിമെറിനെ കണക്കാക്കിയിരുന്നത്. അതിന്റെ ആകൃതിയിലുള്ള സവിശേഷത, അത് ലഭിക്കാനുള്ള പ്രയാസം എന്നിവ കൊണ്ട് വിത്തുകൾക്ക് വലിയ വിലയായിരുന്നു. റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ 4000 സ്വർണനാണയങ്ങൾ കൊടുത്ത് ഇരട്ടത്തെങ്ങിന്റെ വിത്ത് സ്വന്തമാക്കിയ സംഭവം ചരിത്ര രേഖകളിൽ പരാമർശിക്കുന്നുണ്ട്. യൂറോപ്പിൽ എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിമരുന്നാണ് വിത്തെന്നു കരുതപ്പെട്ടിരുന്നു. പോർച്ചുഗീസ് കവിയായിരുന്ന ലൂയിസ് കമീസ് വിത്തിനെപ്പറ്റി ഒരു കവിതതന്നെ എഴുതിയിട്ടുണ്ട്. പല നോവലുകളിലും ഇതിനെപ്പറ്റി പരാമർശമുണ്ട്.


ഇന്ത്യയിലെത്തിയത്

ഇത് ഇന്ത്യയിലെത്തിയതിനും ഒരു കഥയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ക്യാപ്റ്റൻ ഡഷ്മിൻ എന്ന നാവികൻ സെഷൽസിൽ നിന്ന് ഇരട്ടത്തേങ്ങ മുംബയിൽ കൊണ്ടു വന്നതായി പറയുന്നു. ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ്. സീഷെൽസിൽനിന്നും 1894-ൽ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്.

1998-ലാണ് ആദ്യമായി ഈ വൃക്ഷം പൂവിട്ടത്. ഏകദേശം രണ്ടു വർഷം വരെ സജീവമായി നിന്ന പൂങ്കുല ആൺമരത്തിന്റെ അഭാവത്തിൽ പരാഗണം നടക്കാതെ ഉണങ്ങിപ്പോയി. തുടർന്ന് 2006 മുതൽ പതിവായി പൂവിട്ട ഈ വൃക്ഷത്തിന് പുറത്തുനിന്നു കൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് കൃത്രിമ പരാഗണം നടത്തി. എന്നാൽ 2013-ൽ തായ്ലാൻഡിൽനിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് മൊത്തം രണ്ട് ഇരട്ടത്തേങ്ങകൾ ഉണ്ടായത്.

 ലോകത്തിലെ ഏറ്റവും വലിയ വിത്ത് ആയ കൊക്കോ ഡെമെർ നെ കുറിച്ച് അറിയാൻ  വീഡിയോ കാണു..




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section